താമസിക്കുന്നത് എവിടെയായാലെന്താ, സുഖവും സന്തോഷവും സമ്പാദ്യവും അവനവന്റെ സ്വഭാവവും ശീലങ്ങളും പോലെയിരിക്കും എന്ന പഴഞ്ചന്‍ ചിന്താഗതിയില്‍ വിശ്വസിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ തെറ്റി. താമസിക്കുന്ന സ്ഥലം നമ്മുടെ ജീവിത നിലവാരത്തെയും സമ്പാദ്യത്തെയും പ്രകടമായി തന്നെ സ്വാധീനിക്കും. ഉദാഹരണത്തിന് ഓരോ സംസ്ഥാനങ്ങളിലെയും താമസച്ചിലവ്, നിത്യോപയോഗ സാധനങ്ങള്‍ക്കും പച്ചക്കറികള്‍ക്കുമുള്ള വില, വിനോദത്തിനുള്ള സൗകര്യങ്ങള്‍, ഭക്ഷണം കഴിക്കാനുള്ള ഓപ്ഷനുകള്‍ എന്നിവയെല്ലാം വ്യത്യസ്തമായിരിക്കും. എന്തിന് ഒരു സംസ്ഥാനത്ത് തന്നെ പല സ്ഥലങ്ങളില്‍ ജീവിതച്ചിലവ് വ്യത്യസ്തമായിരിക്കും. അതുകൊണ്ട് താമസിക്കുന്ന സ്ഥലം നമ്മുടെ സാമ്പത്തികത്തെ കാര്യമായി ബാധിക്കും, സമ്പാദ്യത്തെയും ജീവിത നിലവാരത്തെയും സ്വാധീനിക്കും. ഒരേ വരുമാനമുള്ള, രണ്ട് സ്ഥലങ്ങളില്‍ താമസിക്കുന്ന ആളുകളുടെ സമ്പാദ്യവും ചിലവുകളും തികച്ചും വ്യത്യസ്തമാകാം.
ഈ രീതിയില്‍ ചിന്തിച്ചാല്‍ ഇന്ത്യയില്‍ താമസിക്കാന്‍ ഏറ്റവും നല്ല, അതായത് താരതമ്യേന ചിലവുകള്‍ കുറഞ്ഞ, എന്നാല്‍ ജീവിത നിലവാരം മെച്ചപ്പെട്ട, കൂടുതല്‍ പണം സമ്പാദ്യമായി മാറ്റിവെക്കാന്‍ സഹായിക്കുന്ന നഗരങ്ങള്‍ ഏതെല്ലാമാമെന്ന് നോക്കിയാലോ. നമ്മുടെ കേരളത്തിലെ ഒരു നഗരവും ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
അഹമ്മദാബാദ്

കീശ കാലിയാക്കാതെ, സന്തോഷത്തെ ജീവിക്കാന്‍ നിലവില്‍ ഏറ്റവും മികച്ച ഇന്ത്യന്‍ നഗരങ്ങളില്‍ മുന്നിലാണ് അഹമ്മദാബാദ്. രാജ്യത്തെ വളര്‍ന്നുവരുന്ന വാണിജ്യ നഗരങ്ങളിലൊന്നായ അഹമ്മദാബാദില്‍ ജീവിതച്ചിലവുകള്‍ താരതമ്യേന കുറവാണ്. എന്നാല്‍ ടെക്സ്റ്റൈല്‍, നിര്‍മ്മാണം, ഐടി തുടങ്ങിയ വ്യവസായ മേഖലകള്‍ അവിടെ ശക്തമാണ്. നിരവധി തൊഴിലവസരങ്ങളും ചിലവ് കുറഞ്ഞ യാത്രാസൗകര്യങ്ങളും ഉള്ള ഈ ഗുജറാത്ത് നഗരത്തില്‍ മുംബൈയുമായോ ബെംഗളൂരുവുമായോ താരതമ്യം ചെയ്യുമ്പോള്‍ ജീവിതച്ചിലവും കുറവാണ്. സാംസ്കാരിക വൈവിധ്യവും തനിമയും നിറഞ്ഞുനില്ക്കുന്ന ഈ നഗരത്തില്‍ പലതരം വിനോദങ്ങള്‍ക്കും .യാത്രകള്‍ക്കും അവസരങ്ങളുണ്ട്.
പൂനൈ

സെലിബ്രിറ്റിനഗരമായ മുംബൈയുടെ എല്ലാ സൗന്ദര്യവും സമ്പന്നതയും നല്കുന്ന നഗരമാണ് പൂനൈയും. എന്നാല്‍ മുംബൈയിലേത് പോലെ ജീവിക്കാന്‍ മാസം ലക്ഷങ്ങളോ കോടികളോ വേണമെന്ന സ്ഥിതി ഇവിടെയില്ല. മുംബൈയിലേത് പോലെ തന്നെ ഐടി, വിദ്യാഭ്യാസം, നിര്‍മ്മാണം എന്നീ മേഖലകളിലെല്ലാം പൂനൈയും മുന്നിലാണ്. മെച്ചപ്പെട്ട തൊഴിലവസരങ്ങളും വരുമാന സാധ്യതകളും ഇവിടെയുണ്ട്. ജീവിതം ആസ്വദിക്കാനും എല്ലാവരുടെയും അഭിരുചികള്‍ക്ക് ഇണങ്ങുന്നതുമായ വിനോദ അവസരങ്ങളും ഇവിടെയുണ്ട്. മുംബൈയെ അപേക്ഷിച്ച് വാടകയില്‍ വലിയ വ്യത്യാസമാണ് പൂനയിലുള്ളത്. കടലും മലനിരകളും അടക്കം വാരാന്ത്യം ആസ്വദിക്കാന്‍ പല വിനോദസഞ്ചാര കേന്ദ്രങ്ങളും പൂനൈ നഗരത്തോട് ചേര്‍ന്നുണ്ട്. ഫസ്റ്റ്ക്ലാസ് ജീവിതനിലവാരത്തില്‍ താമസിക്കാന്‍ സാധിക്കുന്ന ഇന്ത്യന്‍ നഗരമാണ് പൂനൈ എന്നതില്‍ സംശയം വേണ്ട.
ചെന്നൈ

വരവും ചിലവും ബാലന്‍സ് ചെയ്ത് ജീവിക്കാന്‍ ഏറ്റവും നല്ല ദക്ഷിണേന്ത്യന്‍ നഗരങ്ങളില്‍ മുന്നില്‍ ചെന്നൈയാണ്. മികച്ച തൊഴിലവസരങ്ങളും മറ്റ് മെട്രോ നഗരങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ജീവിതച്ചിലവും ചെന്നൈയുടെ പ്രത്യേകതയാണ്. ഐടി വ്യവസായം, ആരോഗ്യം, നിര്‍മ്മാണരംഗം എന്നിവയിലെല്ലാം ചെന്നൈ മുന്നിട്ടുനില്‍ക്കുന്നു. സ്ഥിരതയുള്ള, മികച്ച വേതനവും കുറഞ്ഞ ജീവിതച്ചിലവും ആഗ്രഹിക്കുന്നവര്‍ക്ക് ചെന്നൈ പരിഗണിക്കാവുന്ന ഓപ്ഷനാണ്. സാംസ്കാരിക സമ്പന്നതയില്‍ ഇന്ത്യയിലെ തന്നെ ഏറ്റവും മുന്നിട്ടുനില്ക്കുന്ന സംസ്ഥാനമായ തമിഴ്നാട്ടിലെ ചെന്നൈ കണ്ടിരിക്കാന്‍ ഏറെ സ്ഥലങ്ങളും മികച്ച അനുഭവങ്ങളും നല്കുന്നു.
ജയ്പൂര്‍

രാജകീയ പ്രൗഢിയില്‍ തിളങ്ങുന്ന ഇന്ത്യന്‍ നഗരമാണ് ജയ്പൂര്‍. എന്നാല്‍ ചിലവിന്റെ കാര്യത്തില്‍ രാജകീയത ഇല്ലതാനും. ടൂറിസം മേഖലയില്‍ അനവധി തൊഴില്‍, ബിസിനസ് അവസരങ്ങളാണ് ജയപൂരിലുള്ളത്. ഐടി വ്യവസായവും ഇവിടെ വളര്‍ന്നുവരുന്നു. കുടുംബവുമൊന്നിച്ച് കുറഞ്ഞ ചിലവില്‍ ജീവിതം ആസ്വദിക്കാന്‍ പറ്റിയ ഇടമാണിത്. ചരിത്രപ്രസിദ്ധമായ കോട്ടകളും കൊട്ടാരങ്ങളും കാണാനും വൈവിധ്യരുചികള്‍ ആസ്വദിക്കാനും ഇവിടെ അവസരമുണ്ട്.
ഇന്‍ഡോര്‍

ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളിലൊന്നാണ് ഇന്‍ഡോര്‍. താങ്ങാവുന്ന ജീവിതച്ചിലവുകളും വിനോദത്തിനുള്ള മികച്ച അവസരങ്ങളും ഇവിടെയുണ്ട്. ഇവിടുത്തെ ഐടി, നിര്‍മ്മാണ മേഖലകള്‍ വളര്‍ച്ചയുടെ പാതയിലാണ്. അതിനാല്‍ ഇനിയങ്ങോട്ട് ഇവിടെ ജോലിസാധ്യതകളും വര്‍ധിച്ചുവരും. ഒരു മെട്രോ നഗരത്തിന്റെ ദൂഷ്യങ്ങളൊന്നും ഇല്ലാതെ, സുഖമായി ജീവിക്കാവുന്ന സ്ഥലമാണിത്. വൃത്തിയുള്ള നിരത്തുകളും മിതമായ വിലയില്‍ ലഭ്യമാകുന്ന ഭക്ഷണവും ഇവിടെയുണ്ട്.
കൊച്ചി

ഇന്ത്യയില്‍ ഏറ്റവും നല്ലരീതിയില്‍, ചിലവ് കുറച്ച് ജീവിക്കാന്‍ കഴിയുന്ന നഗരങ്ങളില്‍ നമ്മുടെ കൊച്ചിയുമുണ്ട്. ഐടി, ഷിപ്പിംഗ്, ടൂറിസം എന്നീ മേഖലകളിലായി കൊച്ചിയിലെ തൊഴിലവസരങ്ങള്‍ പരന്നുകിടക്കുന്നു. വലിയ മെട്രോ നഗരങ്ങളെ അപേക്ഷിച്ച് തിരക്കില്ലാത്ത, സമാധാനപൂര്‍ണ്ണമായ ജീവിതം കൊച്ചി വാഗ്ദാനം ചെയ്യുന്നു. വളരെ എളുപ്പത്തില്‍ ഗ്രാമീണഭംഗിയിലേക്ക് ചേക്കാറാനും അതുപോലെ ദേശീയ, അന്തര്‍ദേശീയ യാത്രകള്‍ക്കുമുള്ള സൗകര്യം കൊച്ചിയിലുണ്ട്. അറബിക്കടലിന്റെ റാണിയെന്ന ഖ്യാതി ഉള്ളതിനാല്‍ വാരാന്ത്യങ്ങളില്‍ കടല്‍ത്തീരങ്ങളിലും കായലോരങ്ങളിലും നിരവധി വിനോദ അവസരങ്ങള്‍ കൊച്ചി നല്കുന്നു. കരിയര്‍ പാതിവഴിയിലെത്തി നില്‍ക്കുന്നവര്‍ക്ക് ജീവിതം ആസ്വദിക്കാനും ഭാവിയിലേക്കായി സമ്പാദിക്കാനുമുള്ള സാധ്യത കൊച്ചി നല്‍കുന്നുണ്ട്.
ചണ്ഡീഗഢ്

ഏറ്റവും മികച്ച രീതിയില്‍ ആസൂത്രണം ചെയ്ത ഇന്ത്യന്‍ നഗരമെന്ന പേരുള്ള ചണ്ഡീഗഢ് മികച്ച ജീവിതസാഹചര്യവും തൊഴില്‍ സാഹചര്യവും സാമ്പത്തിക സാഹചര്യവും ഒരുക്കുന്നു. നല്ല റോഡുകള്‍, പച്ചപ്പുള്ള സ്ഥലങ്ങള്‍, മെച്ചപ്പെട്ട അടിസ്ഥാനസൗകര്യം എന്നിവ ചണ്ഡിഗഢിന്റെ മേന്മകളാണ്. എന്നാല്‍ ജീവിതച്ചിലവിന്റെ കാര്യത്തില്‍ ചണ്ഡിഗഢ് ഏതൊരു മെട്രോനഗരത്തേക്കാളും പിന്നിലാണ്. യാത്രാചിലവുകളും നിത്യോപയോഗ സാധനങ്ങള്‍ക്കുള്ള ചിലവുകളും, ഇന്ധനച്ചിലവും ഇവിടെ കുറവാണ്.
ഒന്നാംകിട മെട്രോ നഗരങ്ങളായ മുംബൈ, ഡെല്‍ഹി എന്‍സിആര്‍, ബെംഗളൂരു എന്നിവ മികച്ച കരിയര്‍ സാധ്യതകളും അന്തര്‍ദേശീയ സാഹചര്യങ്ങളും ലഭ്യമാക്കുന്നുണ്ടെങ്കിലും അവിടുത്തെ ജീവിതച്ചിലവുകള്‍ വളരെയധികമാണ്. എന്നാല്‍ മേല്‍പ്പറഞ്ഞ നഗരങ്ങളില്‍ മെച്ചപ്പെട്ട ജീവിതനിലവാരത്തിനൊപ്പം ചിലവ് കുറഞ്ഞ ജീവിതം നയിക്കാന്‍ ആളുകള്‍ക്കാകും. അതിനാല്‍ തന്നെ പെട്ടെന്ന് സമ്പാദിക്കാനും സന്തോഷത്തോടെ ജീവിക്കാനും ഈ നഗരങ്ങള്‍ ബെസ്റ്റാണ്.
ഫിനാല്‍ഷ്യല്‍ എക്സ്പ്രസ് റിപ്പോര്‍ട്ടിനെ ആസ്പദമാക്കി തയ്യാറാക്കിയത്.
Original Article: https://www.financialexpress.com/money/insights/more-savings-better-lifestyle-7-indian-cities-where-your-salary-goes-further-than-mumbai/3945950/?ref=hometop_hp




