ആപ്പിളിന്റെ കരാര്‍ നിര്‍മാതാക്കളായ ഫോക്സ്കോണ്‍ ചെന്നൈയിലെ കനത്ത വെള്ളപ്പൊക്കത്തിനെ തുടര്‍ന്ന് ഐ-ഫോണ്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. ‘മൈചോങ്’ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയെത്തുടര്‍ന്ന് ചെന്നൈയ്ക്ക് സമീപമുള്ള തങ്ങളുടെ പ്ലാന്റിലെ ഉത്പാദനം നിര്‍ത്തിവെച്ചെന്ന് കമ്പനി അറിയിച്ചു.
ഉല്‍പ്പാദനം എപ്പോള്‍ പുനരാരംഭിക്കാനാവുമെന്ന് വ്യക്തമായിട്ടില്ല. ഓഗസ്റ്റ് മാസം മുതല്‍ ശ്രീപെരുമ്പത്തൂരിലെ പ്ലാന്റില്‍ ഫോക്സ്കോണ്‍ ഐഫോണുകള്‍ നിര്‍മ്മിക്കുന്നുണ്ട്.
‘മൈചോങ്’ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ ചെന്നൈയിലും സമീപ ജില്ലകളിലും ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. ചെന്നൈ, പുതുച്ചേരി എന്നിവിടങ്ങളില്‍ വീശിയടിച്ച ‘മൈചോങ്’ ചുഴലിക്കാറ്റും പേമാരിയും മൂലം തെരുവുകള്‍ വെള്ളത്തിലായി. എയര്‍പോര്‍ട്ട് റണ്‍വേകളും റെയില്‍വേ ട്രാക്കുകളും മുങ്ങിയിരിക്കുകയാണ്.
ചൊവ്വാഴ്ച് ദുരിതബാധിത പ്രദേശങ്ങളില്‍ തങ്ങളുടെ ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സ്വകാര്യ കമ്പനികളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.