സ്വാതന്ത്ര്യ ദിന സമ്മാനമായി വാര്‍ഷിക ഫാസ്ടാഗ് പാസ് അവതരിപ്പിച്ചിരിക്കുകയാണ് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം. 2025 ഓഗസ്റ്റ് 15 മുതല്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് ഈ ഫാസ്ടാഗ് വാര്‍ഷിക പാസ് ഉപയോഗിക്കാനാവും. തിരഞ്ഞെടുത്ത ദേശീയ പാതകളിലും എക്സ്പ്രസ്വേകളിലും ഒരു വര്‍ഷത്തേക്കോ 200 ട്രിപ്പുകള്‍ക്കോ ടോള്‍ രഹിത യാത്ര ഫാസ്ടാഗ് വാര്‍ഷിക പാസ് വാഗ്ദാനം ചെയ്യുന്നു.
മികച്ച നേട്ടം
രാജ്മാര്ഗ്യാത്ര മൊബൈല്‍ ആപ്പ് വഴിയും എന്‍എച്ച്എഐ വെബ്സൈറ്റ് വഴിയും ഫാസ്ടാഗ് വാര്‍ഷിക പാസ് വാങ്ങാം. വാര്‍ഷിക പാസിന്റെ ആകെ ചെലവ് 3,000 രൂപയാണ്. അനുവദനീയമായ ടോള്‍ ക്രോസിംഗുകളുടെ പരമാവധി എണ്ണം 200 ആയതിനാല്‍ ശരാശരി ടോള്‍ ചെലവ് 15 രൂപയായി കുറയും. അതിനാല്‍ സ്ഥിരമായി ടോളുകള്‍ കടന്ന് യാത്ര ചെയ്യുന്നവര്‍ക്ക് മികച്ച നേട്ടമാണ് ഈ പദ്ധതി. ഇപ്പോഴത്തെ ശരാശരി ടോള്‍ 40 രൂപയെന്ന് കണക്കാക്കിയാല്‍ 200 ടോള്‍ ക്രോസിംഗുകള്‍ക്ക് ഒരാള്‍ 8000 രൂപ നല്‍കേണ്ടി വരും. വാര്‍ഷിക ഫാസ്ടാഗ് പാസിലൂടെ അദ്ദേഹത്തിന് കുറഞ്ഞത് 5000 രൂപ ലാഭിക്കാനാവും.
മാനദണ്ഡം
ആക്ടിവേറ്റ് ചെയ്യുന്ന തിയതി മുതല്‍ ഒരു വര്‍ഷത്തേക്ക് അല്ലെങ്കില്‍ 200 ഇടപാടുകള്‍ (ട്രിപ്പുകള്‍) ഏതാണോ ആദ്യം വരുന്നത് അതുവരെയാണ് വാര്‍ഷിക പാസിന് സാധുത. വാര്‍ഷിക പാസ് 200 ട്രിപ്പുകള്‍ പൂര്‍ത്തിയാക്കിയാല്‍ അല്ലെങ്കില്‍ ആക്ടിവേഷന് തിയതി ഒരു വര്‍ഷം പിന്നിട്ടാല്‍ അത് ഓട്ടോമാറ്റിക്കായി ഒരു സാധാരണ ഫാസ്ടാഗായി മാറും. വാര്‍ഷിക പാസ് ആനുകൂല്യങ്ങള്‍ ഉപയോഗിക്കുന്നത് തുടരാന്‍ ഉപയോക്താവ് വാര്‍ഷിക പാസ് വീണ്ടും സജീവമാക്കേണ്ടതുണ്ട്.
പരിമിതി
ദേശീയ പാത, നാഷണല്‍ എക്സ്പ്രസ് വേ എന്നിവിടങ്ങളിലെ ടോള്‍ പ്ലാസകളില്‍ മാത്രമാവും ഇവ ലഭ്യമാവുക. സംസ്ഥാന പാതകള്‍, നഗരങ്ങളിലെ ടോളുകള്‍, തദ്ദേശ സ്ഥാപനങ്ങള്‍ നിയന്ത്രിക്കുന്ന പ്ലാസകള്‍, പാര്‍ക്കിംഗ് സൗകര്യങ്ങള്‍ എന്നിവയ്ക്ക് പതിവ് ഫാസ്ടാഗ് ഫീസ് ഈടാക്കുന്നത് തുടരും.
ആക്ടിവേഷന് ഇങ്ങനെ
രാജ്മാര്ഗ്യാത്ര മൊബൈല്‍ ആപ്പ് വഴിയും എന്‍എച്ച്എഐ വെബ്സൈറ്റ് വഴിയും അപേക്ഷിക്കുമ്പോള്‍ ഉപയോക്താവ് 3,000 രൂപ അടയ്ക്കണം. പേയ്മെന്റ് സ്ഥിരീകരിച്ചുകഴിഞ്ഞാല്‍, സാധാരണ 2 മണിക്കൂറിനുള്ളില്‍ രജിസ്റ്റര്‍ ചെയ്ത ഫാസ്ടാഗില് വാര്‍ഷിക പാസ് സജീവമാകും.