അപ്പോളോ ഹോസ്പിറ്റല്‍സിന്റെ പ്രമോട്ടറും മാനേജിംഗ് ഡയറക്ടറുമായ സുനീത റെഡ്ഡി 1.2 ശതമാനം കമ്പനി ഓഹരികള്‍ വില്‍ക്കുമെന്ന് അഭ്യൂഹം. സിഎന്‍ബിസി ആവാസ് ആണ് ഇതുമായി ബന്ധപ്പെട്ട സ്രോതസ്സുകളെ ഉദ്ധരിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബ്ലോക്ക് ഡീല്‍ വഴിയുള്ള ഓഹരിയിടപാടാണ് പദ്ധതിയിടുന്നത്.
ഇത്രയും ഓഹരികള്‍ക്ക് 1395 കോടി രൂപ മൂല്യമാണ് കണക്കാക്കുന്നത്. ഓഹരിയൊന്നിന് 7,747 രൂപ നിരക്കില്‍ 18 ലക്ഷം ഓഹരികളാണ് സുനീത റെഡ്ഡി വില്‍ക്കുക. മോര്ഗന് സ്റ്റാന്‍ലി ആയിരിക്കും ഈ ഇടപാടിലെ ബ്രോക്കര്‍.
2025 ജൂണ്‍ വരെയുള്ള കണക്കനുസരിച്ച് അപ്പോളോ ഹോസ്പിറ്റല്‍സിന്റെ സ്ഥാപക കുടുംബത്തിലെ അംഗമായ സുനീതയ്ക്ക് കമ്പനിയില്‍ 3.36 ശതമാനം ഓഹരികളാണ് ഉള്ളത്. 1989 മുതല്‍ സുനീത കമ്പനി പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. വാര്‍ത്തയില്‍ പറയുന്നത് പ്രകാരം ഓഹരികള്‍ വിറ്റാല്‍ സുനീതയ്ക്ക് കമ്പനിയില്‍ ഉള്ള ഓഹരി പങ്കാളിത്തം 2.11 ശതമാനമായി ചുരുങ്ങും.
ഇന്ന് അപ്പോളോ ഓഹരികളുടെ വില 1 ശതമാനം വര്‍ധിച്ച് എക്കാലത്തെയും ഉയര്‍ന്ന നിലയായ 7,947 രൂപയിലെത്തി. കഴിഞ്ഞ ഒരു മാസം കമ്പനി ഓഹരികള്‍ 9 ശതമാനം നേട്ടം കൈവരിച്ചു. കഴിഞ്ഞ ആറുമാസത്തിനിടെ 25 ശതമാനം നേട്ടമാണ് അപ്പോളോ ഓഹരികള്‍ക്കുണ്ടായത്. ഈ മാസം തുടക്കത്തില്‍ അറ്റാദായത്തില്‍ 42 ശതമാനം വര്‍ധനയാണ് കമ്പനി റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ജൂണ്‍ 30ന് അവസാനിച്ച പാദത്തില്‍ 433 കോടി രൂപയാണ് കമ്പനി ലാഭമുണ്ടാക്കിയത്. വരുമാനം 15 ശതമാനം വര്‍ധിച്ച് 5,842 കോടി രൂപയിലെത്തി.