കൊച്ചിക്ക് ശുഭവാര്‍ത്ത. കൊച്ചി വാട്ടര്‍ മെട്രോയുടെ ഇടക്കൊച്ചി ടെര്‍മിനലിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുന്നു. വാട്ടര്‍ മെട്രോ സേവനങ്ങള്‍ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള പ്രധാന കേന്ദ്രമായി പ്രവര്‍ത്തിക്കുക ഇടക്കൊച്ചി ടെര്‍മിനലാണ്. ഹൈക്കോടതി ടെര്‍മിനലിന് സമാനമായി ഇലക്ട്രിക് ചാര്‍ജിംഗ് സൗകര്യങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഇവിടെ സജ്ജീകരിക്കുന്നതാണ്.
നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെങ്കിലും ഫണ്ടിന്റെ ലഭ്യതയെ ആശ്രയിച്ചിരിക്കും പദ്ധതിയുടെ വേഗത. എന്നിരുന്നാലും നിര്‍മാണം വേഗത്തില്‍ പുരോഗമിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഫ്ലോട്ടിംഗ് പോണ്ടൂണുകള്‍ ഉപയോഗിച്ചാണ് ബോട്ട് ജെട്ടി നിര്‍മ്മിക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ തേവര, നെട്ടൂര്‍, കുമ്പളം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് സര്‍വീസുകള്‍ ആരംഭിക്കാന്‍ അധികൃതര്‍ ഉദ്ദേശിക്കുന്നുണ്ട്. ഇടക്കൊച്ചി ഗവണ്മെന്റ് ഹൈസ്കൂളിന്റെ ഇരുവശത്തുമുള്ള ഭൂമിയിലാണ് ടെര്‍മിനല്‍ കെട്ടിടവും പാര്‍ക്കിംഗ് ഏരിയയും നിര്‍മ്മിക്കുക.
ഹൈക്കോടതി-മട്ടാഞ്ചേരി റൂട്ടില്‍ ഏപ്രിലില്‍ ആരംഭിക്കാന്‍ പദ്ധതിയിട്ടിരുന്ന സര്‍വീസുകള്‍ മട്ടാഞ്ചേരി ടെര്‍മിനലിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നീണ്ടുനില്‍ക്കുന്നതിനാല്‍ ഓഗസ്റ്റ് ആദ്യ വാരത്തിലേക്ക് മാറ്റി. മൂന്ന് ബെര്‍ത്താണ് മട്ടാഞ്ചേരി ടെര്‍മിനലില്‍ ഉണ്ടാകുക. വില്ലിംഗ്ടണ്‍ ഐലന്‍ഡില്‍ സര്‍വീസിന് സ്റ്റോപ്പ് ഉണ്ടാകും.
കൊച്ചി വാട്ടര്‍ മെട്രോയില്‍ ദിവസേനയുള്ള യാത്രക്കാരുടെ എണ്ണം ക്രമാനുഗതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഓണത്തിന് മുമ്പ് പ്രതിദിന യാത്രക്കാരുടെ എണ്ണം 7,000 എന്ന ലക്ഷ്യത്തിലെത്തിക്കാനുളള സജീവ പ്രവര്‍ത്തനങ്ങളിലാണ് അധികൃതര്‍.