പുതിയ ജിഎസ് ടി നിരക്കനുസരിച്ച് കാര്‍ബണേറ്റഡ് പാനീയങ്ങള്‍ക്ക് നികുതി കൂട്ടിയാലും പ്രമുഖ ശീതള പാനീയ നിര്‍മ്മാതാക്കളായ കൊക്കകോള ഉല്‍പ്പന്നങ്ങളുടെ വിലയില്‍ മാറ്റം വരുത്തില്ലെന്ന് സൂചന. സെപ്റ്റംബര്‍ 22-ന് പുതിയ ജിഎസ് ടി നിരക്കുകള്‍ പ്രാബല്യത്തില്‍ വരുമെങ്കിലും ഹിന്ദുസ്ഥാന്‍ കൊക്കകോള ബീവറേജ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പാനീയങ്ങള്‍ക്ക് വില കൂടിയേക്കില്ലെന്ന് എന്‍ഡിടിവി പ്രോഫിറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. തമ്പ്സ് അപ്പ്, കൊക്കകോള, സ്പ്രൈറ്റ്, ഫാന്റ, ലിംക, മിനിറ്റ് മെയ്ഡ്, മാസ എന്നിവയെല്ലാം കൊക്കകോളയുടെ പാനീയങ്ങളാണ്.
ഉപഭോക്താക്കള്‍ക്ക് ഗുണമുണ്ടാകാന്‍ വേണ്ടി അധികം വരുന്ന ജിഎസ് ടി കമ്പനി വഹിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതിനാല്‍ കൊക്കകോളയുടെ എയറേറ്റഡ്, കാര്‍ബണേറ്റഡ്, മധുര പാനീയങ്ങള്ക്കൊന്നും വില കൂടിയേക്കില്ല. അതേസമയം കൊക്കകോളയുടെ കുപ്പിവെള്ളമായ കിന്‍ലെയുടെ വില കുറയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 20 ലിറ്റര്‍ കുപ്പിവെള്ളത്തിന്റെ നികുതി 12 ശതമാനത്തില്‍ നിന്നും 5 ശതമാനമായി കുറച്ചിരുന്നു.
കാര്‍ബണേറ്റഡും കഫീന്‍ ചേര്‍ത്തതുമായ പാനീയങ്ങള്‍ക്കും ആല്‍ക്കഹോള്‍ അല്ലാത്ത എനര്‍ജി ഡ്രിങ്കുകള്‍ക്കും നിലവിലെ 28 ശതമാനം ജിഎസ് ടി പരിഷ്കരിച്ച് 40 ശതമാനമാക്കി മാറ്റാന്‍ സെപ്റ്റംബര്‍ 3ന് ചേര്‍ന്ന ജിഎസ് ടി കൗണ്‍സില്‍ തീരുമാനിച്ചിരുന്നു. കാര്‍ബണേറ്റഡ് ഫ്രൂട്ട് ഡ്രിങ്കുകള്‍ക്കും അതുപോലുള്ള മറ്റ് പാനീയങ്ങള്‍ക്കും മുമ്പ് 28 ശതമാനം ജിഎസ് ടിയും അതിനൊപ്പം അധിക നഷ്ടപരിഹാര സെസ്സും ഈടാക്കിയിരുന്നു. എന്നാലിപ്പോള്‍ സെസ്സ് പിന്‍വലിച്ച് നികുതി 40 ശതമാനമാക്കി ഉയര്‍ത്തുകയാണ് ചെയ്തതെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന് അറിയിച്ചിരുന്നു.
40 ശതമാനം പ്രത്യേക ജിഎസ് ടി ഹിന്ദുസ്ഥാന്‍ കൊക്കകോളയുടെ മാസയും മിനിട്ട് മെയ്ഡും ഉള്‍പ്പടെയുള്ള ഫ്രൂട്ട് ഡ്രിങ്കുകള്‍ക്ക് ബാധകമാകും. ആല്‍ക്കഹോള്‍ അല്ലാത്ത മറ്റ് ബീവറേജുകള്‍ക്കും 40 ശതമാനം ജിഎസ് ടി ഏര്‍പ്പെടുത്താനാണ് കൗണ്‍സിലിന്റെ ശുപാര്‍ശ.