ജോ ബൈഡന് ഭരണകൂടം വാക്കുപറഞ്ഞ ഗ്രാന്റുകള്‍ നല്‍കുന്നതിന് പകരമായി ഓഹരി ഉടമസ്ഥാവകാശം നല്‍കണമെന്ന് ചിപ്പ് നിര്‍മ്മാതാക്കളായ ഇന്റെലിനോട് അമേരിക്ക. യുഎസ് കൊമേഴ്സ് സെക്രട്ടറി ഹൊവാര്‍ഡ് ലട്നിക് ഇക്കാര്യം സ്ഥിരീകരിച്ചു. ‘തങ്ങളുടെ പണത്തിന് പകരമായി ഓഹരി അവകാശം വേണം’, സിഎന്‍ബിസിക്ക് നല്കിയ അഭിമുഖത്തില്‍ ലട്നിക് വ്യക്തമാക്കി. അമേരിക്ക ഇന്റെലിലെ 10 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുന്ന കാര്യം പരിഗണിക്കുകയാണെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണം വന്നിരിക്കുന്നത്. ലട്നികും കൊമേഴ്സ് ഡിപ്പാര്‍ട്മെന്റും ഇതിനായുള്ള ശ്രമത്തിലാണെന്ന് വൈറ്റ്ഹൗസ് പ്രസ്സ് സെക്രട്ടറി കരോലിന് ലീവിറ്റും സ്ഥിരീകരിച്ചിട്ടുണ്ട്. അത്തരമൊരു കരാര്‍ വളരെ സര്‍ഗാത്മകമായ ആശയമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അഭ്യൂഹങ്ങള്‍ക്കിടെ ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് ഇന്റെല്‍ ഓഹരികളുടെ മൂല്യം 7.2 ശതമാനം ഉയര്‍ന്നു.ഇന്റെലില്‍ 2 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് ജപ്പാന് ആസ്ഥാനമായ ടെക് നിക്ഷേപകേ കമ്പനി സോഫ്റ്റ്ബാങ്കും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ജോ ബൈഡന് പ്രസിഡന്റായിരുന്നപ്പോള്‍ പാസാക്കിയ ചിപ്പ്സ് ആന്‍ഡ് സയന്‍സ് നിയമത്തെ പിന്‍പറ്റി ഗ്രാന്റുകള്‍ നല്കിയ നടപടിയെ ലട്നിക് കുറ്റപ്പെടുത്തി. ഫണ്ടിംഗ് വെറുതെ പോകുകയാണെന്നും അമേരിക്കയിലെ സെമികണ്ടക്ടര്‍ വ്യവസായത്തെ ശാക്തീകരിക്കാന്‍ ലക്ഷ്യമിട്ട നിയമം ഉപയോഗിച്ച് ജോ ബൈഡന് ഭരണകൂടം ബില്യണുകള്‍ ഗ്രാന്റ് ആയി നല്‍കിയെന്നും ലട്നിക് ആരോപിച്ചു.
ട്രംപ് ഭരണകൂടം ഇന്റെല്‍ ഓഹരികള്‍ നേടാന്‍ ശ്രമിക്കുന്നുണ്ടെന്ന് നേരത്തെ ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്റെലിലെ 10 ശതമാനം ഓഹരികള്‍ ഏതാണ്ട് 10 ബില്യണ്‍ ഡോളര്‍ മൂല്യമുള്ളവയാണ്. വാണിജ്യ, പ്രതിരോധ ഉല്‍പ്പാദനത്തിന് വേണ്ടി ഇന്റലിന് 10.9 ബില്യണ്‍ ഡോളര്‍ ഗ്രാന്റായി അനുവദിക്കാനാണ് ബൈഡന് ഭരണകൂടം തീരുമാനിച്ചിരുന്നത്. 10 ശതമാനം ഓഹരി അവകാശത്തിനായി ഈ തുക മതിയാകുമെന്നാണ് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം ഇക്കാര്യത്തില്‍ ഇന്റലില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇന്റെല്‍ സിഇഒ ലിപ്-ബു ടാനും തമ്മില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഇന്റെലിലെ അമേരിക്കന്‍ ഉടമസ്ഥത സംബന്ധിച്ച അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്. ചൈനീസ് കമ്പനികളുമായി ലിപ് ബു ടാനിന് ബന്ധമുണ്ടെന്ന് ആരോപിച്ച് അദ്ദേഹത്തോട് രാജിവെക്കാന്‍ ട്രംപ് ആവശ്യപ്പെട്ടിരുന്നെങ്കിലും കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രംപ് നിലപാട് മയപ്പെടുത്തിയെന്നാണ് സൂചന.