ആര്‍ട്ടിഫിഷ്യല്‍ ഇന്റലിന്‍ജന്‍സ്, അഥവാ നിര്‍മിത ബുദ്ധി തൊഴില്‍ രംഗത്തുണ്ടാകുന്ന മാറ്റങ്ങള്‍ വളരെ വലുതാണ്. പല ജോലികളും എളുപ്പത്തിലും വേഗത്തിലുമാക്കാന്‍ എ.ഐ ക്ക് സാധിക്കും എന്നതിനാല്‍ താനെ പലരുടെയും ജോലിയെ അത് ബാധിക്കുന്നുണ്ട്. ആശങ്കകളില്‍ കാര്യമുണ്ടെന്നു വ്യക്തമാക്കിക്കൊണ്ട് നിര്‍മ്മിത ബുദ്ധി ജോലികള്‍ വെട്ടിക്കുറക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പ്രമുഖ ബഹുരാഷ്ട്ര കമ്പനിയായ ആമസോണിന്റെ സിഇഒ ആന്‍ഡി ജാസ്സി.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ആമസോണ്‍ 27,000 ത്തോളം ജോലികള്‍ വെട്ടിക്കുറച്ചു. അടുത്ത കുറച്ച് വര്‍ഷങ്ങളില്‍ ആമസോണിലെ ജീവനക്കാരുടെ എണ്ണത്തില്‍ ഇനിയും കുറവുണ്ടാകും. ഇ-കൊമേഴ്സ്, ക്ലൗഡ് കമ്പ്യൂട്ടിംഗ്, ഓണ്‍ലൈന്‍ പരസ്യം, ഡിജിറ്റല്‍ സ്ട്രീമിംഗ് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ആമസോണ്‍. നിര്‍മിതബുദ്ധി ഇത്രയേറെ ആഴത്തില്‍ വേരുറപ്പിക്കുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകും.
ജനറേറ്റീവ് എഐ പോലുള്ള സാങ്കേതികവിദ്യകള്‍ മികച്ച രീതിയിലാണ് വികാസം പ്രാപിക്കുന്നത്. ഇന്റര്‍നെറ്റിന് ശേഷമുള്ള ഏറ്റവും പരിവര്‍ത്തനാത്മകമായ സാങ്കേതികവിദ്യയാണ് ജനറേറ്റീവ് എഐ എന്നും ആന്‍ഡി ജാസ്സി പറഞ്ഞു. ബിസിനസുകള്‍ക്ക് സാധ്യമാകുന്ന കാര്യങ്ങളില്‍ വലിയ പുരോഗതി കൈവരിക്കാനാകും. ആമസോണ്‍ വളരെ വിപുലമായ നിക്ഷേപമാണ് എ.ഐ യില്‍ നടത്തുന്നത്. എല്ലാ ഉപഭോക്തൃ അനുഭവങ്ങളും എ.ഐ ഉപയോഗിച്ച് പുനര്‍നിര്‍മ്മിക്കാനാകും.