ഇന്ത്യന്‍ ഇ-കൊമേഴ്സ് രംഗത്ത് ഒരു യുഗാന്ത്യത്തിന് തിരികൊളുത്തി കമ്പനി സഹസ്ഥാപകനായ ബിന്നി ബന്‍സാല്‍ പടിയിറങ്ങുന്നു. ഫ്ളിപ്പ്കാര്‍ട്ടിന്റെ ആദ്യകാല നിക്ഷേപകരായ ആക്സലും യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടൈഗര്‍ ഗ്ലോബല്‍ മാനേജ്മെന്റും ഫ്ളിപ്പ്കാര്‍ട്ടിലെ തങ്ങളുടെ നിക്ഷേപം അവസാനിപ്പിക്കുകയാണ്. തങ്ങളുടെ കൈവശം അവശേഷിച്ചിരുന്ന ഓഹരികള്‍ ഇവര്‍ പൂര്‍ണമായും വാള്‍മാര്‍ട്ടിന് കൈമാറി. ഇതോടെ ഫ്ളിപ്പ്കാര്‍ട്ടിന്റെ 80% ഓഹരികള്‍ യുഎസ് റീട്ടെയ്ല്‍ ചെയിന്‍ ഭീമനായ വാള്‍മാര്‍ട്ടിന് സ്വന്തമായി.
2007 ലാണ് ഓണ്‍ലൈനായി പുസ്തകങ്ങളുടെ വില്‍പ്പന നടത്തിക്കൊണ്ട് ഫ്ളിപ്പ്കാര്‍ട്ട് നിലവില്‍ വന്നത്. ബെംഗളൂരുവിലെ ഒരു അപാര്‍ട്ട്മെന്റില്‍ വളരെ ലളിതമായ തുടക്കം. സച്ചിന് ബന്‍സാലും ബിന്നി ബന്സാലുമായിരുന്നു സ്ഥാപകര്‍. പിന്നീട് ഇ-കൊമേഴ്സ് രംഗത്തെ ശക്തമായ സാന്നിധ്യമായി കമ്പനി വളര്‍ന്നു.
2018 ല്‍ സച്ചിന് ബന്‍സാല്‍ തന്റെ മുഴുവന്‍ ഓഹരിയും വാള്‍മാര്‍ട്ടിന് കൈമാറി കമ്പനിയില്‍ നിന്ന് ഒഴിഞ്ഞിരുന്നു. അപ്പോഴും ബിന്നി ബന്‍സാല്‍ ചെറിയ ഓഹരികള്‍ നിലനിര്‍ത്തിക്കൊണ്ട് കമ്പനിയില്‍ തുടര്‍ന്നു. ശേഷിക്കുന്ന ഓഹരികള്‍ കൈമാറിയാണ് ഇപ്പോള്‍ ബിന്നിയുടെ പടിയിറക്കം.
പേമെന്റ് പ്ലാറ്റ്ഫോമായ ഫോണ്‍പേയുടെ പ്രധാന നിക്ഷേപകരിലൊരാളാണ് ബിന്നി ബന്‍സാല്‍. വരുംകാലം ഫോണ്‍പേയില്‍ കൂടുതല്‍ നിക്ഷേപം നടത്താനാണ് കമ്പനിയുടെ ഡയറക്ടര്‍മാരില്‍ ഒരാളായ അദ്ദേഹത്തിന്റെ തീരുമാനമെന്ന് അറിയുന്നു. ഫ്ളിപ്കാര്‍ട്ട് ഓഹരികള്‍ വിറ്റ് ലഭിച്ച പണം കൊണ്ട് സച്ചിന് ബന്‍സാല്‍ നിരവധി കമ്പനികളില്‍ നിക്ഷേപം നടത്തിയിരുന്നു. നാവി എന്ന ഫിന്‍ടെക് ആപ്പും അദ്ദേഹം ആരംഭിച്ചു. ഫ്ളിപ്പ്കാര്‍ട്ട് പൂര്‍ണമായും വാള്‍മാര്‍ട്ടിന്റെ കൈകളിലേക്കെത്തുമ്പോള്‍ വരുന്ന മാറ്റങ്ങള്‍ക്ക് കാത്തിരിക്കാം.