യൂറോപ്പിൽ മികച്ച ജോലി വാഗ്ദാനം ചെയ്ത് ഇന്ത്യക്കാരെ വഞ്ചിക്കുകയും, ആഴ്ചയിൽ 80 മണിക്കൂറിലധികം കഠിന ജോലി ചെയ്യിപ്പിച്ച് ദശലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കുകയും ചെയ്ത വൻ വിസ തട്ടിപ്പ് സംഘത്തെക്കുറിച്ചുള്ള വാർത്തകൾ വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. യൂറോപ്പിലെ ചില റെസ്റ്റോറന്റ് ഉടമകൾ ഏജന്റുമാരുമായി ചേർന്ന്, മികച്ച ശമ്പളവും സുരക്ഷിതമായ ജീവിതവും വാഗ്ദാനം ചെയ്ത് ഇന്ത്യയിൽ നിന്നുള്ള ഉദ്യോഗാർത്ഥികളെ കബളിപ്പിക്കുകയായിരുന്നു.
ക്രൂരമായ ചൂഷണം
യൂറോപ്പിലേക്ക് വിസ നൽകുന്നതിനായി ഓരോ വ്യക്തിയിൽ നിന്നും ലക്ഷക്കണക്കിന് രൂപയാണ് ഇവർ ഈടാക്കിയിരുന്നത്. എന്നാൽ അവിടെ എത്തിയ ഉദ്യോഗാത്ഥികളെ വളരെ കുറഞ്ഞ ശമ്പളത്തിൽ, ആഴ്ചയിൽ 80 മണിക്കൂറിലധികം റെസ്റ്റോറന്റുകളിൽ പണി എടുപ്പിക്കുകയും ക്രൂരമായി ചൂഷണം ചെയ്യുകയുമായിരുന്നു. പറയുന്ന ജോലി നൽകുകയോ വാഗ്ദാനം ചെയ്ത ശമ്പളം നൽകുകയോ ചെയ്യാതെ ഇവരെ അടിമസമാനമായ സാഹചര്യങ്ങളിലാണ് ജോലി ചെയ്യിപ്പിച്ചിരുന്നത്.
ഈ മനുഷ്യക്കടത്തിലൂടെയും തട്ടിപ്പിലൂടെയും റെസ്റ്റോറന്റ് ഉടമകൾ കോടികളുടെ അനധികൃത ലാഭമുണ്ടാക്കിയതായി അധികൃതർ കണ്ടെത്തി. സംഭവത്തിൽ അന്വേഷണം നടത്തുന്ന യൂറോപ്യൻ പോലീസ് ഇത്തരം തട്ടിപ്പ് നടത്തുന്ന റെസ്റ്റോറന്റ് ഉടമകൾക്കും ഏജൻസികൾക്കും എതിരെ ശക്തമായ നിയമനടപടികൾ സ്വീകരിച്ചു വരികയാണ്. വ്യാജ വിസ വാഗ്ദാനങ്ങളിൽ പെടാതെ വിദേശ ജോലികൾ തിരഞ്ഞെടുക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പും നൽകുന്നുണ്ട്.
അംഗീകൃത ഏജൻസികളെ മാത്രം ആശ്രയിക്കുക
വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് നടത്തുന്ന ഇത്തരം വിസ തട്ടിപ്പുകളിൽ പെടാതിരിക്കാൻ ആദ്യമായി ചെയ്യേണ്ടത്, അംഗീകൃത ഏജൻസികളെ മാത്രം ആശ്രയിക്കുക എന്നതാണ്. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ കീഴിൽ രജിസ്റ്റർ ചെയ്ത റിക്കൂട്ടിംഗ് ഏജൻസികൾ വഴി മാത്രം ജോലിക്ക് അപേക്ഷിക്കുക. eMigrate പോർട്ടൽ സന്ദർശിച്ച് ഏജൻസിക്ക് കേന്ദ്ര സർക്കാരിന്റെ ലൈസൻസ് ഉണ്ടോ എന്ന് ഉറപ്പുവരുത്താം. വ്യക്തിഗത സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയോ വ്യാജ ഏജന്റുമാർ വഴിയോ വരുന്ന വാഗ്ദാനങ്ങളിൽ വിശ്വസിക്കരുത്.
രണ്ടാമതായി, നിങ്ങൾക്ക് ലഭിക്കുന്ന ഓഫർ ലെറ്ററും വിസയും കൃത്യമായി പരിശോധിക്കുക. ഏതെങ്കിലും ഒരു കമ്പനി ജോലി ഓഫർ നൽകിയാൽ, ആ കമ്പനിയുടെ വെബ്സൈറ്റ്, ഇമെയിൽ വിലാസം, യഥാർത്ഥത്തിൽ അങ്ങനെ ഒരു സ്ഥാപനം അവിടെ പ്രവർത്തിക്കുന്നുണ്ടോ എന്നിവ സ്വയം അന്വേഷിച്ച് ഉറപ്പുവരുത്തുക. സന്ദർശന വിസയിലോ ഫ്രീ വിസയിലോ കൊണ്ടുപോയി പിന്നീട് വർക്ക് പെർമിറ്റ് ആക്കിത്തരാം എന്ന് പറയുന്നത് പൂർണ്ണമായും തട്ടിപ്പാണ്. അതത് രാജ്യത്തിന്റെ എംബസി വെബ്സൈറ്റ് വഴി നിങ്ങൾക്ക് ലഭിച്ച തൊഴിൽ വിസ അസലാണോ എന്ന് പരിശോധിക്കാവുന്നതാണ്.
പണം മുൻകൂർ നൽകരുത്
മൂന്നാമതായി, സാമ്പത്തിക ഇടപാടുകളിലും വിവര ശേഖരണത്തിലും വലിയ ജാഗ്രത പുലർത്തുക. വിസ ലഭിക്കുന്നതിന് മുൻപായി ലക്ഷക്കണക്കിന് രൂപ അഡ്വാൻസ് ആവശ്യപ്പെടുകയോ, വലിയ ശമ്പളം വാഗ്ദാനം ചെയ്ത് പ്രോസസിംഗ് ചാർജ്ജ് എന്ന പേരിൽ പണം ചോദിക്കുകയോ ചെയ്താൽ അത് തട്ടിപ്പാകാനാണ് സാധ്യത. കരാർ പത്രങ്ങളിൽ ഒപ്പിടുന്നതിന് മുൻപ് അതിലെ ജോലി സമയം, ശമ്പളം, താമസ സൗകര്യം എന്നിവ വ്യക്തമായി വായിച്ചു മനസ്സിലാക്കണം. സംശയം തോന്നുന്ന പക്ഷം വിദേശകാര്യ മന്ത്രാലയത്തിന്റെ മദദ്പോർട്ടൽ വഴിയോ തൊഴിൽ വകുപ്പ് വഴിയോ അന്വേഷണം നടത്തേണ്ടതാണ്.




