അദാനി ഗ്രൂപ്പിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട ഹിന്‍ഡന്‍ബര്‍ഗ് കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. അദാനി ഗ്രൂപ്പിനെതിരായ 24 ആരോപണങ്ങളില്‍ 22 എണ്ണത്തിലും വിപണി നിയന്ത്രാതാവായ സെബി അന്വേഷണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ബാക്കിയുള്ള രണ്ട് കേസുകളിലെ അന്വേഷണം കൂടി മൂന്ന് മാസത്തിനകം പൂര്‍ത്തിയാക്കാന്‍ സെബിക്ക് നിര്‍ദേശം നല്‍കിയതായും സുപ്രീം കോടതി പറഞ്ഞു.
സെബി രൂപീകരിച്ച വിദഗ്ധ സമിതിയിലെ അംഗങ്ങള്‍ക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും കേസിന്റെ അന്വേഷണം മാറ്റാന്‍ അടിസ്ഥാനമില്ലെന്നും സുപ്രീം കോടതി പറഞ്ഞു. ചട്ടങ്ങള്‍ മനഃപൂര്‍വമോ ബോധപൂര്‍വമോ ലംഘിച്ചാല്‍ മാത്രമേ ഇത് ഉന്നയിക്കാന്‍ കഴിയുകയുള്ളെന്നും കോടതി പറഞ്ഞു.
അദാനി ഗ്രൂപ്പിനെതിരായ 24 ആരോപണങ്ങളില്‍ 22 എണ്ണത്തിലും വിപണി നിയന്ത്രാതാവായ സെബി അന്വേഷണം പൂര്‍ത്തിയാക്കിയിട്ടുണ്ട്
ഒസിസിപിആര്‍ റിപ്പോര്‍ട്ടിനെയും ഏതെങ്കിലും മൂന്നാം കക്ഷി സംഘടനയെയും ആശ്രയിക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഒരു പരിശോധനയും കൂടാതെ ഇത്തരം റിപ്പോര്‍ട്ടുകള്‍ തെളിവായി ആശ്രയിക്കാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു.
അദാനി ഗ്രൂപ്പിന്റെ വിപണി മൂല്യം വന്‍തോതില്‍ ഇടിച്ച ഹിന്‍ഡര്‍ബര്‍ഗ് റിപ്പോര്‍ട്ട് 2023 ന്റെ തുടക്കത്തിലാണ് പുറത്തു വന്നിരുന്നത്. രണ്ടു മാസം മുന്‍പ് കേസ് വിധി പറയാന്‍ കോടതി മാറ്റിയപ്പോള്‍ തന്നെ ഗ്രൂപ്പിന്റെ ഓഹരികള്‍ നഷ്ടം കുറെയൊക്കെ നികത്തിയിരുന്നു. കോടതിവിധി അനുകൂലമായതോടെ ബുധനാഴ്ച അദാനി ഗ്രൂപ്പ് ഓഹരികളില്‍ വന്‍ മുന്നേറ്റം ദൃശ്യമായി.
വിപണി മൂലധനം 15 ലക്ഷം കോടി
അദാനി എനര്‍ജി സൊല്യൂഷന്‍സ് ലിമിറ്റഡ്, അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ്, അദാനി ടോട്ടല്‍ ഗ്യാസ് ലിമിറ്റഡ്, അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ്, അദാനി പോര്‍ട്സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡ് (അദാനി പോര്‍ട്ട്സ്), അദാനി വില്‍മര്‍ ലിമിറ്റഡ്, അദാനി പവര്‍ ലിമിറ്റഡ് എന്നിവ 10 ശതമാനം വരെ നേട്ടമുണ്ടാക്കി. അംബുജ സിമന്റ്സ് ലിമിറ്റഡ്, എസിസി ലിമിറ്റഡ്, എന്‍ഡിടിവി ലിമിറ്റഡ് എന്നിവയും കുതിച്ചു. ഇതോടെ അദാനി ഗ്രൂപ്പിന്റെ വിപണി മൂലധനം 15 ലക്ഷം കോടി രൂപയ്ക്ക് മുകളില്‍ എത്തി. കഴിഞ്ഞ വര്‍ഷം ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് പുറത്ത് വന്ന ദിവസം 10 അദാനി ഗ്രൂപ്പ് കമ്പനികളുടെ സംയുക്ത മൂലധനം 19.2 ലക്ഷം കോടി രൂപയായിരുന്നു.