രാജ്യത്തെ എട്ട് സുപ്രധാന വ്യവസായങ്ങള്‍ ജൂലൈയില്‍ 2 ശതമാനം വളര്‍ച്ച നേടി. ജൂണിലെ 1.7 ശതമാനത്തേക്കാള്‍ നേരിയ വര്‍ധനയാണിത്. കല്‍ക്കരി, റിഫൈനറി മേഖലകളില്‍ പ്രതീക്ഷിച്ച വളര്ച്ചയുണ്ടാകാത്തതാണ് മൊത്തത്തിലുള്ള വളര്‍ച്ചയെ ദുര്‍ബലപ്പെടുത്തിയത്. അതേസമയം സ്റ്റീല്‍, സിമന്റ് ഉല്‍പ്പാദനത്തില്‍ മെച്ചപ്പെട്ട വളര്‍ച്ച ദൃശ്യമായി.
ജൂലൈയില്‍ കല്‍ക്കരി ഉല്‍പ്പാദനത്തില്‍ 12.3 ശതമാനം ഇടിവുണ്ടായതായി ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു. ജൂലൈയില്‍ ഇത് 6.8 ശതമാനമായിരുന്നു. അതേസമയം റിഫൈനറി ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനത്തില്‍ 1 ശതമാനം ഇടിവുണ്ടായി. ജൂണില്‍ 3.4 ശതമാനം വളര്‍ച്ച നേടിയ സ്ഥാനത്താണിത്. ക്രൂഡ് ഓയില്‍, പ്രകൃതിവാതകം, എന്നിവയുടെ ഉല്‍പ്പാദനത്തിലും യഥാക്രമം 1.3 ശതമാനം, 3.2 ശതമാനം എന്നിങ്ങനെ ഇടിവുണ്ടായി.
അതേസമയം നിര്‍മ്മാണ മേഖലയുമായി ബന്ധപ്പെട്ട വ്യവസായങ്ങളില്‍ സ്ഥിതി മെച്ചപ്പെട്ടു. സ്റ്റീല്‍ ഉല്‍പ്പാദനം ജൂണിലെ 9.7 ശതമാനത്തെ അപേക്ഷിച്ച് ജൂലൈയില്‍ 12.8 ശതമാനം വളര്‍ച്ച സ്വന്തമാക്കി. സിമന്റ് – 11.7 ശതമാനം (ജൂണില്‍ 8.2 ശതമാനം), വളം-2 ശതമാനം (ജൂണില്‍ ഉല്‍പ്പാദനം 1.2 ശതമാനം ഇടിഞ്ഞു) വളര്‍ച്ച നേടി. വൈദ്യുതോല്‍പ്പാദനം ജൂണിലെ 1.2 ശതമാനം ഇടിവില്‍ നിന്നും ജൂലൈയില്‍ 0.5 ശതമാനമായി കരകയറി.