ബാങ്ക് ജീവനക്കാരുടെ സംഘടനകളും സർക്കാരും തമ്മിൽ നടന്ന ചർച്ച പരാജയപ്പെട്ടതിനെത്തുടർന്ന് സെപ്റ്റംബർ 28 മുതൽ 30 വരെയുള്ള 3 ദിവസത്തെ രാജ്യവ്യാപക ബാങ്ക് പണിമുടക്കുമായി മുന്നോട്ട് പോകാൻ സംഘടനകൾ തീരുമാനിച്ചു. ആഴ്ചയിൽ 5 ദിവസത്തെ ജോലി സമയം നടപ്പിലാക്കണമെന്ന ജീവനക്കാരുടെ പ്രധാന ആവശ്യത്തിൽ അനുകൂലമായ തീരുമാനമൊന്നും ഉണ്ടാകാത്തതിനാലാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് പണിമുടക്ക് തീരുമാനത്തിൽ മാറ്റമില്ലെന്ന് അറിയിച്ചത്.
ബാങ്കിങ് ഇടപാടുകൾ 25ന് മുൻപ് പൂർത്തിയാക്കണം
ഈ പണിമുടക്ക് മൂലം ബാങ്ക് ഉപഭോക്താക്കൾക്ക് തുടർച്ചയായി 5 ദിവസം ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെടാൻ സാധ്യതയുണ്ട്. സെപ്റ്റംബർ 26, മാസത്തെ നാലാമത്തെ ശനിയാഴ്ചയും, സെപ്റ്റംബർ 27 ഞായറാഴ്ചയുമാണ്. അതിനുശേഷമുള്ള സെപ്റ്റംബർ 28, 29, 30 തീയതികളിൽ പണിമുടക്ക് കൂടിയാകുന്നതോടെ ബാങ്കുകൾ തുടർച്ചയായി 5 ദിവസം അടഞ്ഞുകിടക്കും. ഒക്ടോബർ 2 ഗാന്ധി ജയന്തി അവധികൂടി വരുന്നതിനാൽ അടിയന്തര ബാങ്കിംഗ് ഇടപാടുകൾ സെപ്റ്റംബർ 25-ഓടെ പൂർത്തിയാക്കാൻ സാമ്പത്തിക കാര്യ വകുപ്പ് ഉപഭോക്താക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ബാങ്ക് ശാഖകളുടെ പ്രവർത്തനം തടസ്സപ്പെടുമെങ്കിലും എ.ടി.എമ്മുകൾ, ഓൺലൈൻ നെറ്റ് ബാങ്കിംഗ്, ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്ഫോമുകൾ എന്നിവ തടസ്സമില്ലാതെ ലഭ്യമാക്കാൻ ബാങ്കുകളോട് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. ചെക്ക് ക്ലിയറിംഗ്, നേരിട്ടുള്ള നിക്ഷേപങ്ങൾ, ശാഖകൾ വഴിയുള്ള മറ്റ് ഇടപാടുകൾ എന്നിവയെ പണിമുടക്ക് കാര്യമായി ബാധിക്കും.
ആഴ്ചയിൽ 5 ദിവസത്തെ ജോലി
ബാങ്ക് ജീവനക്കാരുടെ പ്രധാന ആവശ്യം എല്ലാ ശനിയാഴ്ചകളും അവധിയാക്കി ആഴ്ചയിൽ 5 ദിവസത്തെ ജോലി സമയം നടപ്പിലാക്കുക എന്നതാണ്. നിലവിൽ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിൽ മാത്രമാണ് ബാങ്കുകൾക്ക് അവധിയുള്ളത്. ഇതിനായി പ്രവൃത്തിദിനങ്ങളിൽ പ്രതിദിനം 40 മിനിറ്റ് അധികം ജോലി ചെയ്യാൻ തങ്ങൾ തയ്യാറാണെന്ന് ജീവനക്കാരുടെ സംഘടനകൾ അറിയിക്കുകയും 2024 മാർച്ച് മാസത്തിൽ ബാങ്ക് മാനേജ്മെന്റുകളുമായി ഇത് സംബന്ധിച്ച് ധാരണയിൽ എത്തുകയും ചെയ്തതാണ്. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും കേന്ദ്ര സർക്കാർ ഈ കരാറിന് അന്തിമ അനുമതി നൽകിയിട്ടില്ല.
പെർഫോമൻസ് ലിങ്ക്ഡ് ഇൻസെന്റീവ് തർക്കം
ജീവനക്കാരുടെ രണ്ടാമത്തെ പ്രധാന ആവശ്യം വിവേചനപരമായ പെർഫോമൻസ് ലിങ്ക്ഡ് ഇൻസെന്റീവ് ബോണസ് പദ്ധതി പിൻവലിക്കുക എന്നതായിരുന്നു. സാധാരണ ജീവനക്കാർക്ക് കുറഞ്ഞ ഇൻസെന്റീവും ഉന്നത ഉദ്യോഗസ്ഥർക്ക് ഭീമമായ തുകയും ബോണസ് നൽകുന്നതിനെതിരെ സംഘടനകൾ ശക്തമായി പ്രതിഷേധിച്ചു. നിലവിൽ സമരം ഒഴിവാക്കാൻ ഈ പദ്ധതി താത്കാലികമായി നിർത്തിവെയ്ക്കാൻ സർക്കാർ തീരുമാനിച്ചെങ്കിലും, 5 ദിവസത്തെ പ്രവൃത്തിദിന കാര്യത്തിൽ സർക്കാർ ഉറപ്പൊന്നും നൽകിയിട്ടില്ല.




