ഇന്ത്യയില്‍ ഓലയല്ല, റാപ്പിഡോ ആണ് ഈബറിന്റെ പുതിയ എതിരാളിയെന്ന് സിഇഒ ദാര ഖോസ്രോഷാഹി. സെരോദ സ്ഥാപകന്‍ നിഖില്‍ കാമത്ത് പങ്കുവെച്ച അദ്ദേഹത്തിന്റെ People By WTF എന്ന പോഡ്കാസ്റ്റിന്റെ ടീസറിലാണ് ഇന്ത്യയിലെ തങ്ങളുടെ പുതിയ എതിരാളി റാപ്പിഡോ ആണെന്ന് ഖോസ്രോഷാഹി പറഞ്ഞത്.
ആഗോള ഓണ്‍ലൈന്‍ ടാക്സി സേവന കമ്പനിയായ ഊബറിന്റെ ഇന്ത്യയിലെ മുഖ്യ എതിരാളി ആയിരുന്ന ഓലയ്ക്ക് ഇലക്ട്രിക് സ്കൂട്ടര്‍, കാബ് ഡ്രൈവര്‍മാരുടെ കമ്മീഷന്, സര്‍വ്വീസുമായി ബന്ധപ്പെട്ട് യാത്രക്കാര്‍ റിപ്പോര്‍ട്ട് ചെയ്ത മറ്റ് പ്രശ്നങ്ങള്‍ തുടങ്ങി പലതരം പ്രശ്നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാര്‍ക്കറ്റ് ഇടിഞ്ഞിരുന്നു. അതേസമയം താരതമ്യേന പുതിയ കമ്പനിയായ റാപ്പിഡോ കഴിഞ്ഞ വര്‍ഷം ഗംഭീര പ്രകടനം കാഴ്ചവെക്കുകയും ചെയ്തു.
അതിവേഗം വളര്‍ന്ന റാപ്പിഡോ
ഇന്ത്യയില്‍ ആദ്യമായി ഇരുചക്ര വാഹന ടാക്സി സേവനം ലഭ്യമാക്കിയ കമ്പനിയാണ് റാപ്പിഡോ. 2015ല്‍ അരവിന്ദ് ശങ്ക, പവന് ഗുണ്ടുപള്ളി, എസ് ആര് റിഷികേഷ് എന്നിവര്‍ ചേര്‍ന്നാണ് റാപ്പിഡോ സ്ഥാപിച്ചത്. ബൈക്ക് ടാക്സി എന്നി നിലയില്‍ വളരെ വേഗം ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ റാപ്പിഡോയ്ക്ക സാധിച്ചു. 2015-2018 കാലയളവില്‍ മികച്ച രീതിയിലുള്ള വിപണി പങ്കാളിത്തം ഇവര്‍ നേടി. അതിനുശേഷം മുച്ചക്ര വാഹന കാബ് സേവനവും കമ്പനി അവതരിപ്പിച്ചു.
ഓലയില്‍ നിന്നും ഊബറില്‍ നിന്നും വ്യത്യസ്തമായി സാധാരണക്കാര്‍ ആശ്രയിക്കുന്ന, അവര്‍ക്ക് താങ്ങാവുന്ന കാബ് സേവനങ്ങളിലൂടെ വിപണി കീഴടക്കിയെന്നതാണ് റാപ്പിഡോയുടെ പ്രത്യേകത. കുറഞ്ഞ കമ്മീഷന്, മറ്റ് കാബുകളെ അപേക്ഷിച്ച് മത്സരാത്മകമായ നിരക്ക് എന്നതാണ് റാപ്പിഡോയുടെ വിജയതന്ത്രം. ഓലയും ഈബറും ഒരു ഓട്ടത്തിന് 18-22% കമ്മീഷന് ഈടാക്കുമ്പോള്‍ റാപ്പിഡോ 0-5% മാത്രമാണ് കമ്മീഷനെടുക്കുന്നത്.
ദിവസേനയുള്ള കമ്മീഷന് റാപ്പിഡോ എടുക്കാറില്ലെന്ന് ഫെബ്രുവരിയില്‍ റാപ്പിഡോ സ്ഥാപകനായ അരവിന്ദ് ശങ്ക പറഞ്ഞിരുന്നു. ഡ്രൈവര്‍മാര്‍ സബ്സ്ക്രിപ്ഷന് ഫീസാണ് നല്‍കാറുള്ളതെന്നും ഓട്ടത്തിനുള്ള കൂലി അവര്‍ സ്വന്തമായി എടുക്കുകയാണെന്നും അന്ന് അദ്ദേഹം വെളിപ്പെടുത്തി. ഓരോ മാസവും രണ്ട് ദശലക്ഷം ഡ്രൈവര്‍മാരാണ് റാപ്പിഡോയില്‍ ജോലി ചെയ്യുന്നതെന്നും അരവിന്ദ് വ്യക്തമാക്കി.