യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അധിക താരിഫ് ഭീഷണികള്‍ നിലനില്‍ക്കെ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് വര്‍ധിപ്പിച്ച് ഇന്ത്യ. ഓഗസ്റ്റില്‍ പ്രതിദിനം ഇന്ത്യ ലോകരാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്തത് 5.2 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയിലാണ്. ഇതില്‍ 38% റഷ്യയില്‍ നിന്നാണെന്ന് ആഗോള തല്‍സമയ ഡാറ്റ, അനലിറ്റിക്സ് സ്ഥാപനമായ കെപ്ലറിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ജൂലൈയില്‍ പ്രതിദിനം 1.6 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയിലാണ് റഷ്യയില്‍ നിന്ന് ഇന്ത്യ വാങ്ങിയിരുന്നത്. ട്രംപിന്റെ ഭീഷണിക്ക് ശേഷം ഓഗസ്റ്റില്‍ ഇത് പ്രതിദിനം 2 ദശലക്ഷം ബാരലിലേക്ക് ഉയര്‍ന്നു. സമാന്തരമായി മറ്റ് രാജ്യങ്ങലില്‍ നിന്നുള്ള എണ്ണ വാങ്ങല്‍ ഇന്ത്യ കുറച്ചിട്ടുമുണ്ട്. ഇറാഖില്‍ നിന്നുള്ള വാങ്ങലുകള്‍ ഓഗസ്റ്റില്‍ പ്രതിദിനം 7,30,000 ബാരല്‍ ആയി കുറഞ്ഞു. സൗദി അറേബ്യയില്‍ നിന്നുള്ള ശരാശരി പ്രതിദിന ഇറക്കുമതി 7,00,000 ബാരലില്‍ നിന്ന് 5,26,000 ബാരലുകള്‍ ആയും കുറഞ്ഞു.
യുഎസില്‍ നിന്നുള്ള വാങ്ങലുകള്‍ വര്‍ധിപ്പിച്ചെങ്കിലും ഇത് പ്രതിദിനം 2,64,000 ബാരല്‍ മാത്രമാണ്.
നേരത്തെ കരാറായത്
‘2025 ജൂലൈ അവസാനത്തില്‍ ട്രംപ് ഭരണകൂടത്തിന്റെ താരിഫ് പ്രഖ്യാപനത്തിന് ശേഷവും ഇന്ത്യയിലേക്കുള്ള റഷ്യന്‍ ക്രൂഡ് ഇറക്കുമതി ഓഗസ്റ്റില്‍ പ്രതിരോധശേഷിയുള്ളതായി തുടരുന്നു,’ കെപ്ലറിലെ ലീഡ് റിസര്‍ച്ച് അനലിസ്റ്റ് (റിഫൈനിംഗ് & മോഡലിംഗ്) സുമിത് റിട്ടോലിയ പറഞ്ഞു. എന്നാല്‍ ഓഗസ്റ്റിലെ ഇറക്കുമതിക്ക് ജൂണിലും ജൂലൈയിലും കരാറായതാണെന്നും താരിഫുകള്‍, പേയ്മെന്റ് പ്രശ്നങ്ങള്‍, ഷിംപ്പിംഗ് പ്രശ്നങ്ങള്‍ എന്നിവ കാരണമുള്ള തടസങ്ങള്‍ സെപ്റ്റംബര്‍ അവസാനം മുതല്‍ ഒക്ടോബര്‍ വരെയുള്ള സമയത്തെ വാങ്ങലിലേ അറിയാനാവൂ എന്നും റിട്ടോലിയ ചൂണ്ടിക്കാട്ടി.
അത്തരം നിര്‍ദേശമൊന്നുമില്ല
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങരുതെന്ന നിര്‍ദേശമൊന്നും കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്ന് ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് (ഐഒസി) ചെയര്മാന് അരവിന്ദ് സിംഗ് സാഹ്നി പറഞ്ഞു. റഷ്യന്‍ ക്രൂഡ് വാങ്ങുന്നത് കൂട്ടാനോ കുറയ്ക്കാനോ തീരുമാനിച്ചിട്ടില്ലന്നും അദ്ദേഹം വ്യക്തമാക്കി. ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ സംസ്കരിച്ച ക്രൂഡ് ഓയിലിന്റെ 22% റഷ്യയില്‍ നിന്നായിരുന്നെന്നും സമീപ ഭാവിയില്‍ ഇത്രയും തന്നെ സംസ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.