താത്കാലിക താമസക്കാരുടെ എണ്ണം കുറഞ്ഞതോടെ കാനഡയിലെ ജനസംഖ്യാ വളര്‍ച്ച താഴേക്ക് പോകുന്നു. 2025, ജൂലൈ 1 വരെയുള്ള കണക്കുകള്‍ പ്രകാരം കാനഡയിലെ ജനസംഖ്യ 41.65 ദശലക്ഷമാണ്. മുന്‍ പാദത്തെ (ഏപ്രില്‍, മേയ്, ജൂണ്‍) അപേക്ഷിച്ച് ജനസംഖ്യയില്‍ കേവലം 47,098 പേരുടെ, അതായത് 0.1 ശതമാനത്തിന്റെ വര്‍ധന മാത്രമാണ് ഉണ്ടായത്.
സ്റ്റാറ്റിസ്റ്റിക്സ് കാനഡയില്‍ നിന്നുള്ള വിവരം അനുസരിച്ച് 2020-ലെ കോവിഡിന് ശേഷം രണ്ടാംപാദത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ ജനസംഖ്യാ വളര്‍ച്ചയാണിത്. അതിര്‍ത്തികള്‍ അടച്ച് കുടിയേറ്റം നിയന്ത്രിച്ച ആ വര്‍ഷം കണക്കിലെടുക്കാതിരുന്നാല്‍ 1946-ല്‍ താരതമ്യ കണക്കുകള്‍ രേഖപ്പെടുത്താന്‍ തുടങ്ങിയതിന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും പതുക്കെയുള്ള രണ്ടാംപാദ ജനസംഖ്യാ വളര്‍ച്ചയാണ് കഴിഞ്ഞ പാദത്തില്‍ രേഖപ്പെടുത്തിയത്.
2023-24 കാലഘട്ടത്തില്‍ കുടിയേറ്റത്തെ തുടര്‍ന്ന് ജനസംഖ്യയില്‍ പെട്ടെന്നുള്ള വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു. അന്ന് 3 ശതമാനം വളര്‍ച്ചയാണ് ജനസംഖ്യയില്‍ ഉണ്ടായത്. 2023ലെ രണ്ടാംപാദത്തില്‍ 0.8 ശതമാനവും 2024-ലെ രണ്ടാംപാദത്തില്‍ 0.7 % വളര്‍ച്ചയുമാണ് ജനസംഖ്യയില്‍ രേഖപ്പെടുത്തിയത്.
താത്കാലിക നിവാസികളുടെ എണ്ണം കുറഞ്ഞു
സ്ഥിരതാമസക്കാര്‍ അല്ലാത്ത ആളുകളുടെ എണ്ണത്തിലുണ്ടായ ഇടിവാണ് പ്രധാനമായും ജനസംഖ്യാ വളര്‍ച്ചയെ ബാധിച്ചത്. 2025ലെ ഏപ്രില്‍-ജൂണ്‍ കാലയളവില്‍ സ്ഥിരനിവാസികള് അല്ലാത്തവരുടെ എണ്ണത്തില്‍ 58,719 പേരുടെ കുറവാണ് രേഖപ്പെടുത്തിയത്. തുടര്‍ച്ചയായ മൂന്നാംപാദത്തിലും ഇവരുടെ എണ്ണത്തില്‍ ഇടിവുണ്ടായി. രാജ്യത്തെ ആകെയുള്ള സ്ഥിര നിവാസികള്‍ അല്ലാത്തവരുടെ എണ്ണം 3.01 ദശലക്ഷം അല്ലെങ്കില്‍ ആകെ ജനസംഖ്യയുടെ 7.3 ശതമാനമായി കുറഞ്ഞു. 2024 ഒക്ടോബറില്‍ ഇത് 7.6 ശതമാനമായിരുന്നു.
പഠനാവശ്യത്തിന് കാനഡയിലെത്തുന്നവരുടെയും ജോലിക്കായി കാനഡയില്‍ എത്തുന്നവരുടെയും എണ്ണത്തില്‍ വലിയ കുറവ് കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടായിട്ടുണ്ട്. അതേസമയം അഭയാര്‍ത്ഥികളുടെയും സംരക്ഷിക്കപ്പെട്ടവരുടെയും എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്.
കുടിയേറ്റമാണ് കാനഡയിലെ ജനസംഖ്യാ വളര്‍ച്ചയുടെ പ്രധാന ഘടകം. രണ്ടാം പാദത്തിലെ ജനസംഖ്യാ വളര്‍ച്ചയുടെ 71.5 ശതമാനവും കുടിയേറ്റവുമായി ബന്ധപ്പെട്ടാണ്. രണ്ടാംപാദത്തില്‍ 103,5078 പേര്‍ക്കാണ് കാനഡ പുതിയതായി സ്ഥിരതാമസത്തിനുള്ള പെര്‍മിറ്റ് നല്‍കിയത്. ജനസംഖ്യയിലെ സ്വാഭാവിക വര്‍ധന, അതായത് ജനനങ്ങളും മരണങ്ങളും തമ്മിലുള്ള അന്തരത്തിലൂടെ 13,404 പേര് മാത്രമാണ് ജനസംഖ്യയില്‍ പുതിയതായി കൂട്ടിച്ചേര്‍ക്കപ്പെട്ടത്.
2024 ജൂലൈ തൊട്ട് 2025 ജൂലൈ വരെയുള്ള കണക്ക് പരിശോധിച്ചാല്‍, കാനഡയിലെ ജനസംഖ്യയില്‍ 389,324 പേരാണ് കൂട്ടിച്ചേര്‍ക്കപ്പെട്ടത്. മുന്‍വര്‍ഷം ഇത് 1.21 ദശലക്ഷം ആയിരുന്നു. താത്കാലിക കുടിയേറ്റം കുറയ്ക്കുന്നതിനായി സര്‍ക്കാര്‍ സ്വീകരിച്ച നയമാണ് അതിന് കാരണമെന്ന് കരുതപ്പെടുന്നു.