114 ‘മെയ്ഡ് ഇന്‍ ഇന്ത്യ’ റഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനുള്ള വ്യോമസേനയുടെ നിര്‍ദേശം കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് ലഭിച്ചു. ഫ്രഞ്ച് കമ്പനിയായ ദസ്സോ ഏവിയേഷന്‍ ഇന്ത്യന്‍ എയ്റോസ്പേസ് സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി ഇന്ത്യയില്‍ റഫേല്‍ യുദ്ധവിമാനങ്ങള്‍ നിര്‍മ്മിക്കും. 60 ശതമാനത്തിലധികം ഇന്ത്യയില്‍ നിര്‍മിച്ച ഭാഗങ്ങളാകും വിമാനം നിര്‍മിക്കാന്‍ ഉപയോഗിക്കുക.
2 ലക്ഷം കോടി രൂപയുടെ ഇടപാട്
2 ലക്ഷം കോടി രൂപ വരുന്ന കരാറാകും ഇതെന്ന് കണക്കാക്കുന്നു. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പ്രതിരോധ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള പ്രതിരോധ സംഭരണ ബോര്‍ഡ് നിര്‍ദേശം ചര്‍ച്ചയ്ക്ക് എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. അംഗീകരിക്കപ്പെട്ടാല്‍, ഇന്ത്യന്‍ സര്‍ക്കാര്‍ ഒപ്പുവെക്കുന്ന ഏറ്റവും വലിയ പ്രതിരോധ കരാറായിരിക്കും ഇത്.
ഈ ഇടപാടോടെ വ്യോമസേനയിലെ റഫേല്‍ വിമാനങ്ങളുടെ എണ്ണം 186 ആയി ഉയരും. 36 റഫേല്‍ യുദ്ധവിമാനങ്ങള്‍ ഇതിനകം വ്യോമസേനയുടെ ഭാഗമായിക്കഴിഞ്ഞു. നാവിക സേനയ്ക്കായി 36 റഫേലുകള്‍ക്ക് കൂടി സര്‍ക്കാര്‍ ഓര്‍ഡര്‍ കൊടുത്തിട്ടുണ്ട്.
കരുത്തു തെളിയിച്ച പോര്‍വിമാനം
ഓപ്പറേഷന് സിന്ദൂരില്‍ പാകിസ്ഥാനെതിരായ ഇന്ത്യയുടെ വ്യോമാക്രമണ തന്ത്രത്തില്‍ റഫേല്‍ മികച്ച പ്രകടനം കാഴ്ചവെച്ചതിന്റെ പശ്ചാത്തലത്തിലാണ് കൂടുതല്‍ വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ കൊടുക്കുന്നത്. സ്പെക്ട്ര ഇലക്ട്രോണിക് വാര്‍ഫെയര്‍ സ്യൂട്ട് ഉപയോഗിച്ച് ചൈനീസ് നിര്‍മിത പിഎല്‍15 എയര്‍-ടു-എയര്‍ മിസൈലുകളെ സമര്‍ത്ഥമായി തകര്‍ക്കാന്‍ റഫേലിന് കഴിഞ്ഞു. പാകിസ്ഥാനിലെ ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ ഉപയോഗിച്ച സ്കാല്‍പ് മിസൈലുകള്‍ക്ക് പകരം ദീര്‍ഘദൂര എയര്‍-ടു-ഗ്രൗണ്ട് മിസൈലുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന റഫേല്‍ വിമാനങ്ങളില്‍ ഉണ്ടായേക്കും.
ഹൈദരാബാദില്‍ മെയിന്റനന്‍സ് ഫെസിലിറ്റി
ഹൈദരാബാദില്‍ റാഫേല്‍ ജെറ്റുകളില്‍ ഉപയോഗിക്കുന്ന എം88 എഞ്ചിനുകള്‍ക്കായി ഒരു മെയിന്റനന്‍സ്, റിപ്പയര്‍, ഓവര്‍ഹോള്‍ സൗകര്യം സ്ഥാപിക്കാല്‍ ദസ്സോ ഏവിയേഷന്‍ പദ്ധതിയുണ്ട്. ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസ് ലിമിറ്റഡ് പോലെയുള്ള ഇന്ത്യന്‍ എയ്റോസ്പേസ് സ്ഥാപനങ്ങളും നിര്‍മ്മാണത്തിന്റെ ഭാഗമാകാന്‍ സാധ്യതയുണ്ട്.