ചരക്ക് സേവന നികുതി അഥവാ ജിഎസ്ടിയില്‍ വന്‍ പരിഷ്കാരങ്ങള്‍ക്ക് തയാറെടുക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ദീപാവലി സമ്മാനമായി കൂടുതല്‍ ലളിതമാക്കിയ ജിഎസ്ടി, പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യ ദിനത്തില്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. 2017 ന് ശേഷമുള്ള ഏറ്റവും വലിയ ജിഎസ്ടി പരിഷ്കാര നടപടിക്കാണ് അരങ്ങൊരുങ്ങുന്നത്. ജിഎസ്ടി മന്ത്രിതല സംഘത്തിന്റെ പരിഗണനക്ക് വരുന്ന ശുപാര്‍ശകള്‍ ഏറെ പ്രതീക്ഷാജനകമാണ്. നടപ്പായാല്‍ രാജ്യത്തെ കുടുംബങ്ങള്‍ക്കും കര്‍ഷകര്‍ക്കും ബിസിനസുകള്‍ക്കും ഇത് ഒരുപോലെ ഗുണം ചെയ്യും.
ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങള്‍ക്ക് വില കുറയും
ടെലിവിഷനുകള്‍, എയര്‍കണ്ടീഷണറുകള്‍, റഫ്രിജറേറ്ററുകള്‍, വാഷിംഗ് മെഷീനുകള്‍ എന്നിവ നിലവിലെ 28% നികുതി സ്ലാബില്‍ നിന്ന് 18% ലേക്ക് മാറും. ഈ ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളുടെ വിലയില്‍ ഗണ്യമായ കിഴിവ് ഇതോടെ ലഭിക്കും. അതേസമയം ഓണ്‍ലൈന്‍ ഗെയിമിംഗും തിരഞ്ഞെടുത്ത 57 ‘സിന്’ ഉല്‍പ്പന്നങ്ങളും 40% നികുതി നേരിടേണ്ടിവരുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇതോടൊപ്പം 5%, 18% എന്നിങ്ങനെയുള്ള ലളിതമായ രണ്ട് സ്ലാബ് ഘടനയാവും ജിഎസ്ടിക്ക് അന്തിമമായി ഉണ്ടാവുക. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ജിഎസ്ടിക്ക് പുറത്ത് തന്നെ തല്ക്കാലം തുടരും.
കര്‍ഷകര്‍ക്ക് നേട്ടം
ഭക്ഷണം, മരുന്നുകള്‍, വിദ്യാഭ്യാസം, നിത്യോപയോഗ സാധനങ്ങള്‍ എന്നിവ പോലെയുള്ള അവശ്യ സാധനങ്ങള്‍ 0-5% സ്ലാബില്‍ തുടരും. സ്പ്രിംഗ്ളറുകള്‍, കാര്‍ഷിക യന്ത്രങ്ങള്‍ തുടങ്ങിയ കാര്‍ഷിക ഉപകരണങ്ങളുടെ ജിഎസ്ടി 12% ല്‍ നിന്ന് 5% ആയി കുറയ്ക്കുക, ഇന്‍ഷുറന്‍സ് സേവനങ്ങള്‍ 18% ല്‍ നിന്ന് 5% അല്ലെങ്കില്‍ പൂജ്യത്തിലേക്ക് കുറയ്ക്കുക എന്നിവയും പരിഗണിക്കുന്നു. മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, മറ്റ് ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ട സാധനങ്ങള്‍ എന്നിവയും കുറഞ്ഞ ജിഎസ്ടി നിരക്കുകള്‍ക്കായി നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു.
നിര്‍ദ്ദേശങ്ങളനുസരിച്ച് വജ്രത്തിന് 0.25%, സ്വര്‍ണ്ണത്തിനും വെള്ളിക്കും 3% എന്നിങ്ങനെയുള്ള പ്രത്യേക നിരക്കുകള്‍ മാറ്റമില്ലാതെ തുടരും. 12% സ്ലാബിലെ 99% ഇനങ്ങളും 5% നികുതി സ്ലാബിലേക്ക് മാറും. 28% സ്ലാബിലെ 90% ഇനങ്ങളും 18% നികുതി സ്ലാബിലേക്ക് എത്തും.
ഭരണപരമായ നടപടികള്‍
തടസ്സങ്ങളില്ലാത്ത ജിഎസ്ടി രജിസ്ട്രേഷന് ഉറപ്പാക്കും. 95% അപേക്ഷകളും സാങ്കേതിക വിദ്യയുടെ സഹായത്തോടെ 3 ദിവസത്തിനുള്ളില്‍ പരിഗണിച്ച് പൂര്‍ത്തീകരിക്കും. പിശകുകളും പൊരുത്തക്കേടുകളും കുറയ്ക്കുന്നതിന് മുന്‍കൂട്ടി പൂരിപ്പിച്ച ജിഎസ്ടി റിട്ടേണുകള്‍ വരും. കയറ്റുമതിക്കാര്‍ക്കും മറ്റുമുള്ള റീഫണ്ടുകള്‍ ഓട്ടോമേറ്ഡ് സംവിധാനത്തിലൂടെ വേഗത്തിലാക്കും.
നിലവില്‍ 18% സ്ലാബില്‍ നിന്നാണ് ജിഎസ്ടി വരുമാനത്തിന്റെ 65% ലഭിക്കുന്നത്. 28% സ്ലാബില്‍ നിന്ന് 11% വരുമാനവും. 12% സ്ലാബില്‍ നിന്ന് 5% വരുമാനവും 5% സ്ലാബില്‍ നിന്ന് 7% വരുമാനവും ലഭിക്കുന്നു. നഷ്ടം ഹ്രസ്വകാലത്തേക്ക് മാത്രമാണെന്നും മികച്ച നികുതി അനുസരണ ശീലവും നികുതി വിപുലീകരണത്തിലൂടെയും ഈ നഷ്ടം നികത്താമെന്നും സര്‍ക്കാര്‍ കണക്കാക്കുന്നു.
അംഗീകാരം
ജിഎസ്ടി കൗണ്‍സില്‍ ഈ നിര്‍ദേശങ്ങള്‍ പരിഗണിക്കുന്നതിന് മുന്നോടിയായി കേന്ദ്ര സര്‍ക്കാര്‍ ഇവ നിലവിലുള്ള മൂന്ന് മന്ത്രിതല സംഘങ്ങള്‍ക്ക് അയച്ചിട്ടുണ്ട്. മന്ത്രിതല സംഘങ്ങളുടെ ശുപാര്‍ശകള്‍ പിന്നീട് ജിഎസ്ടി കൗണ്‍സിലിലേക്ക് അയയ്ക്കും. അവ സ്വീകരിക്കാനോ പരിഷ്ക്കരിക്കാനോ നിരസിക്കാനോ കൗണ്‍സിലിന് കഴിയും. മന്ത്രിതല സംഘങ്ങള്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കുന്നതനുസരിച്ച് കൗണ്‍സില്‍ സെപ്റ്റംബറിലോ ഒക്ടോബറിലോ യോഗം ചേരാം.