ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുടെ ഇന്ത്യാസന്ദര്‍ശനം പുരോഗമിക്കുന്നതിനിടെ ഇതുവരെ നടന്ന ചര്‍ച്ചകള്‍ ഫലപ്രദമായെന്ന് സൂചന. ഇന്ത്യയിലേക്കുള്ള റെയര്‍ എര്‍ത്ത് മൂലകങ്ങള്‍ക്കുള്ള കയറ്റുമതി നിയന്ത്രണങ്ങള്‍ ചൈന പിന്‍വലിച്ചതായി റിപ്പോര്‍ട്ട്. റോയിട്ടേഴ്സ് ആണ് ആഗസ്റ്റ് 19, ചൊവ്വാഴ്ച്ച ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വളം, ടണല്‍ ബോറിംഗ് മെഷീനുകള്‍, റെയര്‍ എര്‍ത്ത് മൂലകങ്ങള്‍ തുടങ്ങി ഇന്ത്യ മുന്നോട്ടുവെച്ച മൂന്ന് പ്രധാന വിഷയങ്ങള്‍ പരിഹരിക്കുമെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വാങ് യീ ഉറപ്പുനല്‍കിയതായി മാധ്യമങ്ങള്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് റെയര്‍ എര്‍ത്ത് കയറ്റുമതിയില്‍ നിയന്ത്രണങ്ങള്‍ നീക്കിയതായുള്ള റോയിട്ടേഴ്സ് റിപ്പോര്‍ട്ട്.
ഏപ്രില്‍ നാലിനാണ് ചൈന ഇന്ത്യയിലേക്കുള്ള റെയര്‍ എര്‍ത്ത് കയറ്റുമതിക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഇത് രാജ്യത്തെ വാഹന നിര്‍മ്മാണ മേഖലയെ ബാധിച്ചിരുന്നു. പിന്നാലവെ വിയറ്റ്നാം, ഇന്തോനേഷ്യ, ജപ്പാന്, യുഎസ്, റഷ്യ തുടങ്ങി റെയര്‍ എര്‍ത്ത് മൂലകങ്ങളുടെ മറ്റ് ഉല്പ്പാദകരാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു. നിയന്ത്രണത്തില്‍ ഇളവ് ചെയ്യാന്‍ ചൈനയുമായും ഇന്ത്യ ചര്‍ച്ചകള്‍ നടത്തിയിരുന്നു.
ദ്വിദിന സന്ദര്‍ശനത്തിന് ഇന്ത്യയിലെത്തിയ വാങ് യീ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ഇന്ന് ഹൈദരാബാദ് ഹൗസില്‍ കൂടിക്കാഴ്ച നടത്തും. ഇന്ന് വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ചൈനീസ് വിദേശകാര്യമന്ത്രി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.
ആഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 1 വരെ ടിയാന്‍ജിനില്‍ വെച്ച് നടക്കുന്ന ഷാന്‍ഗായി സഹകരണ സംഘടന ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചൈന സന്ദര്‍ശിക്കാനിരിക്കെയാണ് ചൈനീസ് വിദേശകാര്യമന്ത്രി ഇന്ത്യയില്‍ എത്തിയിരിക്കുന്നത്.