ഇന്ത്യയിലെ നമ്പര്‍ വണ്‍ ശതകോടീശ്വരനും ഫോര്‍ബ്സ് ആഗോള സമ്പന്നപ്പട്ടികയില്‍ 18 ാം സ്ഥാനക്കാരനുമാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനി. 104.2 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ നിലവിലെ ആസ്തി. എന്നാല്‍ 2024-25 സാമ്പത്തിക വര്‍ഷത്തിലെ കമ്പനിയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ചില ദുസൂചനകള്‍ കൂടി നല്കുന്നു. റിപ്പോര്‍ട്ട് അനുസരിച്ച് കമ്പനിക്ക് ഏകദേശം 3.47 ലക്ഷം കോടി രൂപയുടെ കടബാധ്യതയുണ്ട്. 2024 സാമ്പത്തിക വര്‍ഷം 3.24 ലക്ഷം കോടി രൂപയായിരുന്നു കടം.
കടം വളര്‍ച്ചക്കായി
കമ്പനി മികച്ച ലാഭം നേടി വരുന്നെങ്കിലും ഉയര്‍ന്ന കടം തീര്‍ച്ചയായും ആശങ്കപ്പെടുത്തുന്നതാണ്. എന്നിരുന്നാലും ബിസിനസ്സ് വിപുലീകരിക്കുന്നതിനായി ആക്രമണാത്മകമായി നിക്ഷേപം നടത്തുന്നതിന്റെ ഭാഗമായുള്ള കടമാണിതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. വാര്‍ഷിക ഫലങ്ങള്‍ പരിശോധിച്ചാല്‍ കമ്പനിക്ക് ബിസിനസില്‍ നിന്ന് നഷ്ടങ്ങളില്ല. ബിസിനസ്സ് വളര്‍ത്തുന്നതിനായി വലിയ നിക്ഷേപങ്ങള്‍ നടത്തിയതായി കമ്പനി വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
2025 സാമ്പത്തിക വര്‍ഷത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് 1,31,107 കോടി രൂപ മൂലധനച്ചെലവുണ്ടായി. മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ ഇത് 1,31,769 കോടി രൂപയായിരുന്നു. വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച്, 2025 ലെ നിക്ഷേപങ്ങളില്‍ ഭൂരിഭാഗവും പുതിയ ഓയില്‍-ടു-കെമിക്കല്‍ പ്രൊജക്ടുകള്‍, റീട്ടെയില്‍ സ്റ്റോറുകള്‍ തുറക്കല്‍, ഡിജിറ്റല്‍ സേവനങ്ങള്‍ മെച്ചപ്പെടുത്തല്‍, പുതിയ ഊര്‍ജ്ജ സംരംഭങ്ങള്‍ വികസിപ്പിക്കല്‍ എന്നിവയിലായിരുന്നു.
വരുമാനത്തില്‍ ഇടിവ്
2025 സാമ്പത്തിക വര്‍ഷത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വരുമാനം 5,57,163 കോടി രൂപയായിരുന്നു. ഇത് മുന്‍ വര്‍ഷത്തെ 5,74,956 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 3.1% കുറവാണ്. കമ്പനിയുടെ എബിറ്റ്ഡ കഴിഞ്ഞ വര്‍ഷത്തെ 86,393 കോടി രൂപയില്‍ നിന്ന് 14.2% ഇടിഞ്ഞ് 74,163 കോടി രൂപയായി.
ക്യു1 നേട്ടം
2026 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് വിപണി പ്രതീക്ഷയേക്കാള്‍ മികച്ച ലാഭമാണ് കൈവരിച്ചത്. നിരവധി ബ്രോക്കറേജ് സ്ഥാപനങ്ങള്‍ കമ്പനിയുടെ സ്റ്റോക്ക് വാങ്ങാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. കഴിഞ്ഞ 30 ദിവസത്തിനിടെ ആര്‍ഐഎല്‍ ഓഹരികള്‍ 7 ശതമാനത്തിലധികം ഇടിഞ്ഞിരുന്നു. ഇന്ത്യയുടെ റഷ്യന്‍ എണ്ണ ഇറക്കുമതി ചൂണ്ടിക്കാട്ടി ദ്വിതീയ താരിഫ് ഏര്‍പ്പെടുത്തുമെന്ന് യുഎസ് ഭീഷണിയാണ് ഇതിന്റെ പ്രധാന കാരണം. റിലയന്‍സിന്റെ ഗുജറാത്തിലെ ജാംനഗര്‍ റിഫൈനറി റഷ്യന്‍ ക്രൂഡിനെ ആശ്രയിച്ചാണ് അടുത്തിടെ പ്രധാനമായും മുന്നോട്ടു പോകുന്നത്.