ബിസിനസിൽ ഇനി ഡാറ്റ ഡ്രിവൻ ബിസിനസുകൾക്ക് മാത്രമേ നിലനിൽപ്പുള്ളൂ എന്ന് പറയുകയാണ് പ്രശസ്ത സംരംഭകനും ഫ്രഷ് റ്റു ഹോം സ്ഥാപകനും സിഒഒയുമായ മാത്യു ജോസഫ്. സംരംഭം ചെറുതായാലും വലുതായാലും അടുത്ത തലത്തിലേക്ക് പോകണമെങ്കിലും നിക്ഷേപം കൊണ്ട് വരണമെങ്കിലുമൊക്കെ ഡാറ്റാ ഏറെ പ്രധാനപ്പെട്ടതാണ്. ഇനിയുള്ളത് ഡാറ്റ ഡ്രിവൻ ബിസിനസുകളുടെ കാലമാണ് എന്ന് ഫ്രഷ് റ്റു ഹോമിന്റെ വിജയം ഉദാഹരണമായി കാണിച്ചു കൊണ്ട് പറയുകയാണ് മാത്യു ജോസഫ്.
”ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ ഫ്രഷ് റ്റു ഹോമിന്റെ ഉപഭോക്താവായിരുന്നു, നടി പ്രീതി സിന്റ ഉപഭോക്താവായിരുന്നു, ഫ്രഷ് റ്റു ഹോമിൽ നിക്ഷേപവുമായെത്തിയ ഷാൻ കടവിലും ഞങ്ങളുടെ ഉപഭോക്താവായിരുന്നു. എന്നാൽ ഇതൊന്നും എനിക്ക് അറിയില്ലായിരുന്നു. പിന്നീട്, എന്റെ ബിസിനസ് ഡാറ്റകൾ ഞാൻ പഠിക്കാനും വിശകലനം ചെയ്യാനും തുടങ്ങിയതോടെയാണ് ഇക്കാര്യങ്ങൾ ഞാൻ മനസിലാക്കുന്നത്. തുടർന്നുള്ള ബിസിനസ് വളർച്ചയ്ക്കും മാർക്കറ്റിംഗിനും ഈ ഡാറ്റ ഉപയോഗിക്കാൻ എനിക്ക് സാധിച്ചു” മാത്യു ജോസഫ് പറയുന്നു.
ഇപ്പോൾ ബിസിനസ്സിലേക്ക് ഇറങ്ങുന്ന എല്ലാവരോടും മാത്യു ജോസഫ് പറയുന്നത് ബിസിനസ് ചെറുതോ വലുതോ ആകട്ടെ, അതിൽ നടക്കുന്ന ഓരോ പ്രവർത്തനങ്ങൾക്കും ഉപഭോക്താക്കൾക്കും കൃത്യമായ ഡാറ്റ ഉണ്ടാകണം. ഡാറ്റ ഡ്രിവൻ ബിസിനസ്സ് എന്നത് നാളെയുടെ ഉറപ്പാണ്. ഒരു ഹോസ്പിറ്റൽ നടത്തുമ്പോൾ, കഴിഞ്ഞ മാസം എത്ര രോഗികൾ വന്നു, എത്ര ആളുകൾക്ക് ഫാർമസിയിൽ നിന്നും മരുന്ന് നൽകി തുടങ്ങിയ ചോദ്യങ്ങൾ ചോദിക്കുമ്പോൾ അതിനു ഉത്തരമില്ലെങ്കിൽ ആ ബിസിനസിന്റെ നടത്തിപ്പ് ശരിയായ ദിശയിലല്ല എന്ന് പറയാം.
ഏതൊരു സംരംഭത്തിനും മുന്നോട്ട് പോകാൻ ഡാറ്റ ഭദ്രമായിരിക്കുക എന്നതാണ് പ്രധാനം.കഴിഞ്ഞ മാസം പ്രസ്തുത ഹോസ്പിറ്റലിൽ ഇത്ര ആൾക്കാർ വന്നു. അതിൽ ഇത്ര പേര് ഹോസ്പിറ്റലിൽ നിന്ന് മരുന്ന് വാങ്ങി. ബാക്കിയുള്ളവർ പുറത്തു നിന്ന് വാങ്ങി. എന്തുകൊണ്ട് അവർ പുറത്തു നിന്ന് വാങ്ങി എന്നുള്ള ഡാറ്റകൾ നമ്മൾ പഠിപ്പിച്ചാലേ അടുത്ത മാസം കൂടുതൽ ഉയർച്ച ഉണ്ടാകാൻ പറ്റുകയുള്ളൂ.അതിനാൽ തന്നെ സംരംഭവുമായി ബന്ധപ്പെട്ട എല്ലാ ഡാറ്റകളും സ്റ്റോർ ചെയ്യുക എന്നതാണ് പ്രധാനം.