പ്രധാനമന്ത്രി ഉജ്ജ്വല യോജന ഗുണഭോക്താക്കള്‍ക്കുള്ള എല്‍പിജി സബ്സിഡി 300 രൂപയായി ഉയര്‍ത്തി കേന്ദ്രസര്‍ക്കാര്‍. നേരത്തെ ഇത് 200 രൂപയായിരുന്നു. സബ്സിഡി ഉയര്‍ത്തുന്ന കാര്യം കേന്ദ്രമന്ത്രി അനുരാഗ് താക്കൂറാണ് വ്യക്തമാക്കിയത്.
ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ പുതുതായി 75 ലക്ഷം എല്‍പിജി കണക്ഷന് കൂടി നല്കാന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. 1650 കോടി രൂപയാണ് ഇതിനായി സര്‍ക്കാരിന് ചെലവ് വരുന്നത്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളിലാണ് പുതുതായി 75 ലക്ഷം കണക്ഷന് നല്‍കാനുള്ള സര്‍ക്കാരിന്റെ പദ്ധതി.
ഗ്യാസ് കണക്ഷന് നല്കിയ ശേഷം ആദ്യ റീഫില്ലും സ്റ്റൗവും സര്‍ക്കാര്‍ തന്നെയാണ് സൗജന്യമായി ഗുണഭോക്താക്കള്‍ക്ക് നല്‍കുന്നത്. ഒരുമാസം മുമ്പാണ് എല്‍പിജി സിലിന്‍ഡറുകളുടെ വിലയില്‍ 200 രൂപ കുറയ്ക്കാന്‍ കേന്ദ്രം തീരുമാനിച്ചത്. ഇതോടെ സിലിന്ഡറുടെ വില 1000 രൂപയ്ക്ക് താഴെയെത്തിയിരുന്നു. നിലവില്‍ 31 കോടി ആഭ്യന്തര എല്‍പിജി കണ്‍സ്യൂമേഴ്സാണ് രാജ്യത്തുള്ളത്. 9.6 കോടി ഉപയോക്താക്കളാണ് ഉജ്ജ്വല പദ്ധതിക്ക് കീഴിലുള്ളത്.