ബഫറ്റ് ഒഴിഞ്ഞു
പ്രശസ്ത നിക്ഷേപകന് വാറന്‍ ബഫറ്റ് ബെര്‍ക്ഷയര്‍ ഹാത്വേയുടെ ചെയര്മാന് സ്ഥാനമൊഴിഞ്ഞു. 1970 മുതല്‍ അഞ്ചര പതിറ്റാണ്ടിലേറെ കമ്പനിയെ നയിച്ച 96 കാരനായ ബഫറ്റ് കമ്പനിയുടെ ചെയര്മാന് എമരിറ്റസ് ആയി തുടരും. കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ തുടര്‍ന്നുകൊണ്ട് ബഫറ്റ് ഉപദേശക ചുമതലകള്‍ നിര്‍വഹിക്കും. 2025 അവസാനത്തോടെ ബഫറ്റ് CEO സ്ഥാനവും ഒഴിഞ്ഞിരുന്നു.
ബഫറ്റിന്റെ മകന് ഹോവാര്‍ഡ് ബഫറ്റിനെയാണ് പുതിയ ചെയര്‍മാനായി നിയമിച്ചത്. 1993 മുതല്‍ ബെര്‍ക്ഷെയറിന്റെ ഡയറക്ടറാണ് ഹോവാര്‍ഡ്. ഈ വര്‍ഷം ആദ്യം സിഇഒ സ്ഥാനമേറ്റ ഗ്രെഗ് ഏബല്‍ കമ്പനിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് തുടരും.
1965ല്‍ ബെര്‍ക്ഷെയറിന്റെ ഭാഗമായ ബഫറ്റ്, ഒരു ടെക്സ്റ്റൈല്‍ കമ്പനിയായിരുന്ന സ്ഥാപനത്തെ ഒരു ട്രില്യണ്‍ ഡോളറിലധികം മൂല്യമുള്ള വന്‍കിട ബിസിനസ് ഗ്രൂപ്പാക്കി മാറ്റുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ദീര്‍ഘകാല നിക്ഷേപം, മൂലധനത്തിന്റെ അച്ചടക്കമുള്ള വിനിയോഗം എന്നിവയില്‍ അധിഷ്ഠിതമായ അദ്ദേഹത്തിന്റെ നിക്ഷേപ സമീപനം ആഗോള നിക്ഷേപകരെ സ്വാധീനിച്ചു.
ചെയര്മാന് സ്ഥാനമൊഴിയാനുള്ള സമയമായെന്ന് വ്യക്തമാക്കിയ ബഫറ്റ്, ബെര്ക്ഷെയര് മികച്ച കൈകളിലാണെന്നും പുതിയ നേതൃത്വത്തില്‍ തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും ഓഹരിയുടമകള്‍ക്ക് അയച്ച കത്തില്‍ പറഞ്ഞു.
എന്‍എസ്ഇ ഐപിഒ പൂര്‍ണമായി സബ്സ്ക്രൈബ്ല ചെയ്തു
എന്‍എസ്ഇ ഐപിഒയുടെ രണ്ടാം ദിനമായ സെപ്റ്റംബര്‍ 18ന് ഐപിഒ പൂര്‍ണമായി സബ്സ്ക്രൈബ് ചെയ്യപ്പെട്ടു. ആദ്യ ദിനം മൊത്തം സബ്സ്ക്രിപ്ഷന് ഏകദേശം 43% ആയിരുന്നു. രണ്ടാം ദിനം ഉച്ചയോടെ ഇഷ്യൂ പൂര്‍ണമായി ബുക്ക് ചെയ്തു. ഗ്രേ മാര്‍ക്കറ്റില്‍ ഏകദേശം 6-8% പ്രീമിയം റിപ്പോര്‍ട്ട് ചെയ്തു. ഐപിഒ സെപ്റ്റംബര്‍ 21ന് അവസാനിക്കും.
ഇന്ത്യന്‍ ജിഡിപി 7% വളരുമെന്ന് മൂഡീസ്
പശ്ചിമേഷ്യന്‍ സംഘര്‍ഷവും ഉയര്‍ന്ന എണ്ണവിലയും സൃഷ്ടിക്കുന്ന സമ്മര്‍ദങ്ങള്‍ക്കിടയിലും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ പ്രതീക്ഷിച്ചതിനേക്കാള്‍ ശക്തമായ പ്രതിരോധശേഷി കാട്ടുന്നതായി റേറ്റിംഗ് ഏജന്‍സിയായ മൂഡീസ്. ഇതിന്റെ പശ്ചാത്തലത്തില്‍ 2026-27 സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ യഥാര്‍ഥ ജിഡിപി വളര്‍ച്ചാ പ്രവചനം 6 ശതമാനത്തില്‍നിന്ന് 7 ശതമാനമായി മൂഡീസ് ഉയര്‍ത്തി. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ ആഘാതം നേരിടുന്നതില്‍ സമ്പദ്വ്യവസ്ഥ കാണിച്ച പ്രതിരോധമാണ് പ്രവചനം ഉയര്‍ത്താനുള്ള പ്രധാന കാരണം. സ്വകാര്യ ഉപഭോഗം ശക്തമായതും നിക്ഷേപം മികച്ച നിലയില്‍ തുടരുന്നതും സര്‍ക്കാര്‍ അടിസ്ഥാനസൗകര്യ മേഖലയില്‍ ശക്തമായ നിക്ഷേപം തുടരുന്നതും വളര്‍ച്ചയ്ക്ക് കരുത്ത് നല്‍കുന്നെന്ന് മൂഡീസ് വിലയിരുത്തി.
നെസ്ലെക്കെതിരെ നിയമ നടപടി
കുഞ്ഞുങ്ങളുടെ പോഷകാഹാര ഉല്പന്നങ്ങളുമായി ബന്ധപ്പെട്ട നിയമലംഘന ആരോപണങ്ങളില്‍ നെസ്ലേ ഇന്ത്യക്കെതിരെ മൂന്ന് കേസുകള്‍ ആരംഭിച്ച് ഭക്ഷ്യസുരക്ഷാ അതോറിറ്റിയായ FSSAI. ഇതിന് പിന്നാലെ സെപ്റ്റംബര്‍ നെസ്ലേ ഇന്ത്യ ഓഹരികള്‍ ഇന്ന് 2.85% വരെ ഇടിഞ്ഞു. നെസ്ലേയുടെ നാന് എക്സല്ല പ്രോ സ്റ്റേജ് 1, ലാക്റ്റോജന്‍ പ്രോ 1 എന്നീ ഉല്പന്നങ്ങളുടെ പ്രചാരണത്തില്‍ നല്കിയ അവകാശവാദങ്ങളാണ് കമ്പനിക്ക് തിരിച്ചടിയായത്. വേ പ്രോട്ടീന്‍ സംബന്ധിച്ച അവകാശവാദങ്ങളാണ് ഏജന്‍സി പരിശോധിച്ചത്.
ബിഎച്ച്ഇഎല്‍ പ്ലാന്റില്‍ വെള്ളി മോഷണം
ഗുരുഗ്രാമിലെ ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡിന്റെ അമോര്‍ഫസ് സിലിക്കണ്‍ സോളാര്‍ സെല്‍ പ്ലാന്റില്‍ നിന്ന് 31.65 കിലോഗ്രാം വെള്ളി കാണാതായ സംഭവത്തില്‍ സിബിഐ, എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. 2024ല്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് ലോക്കറില്‍ സൂക്ഷിച്ചിരുന്ന വെള്ളിയില്‍ കുറവ് കണ്ടെത്തിയത്. നിലവിലെ വില കണക്കാക്കിയാല്‍ കാണാതായ വെള്ളിയുടെ മൂല്യം ഏകദേശം 71 ലക്ഷം രൂപ വരും. സംഭവവുമായി ബന്ധപ്പെട്ട് ബിഎച്ച്ഇഎല്‍ ജീവനക്കാരായ രണ്ട് ഉദ്യോഗസ്ഥരുടെ പേരുകള്‍ എഫ്ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.




