റിസര്‍വ്വ് ബാങ്ക് മുന്‍ ഡയറക്ടര്‍ ഉര്‍ജിത് പട്ടേലിനെ അന്താരാഷ്ട്ര നാണ്യനിധിയുടെ (IMF) എക്സിക്യുട്ടീവ് ഡയറക്ടറായി നിയമിച്ചു. കാബിനറ്റ് നിയമന കമ്മിറ്റിയാണ് ഉര്‍ജിത് പട്ടേലിനെ തിരഞ്ഞെടുത്തത്. മൂന്നുവര്‍ഷത്തേക്കാണ് നിയമനം.
ധനകാര്യ വിദഗ്ധനായ ഉര്‍ജിത് രഘുറാം രാജന്റെ പിന്‍ഗാമിയായി 2016ലാണ് റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായി ചുമതലയേറ്റത്. അതിനുമുമ്പ് മൂന്നരവര്‍ഷത്തോളം റിസര്‍വ്വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ആയിരുന്നു. വ്യക്തിപരമായ കാരണങ്ങളാല്‍ 2018-ല്‍ കേന്ദ്രബാങ്ക് ഗവര്‍ണര്‍ സ്ഥാനം ഒഴിയുകയായിരുന്നു. ഏറ്റവും കുറഞ്ഞ കാലം റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ആയിരുന്നവരില്‍ ഒരാളും ഉര്‍ജിത് ആണ്.
ഉര്‍ജിത് ഗവര്‍ണര്‍ ആയിരുന്ന കാലത്ത് പണപ്പെരുപ്പം കുറഞ്ഞപ്പോഴും പലിശനിരക്കുകള്‍ ഉയര്‍ത്തണമെന്ന നിലപാട് അടക്കം അന്നത്തെ സര്‍ക്കാരുമായി നിരധി വിഷയങ്ങളില്‍ ഇടഞ്ഞിരുന്നു.
2020-ല്‍ ഉര്‍ജിത് ദേശീയ പബ്ലിക് ഫിനാന്‍സ് ആന്‍ഡ് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് (NIPFP) ചെയര്‍മാനായി സ്ഥാനമേറ്റു. മുമ്പ് ബീജിംഗ് ആസ്ഥാനമായ ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രെക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്കിന്റെ ഇന്‍വെസ്റ്റ്മെന്റ് ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റ് ആയിരുന്നു.