നരേന്ദ്ര മോദി സര്‍ക്കാരിന്റെ പതാകവാഹക സ്കീമുകളിലൊന്നാണ് ഉല്‍പ്പാദന അനുബന്ധ ആനുകൂല്യ (പിഎല്‍ഐ-പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് സ്കീം) പദ്ധതി. ഏറെ പ്രതീക്ഷയോടെ സര്‍ക്കാര്‍ നടപ്പാക്കുന്ന ഈ പദ്ധതി വിവിധ തലങ്ങളില്‍ ഗുണകരമായിമാറുന്നുണ്ടെന്ന് വേണം കരുതാന്‍. പിഎല്‍ഐ സ്കീമിന്റെ ചുവടുപിടിച്ച് ഇന്ത്യയില്‍ കൂടുതല്‍ ഐഫോണുകള്‍ നിര്‍മിക്കാനുള്ള തയാറെടുപ്പിലാണ് ആഗോള ഭീമനായ ആപ്പിള്‍.
2025 ആകുമ്പോഴേക്കും ആപ്പിളിന്റെ മൊത്തം ഐഫോണ്‍ ഉല്‍പ്പാദനത്തില്‍ 18 ശതമാനവും ഇന്ത്യയിലേക്ക് മാറ്റാനാണ് പദ്ധതി. ആഭ്യന്തര ഉല്‍പ്പാദനം മൂന്നിരിട്ടിയാക്കി 126 ബില്യണ്‍ ഡോളറിലെത്തിക്കാനുള്ള സര്‍ക്കാരിന്റെ വലിയ പദ്ധതിയുടെ ഭാഗമാണിത്. 2026 സാമ്പത്തിക വര്‍ഷമാകുമ്പോഴേക്കും 55 ബില്യണ്‍ ഡോളറിലേക്ക് കയറ്റുമതി എത്തിക്കുകയും ലക്ഷ്യമാണ്. ഇന്ത്യയുടെ വികസന ലക്ഷ്യങ്ങള്‍ എത്തിപ്പിടിക്കുന്നതിന് സഹായിക്കുന്ന പദ്ധതിയാണ് പിഎല്‍ഐ എന്ന് അടുത്തിടെ ബാങ്ക് ഓഫ് അമേരിക്ക പുറത്തുവിട്ട ഒരു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

ഐഫോണ്‍ ഉല്‍പ്പാദനം
ഇന്ത്യയിലെ ഐഫോണ്‍ ഉല്‍പ്പാദനത്തില്‍ മികച്ച വര്‍ധനയാണ് ആപ്പിള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. 2021ലെ ഒരു ശതമാനത്തില്‍ നിന്ന് 2023ല്‍ എത്തിനില്ക്കുമ്പോള് 7 ശതമാനമായി രാജ്യത്തെ ഐഫോണ്‍ ഉല്‍പ്പാദനം കൂടി. ഇന്ത്യയുടെ ആഭ്യന്തര ഇലക്ട്രോണിക്സ് വിപണിയിലെ ആവശ്യകതയില്‍ 21.5 ശതമാനം മൊബീല്‍ ഫോണുകളാണെന്ന് ബാങ്ക് ഓഫ് അമേരിക്കയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 15 ശതമാനമാണ് വാര്‍ഷിക വളര്‍ച്ചാനിരക്ക്. 2023 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 158 ബില്യണ്‍ ഡോളറിന്റെ ഇലക്ട്രോണിക് ഗുഡ്സാണ് ഇന്ത്യ ഉപയോഗിച്ചത്.