ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ പരിവര്‍ത്തനത്തില്‍ നിര്‍ണ്ണായക പങ്കു വഹിച്ച റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ എസ് വെങ്കിട്ടരമണന് വിടവാങ്ങിയ. 92 വയസ്സായിരുന്നു അദ്ദേഹത്തിന്.
റിസര്‍വ് ബാങ്കിന്റെ പതിനെട്ടാമത് ഗവര്‍ണ്ണറായി 1990 മുതല്‍ 1992 വരെയാണ് അദ്ദേഹം സേവനമനുഷ്ഠിച്ചത്. 1985 മുതല്‍ 1989 വരെ ധനകാര്യ മന്ത്രാലയത്തില്‍ ധനകാര്യ സെക്രട്ടറിയായിരുന്നു. സര്‍ക്കാര്‍ തലപ്പത്തും ബാങ്കറെന്ന നിലയിലും വെല്ലുവിളി നിറഞ്ഞ മൂന്നരപ്പതിറ്റാണ്ട് കാലം വെങ്കിട്ടരമണന്റെ നേതൃപാടവം വിളിച്ചോതുന്നതാണ്.
1990-92 കാലഘട്ടത്തില്‍ രാജ്യം ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ട സമയത്ത് റിസര്‍വ് ബാങ്കിനെ നയിച്ച വെങ്കിട്ടരമണന് നരസിംഹറാവു-മന്മോഹന് സിംഗ് സര്‍ക്കാര്‍ കൊണ്ടുവന്ന ഉദാരവല്‍ക്കരണം ഉള്‍പ്പെടെയുള്ള നയം മാറ്റങ്ങളോട് തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു.
1985 ല്‍ ആരംഭിച്ച സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ഘട്ടത്തിലായിരുന്നു ആര്‍ബിഐ തലപ്പത്തേക്ക് എസ് വെങ്കട്ടരമണന്റെ കടന്നുവരവ്. ലോക ബാങ്കും ഐഎംഎഫും ഇന്ത്യക്ക് വായ്പകള്‍ നല്‍കുന്നത് തടഞ്ഞുവെച്ചു. 1991 ല്‍ കരുതല്‍ സ്വര്‍ണശേഖരം ലണ്ടനില്‍ പണയം വെച്ച് ചെലവുകള്‍ക്ക് പണം കണ്ടെത്തേണ്ടി വന്നു സര്‍ക്കാരിന്.
ഇതോടെ വിനിമയ നിരക്ക് പ്രതിസന്ധി ഉടലെടുത്തു. വെങ്കിട്ടരമണന്റെ നേതൃത്വത്തിലാണ് സെന്‍ട്രല്‍ ബാങ്ക് രൂപയുടെ മൂല്യം താഴേക്ക് കൊണ്ടു വന്ന് ഈ പ്രതിസന്ധി പരിഹരിച്ചത്. കയറ്റുമതി മെച്ചപ്പെടുത്താന്‍ ഇതിലൂടെ സാധിച്ചു. ലിബറലൈസ്ഡ് എക്സ്ചേഞ്ച് റേറ്റ് മാനേജ്മെന്റ് സിസ്റ്റംസ് എന്നറിയപ്പെടുന്ന വിനിമയ നിരക്ക് സംവിധാനത്തിന്റെ ഉദാരവത്കരണം ഉള്‍പ്പെടെയുള്ള പരിഷ്കരണങ്ങള്‍ നടപ്പാക്കി.
അദ്ദേഹം ആര്‍ബിഐ ഗവര്‍ണര്‍ സ്ഥാനത്തിരിക്കുന്ന സമയത്താണ്, 1992 ല്‍, ഹര്‍ഷദ് മെഹ്ത ഉള്‍പ്പെട്ട ഓഹരി കുംഭകോണം നടന്നത്. ഈ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിന് മികച്ച നേതൃത്വം നല്‍കിയത് വെങ്കിട്ടരമണനായിരുന്നു.