അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 350 കോടി രൂപയുടെ വിറ്റുവരവ് ലക്ഷ്യമിട്ട് വിപണിയില്‍ പുതിയ കുതിപ്പിനൊരുങ്ങുകയാണ് കേരളത്തിന്റെ സ്വന്തം ചായ ബ്രാന്‍ഡായ ഈസ്റ്റി (Eastea). 1968ല്‍ എം ഇ മീരാന്‍ സ്ഥാപിച്ച ഗ്രൂപ്പ് മീരാന്റെ ഭാഗമായ ഈസ്റ്റി, അടുത്ത 15 മാസത്തിനുളളില്‍ റീട്ടെയ്ല്‍ ഔട്ട്ലെറ്റുകളുടെ എണ്ണം 30000 ല്‍ നിന്ന് 49,000 ലേക്ക് ഉയര്‍ത്താനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
2022ല്‍ ഈസ്റ്റേണ്‍ ഗ്രൂപ്പില്‍ നിന്ന് സ്വന്തം വിതരണ ശൃംഖലയിലേക്ക് മാറിയതോടെയാണ് ഈസ്റ്റിയുടെ വളര്‍ച്ച വേഗത്തിലായത്. 20 ലോക രാജ്യങ്ങളില്‍ ഇതിനോടകം സാന്നിധ്യമറിയിച്ച ഈസ്റ്റി, യൂറോപ്പ്, തെക്കുകിഴക്കന്‍ ഏഷ്യ, ഓഷ്യാനിയ എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിക്കാനും പദ്ധതിയിടുന്നുണ്ട്.
‘കേരളത്തിലെ ഏറ്റവും വിശ്വസനീയമായ ടീ ബ്രാന്‍ഡായി ഈസ്റ്റി ഉയര്‍ന്നു. ആധികാരികത, രുചി, സ്ഥിരതയാര്‍ന്ന ഗുണനിലവാരം എന്നിവയിലുള്ള ഞങ്ങളുടെ ശ്രദ്ധ ഞങ്ങള്‍ക്ക് അചഞ്ചലമായ ഉപഭോക്തൃ വിശ്വാസ്യത നേടിത്തന്നു. അടുത്ത ഘട്ട വളര്‍ച്ചയ്ക്ക് ഊര്‍ജം പകരുന്നതിനായി ഞങ്ങള്‍ ഇപ്പോള്‍ എഫ്എംസിജി മേഖലയിലെ തന്ത്രപരമായ ഏറ്റെടുക്കലുകള്‍ സജീവമായി പര്യവേക്ഷണം ചെയ്യുകയാണ്,’ ഗ്രൂപ്പ് ചെയര്മാന് നവാസ് മീരാന്‍ പറഞ്ഞു.
ഓണം സ്പെഷ്യല്‍ ഉല്‍പ്പന്നങ്ങള്‍
ഓണം പ്രമാണിച്ച് ഈസ്റ്റി പുതിയ പ്രീമിയം ചായയായ ‘ഈസ്റ്റി സ്പെഷ്യല്‍’ പുറത്തിറക്കി. ഉപഭോക്താക്കളുടെ മാറുന്ന അഭിരുചിക്കനുസരിച്ച്, ഡാര്‍ജിലിംഗ്, ആസാം, നീലഗിരി, ഹിമാലയം എന്നിവിടങ്ങളില്‍ നിന്നുള്ള ഓര്‍ഗാനിക്, പരമ്പരാഗത ചായ ഇനങ്ങളും ഉടന്‍ വിപണിയിലെത്തിക്കാന്‍ ഈസ്റ്റി തയ്യാറെടുക്കുന്നുണ്ട്.