സാമ്പത്തികമായി ലാഭകരമായിരിക്കുന്നിടത്തോളം കാലം റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരുമെന്ന് ഒഎന്‍ജിസി (ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്പ്പറേഷന്). ‘ലാഭകരമാണെങ്കില്‍, വിപണിയിലെത്തുന്ന ഓരോ തുള്ളി റഷ്യന്‍ എണ്ണയും വാങ്ങുന്നത് ഞങ്ങള്‍ തുടരും,’ ചെയര്മാന് അരുണ്‍ കുമാര്‍ സിംഗ് പറഞ്ഞു. റഷ്യന്‍ എണ്ണ ഇറക്കുമതിക്ക് യുഎസ് ഉപരോധമോ, ഇന്ത്യ നിയന്ത്രണമോ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് സിംഗ് ചൂണ്ടിക്കാട്ടി.
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ എണ്ണ ശുദ്ധീകരണ കമ്പനിയാണ് ഒഎന്‍ജിസി. പ്രതിവര്‍ഷം 40 ദശലക്ഷം ടണ്ണിലധികം ശുദ്ധീകരണ ശേഷി കൈകാര്യം ചെയ്യുന്ന ഒഎന്‍ജിസിയുടെ അനുബന്ധ സ്ഥാപനങ്ങളായ മാംഗ്ലൂര്‍ റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍സ് ലിമിറ്റഡ് (എംആര്‍പിഎല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡ് (എച്ച്പിസിഎല്‍) എന്നിവ റഷ്യ-ഉക്രെയ്ന് സംഘര്‍ഷം ആരംഭിച്ചതിനുശേഷം റഷ്യന്‍ ക്രൂഡ് ഡിസ്കൗണ്ട് വിലയില്‍ സ്ഥിരമായി വാങ്ങിയിരുന്നു.
വില 65 ഡോളറില്‍ സ്ഥിരത കൈവരിക്കും
അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ബാരലിന് 65 ഡോളറെന്ന വിലയ്ക്കടുത്ത് സ്ഥിരത കൈവരിക്കുമെന്നും അദ്ദേഹം നിരീക്ഷിച്ചു. ക്രൂഡ് ഓയില്‍ വില ഇനിയും താഴാനുള്ള സാധ്യത കുറവാണെന്നും അരുണ്‍ കുമാര്‍ സിംഗ് പറഞ്ഞു. ഈ വര്‍ഷം ബാരലിന് 58-83 ഡോളര്‍ എന്ന നിരക്കില്‍ എണ്ണ വിലയില്‍ ഗണ്യമായ ചാഞ്ചാട്ടമാണ് ഉണ്ടായത്.
വിദേശ ഏറ്റെടുപ്പുകള്‍
അവസരങ്ങള്‍ ലഭിച്ചാല്‍ വിദേശത്ത് ആസ്തികള്‍ ഏറ്റെടുക്കാന്‍ ഒഎന്‍ജിസി തയ്യാറാണെന്ന് സിംഗ് പറഞ്ഞു. കമ്പനിയുടെ ശക്തമായ സാമ്പത്തിക സ്ഥിതി അത്തരം നീക്കങ്ങള്‍ക്ക് അനുയോജ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒഎന്‍ജിസിയുടെ മൊസാംബിക് പ്രകൃതിവാതക പദ്ധതിയില്‍ 2028 ഓടെ ഉത്പാദനം ആരംഭിക്കുമെന്ന് സിംഗ് അറിയിച്ചു. കമ്പനിയുടെ നിലവിലെ വിപണി മൂലധനം 2.94 ലക്ഷം കോടി രൂപയാണ്. ജൂണ്‍ പാദത്തില്‍ 163,108 കോടി രൂപയടെ വില്‍പ്പന നടത്തിയ കമ്പനി 11,554 അറ്റ ലാഭവും കൈവരിച്ചിരുന്നു.