തിരഞ്ഞെടുക്കുന്ന ആയിരം സംരംഭങ്ങളുടെ ഉല്പാദനശേഷി ഉയര്‍ത്തുന്നതിന് പുതിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. സൂക്ഷ്മ സംരംഭങ്ങളെ ചെറുകിട സംരംഭങ്ങളായും ചെറുകിട സംരംഭങ്ങളെ ഇടത്തരം സംരംഭങ്ങളായും ശേഷി ഉയര്‍ത്തുന്നതിനുള്ള പദ്ധതി മുഖേന നിര്‍മ്മാണ സ്ഥാപനങ്ങള്‍ക്കും സേവന സ്ഥാപനങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ ലഭിക്കും

കേരളത്തില്‍ നടപ്പിലാക്കിയ ഒരു ലക്ഷം സംരംഭങ്ങളുടെ ഭാഗമായി പുതിയ ഒരു പദ്ധതി കൂടി തുടങ്ങുകയാണ് (MSME Scale up Mission). തിരഞ്ഞെടുക്കുന്ന ആയിരം സംരംഭങ്ങളുടെ ഉല്പാദനശേഷി ഉയര്‍ത്തുന്നതിന് പുതിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. സൂക്ഷ്മ സംരംഭങ്ങളെ ചെറുകിട സംരംഭങ്ങളായും ചെറുകിട സംരംഭങ്ങളെ ഇടത്തരം സംരംഭങ്ങളായും ശേഷി ഉയര്‍ത്തുന്നതിനുള്ള പദ്ധതി (Scheme towards assistance for Micro to Small, Small to Medium Scaling up of MSMES) എന്നാണ് ഇതിന്റെ പേര്. ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവ് 20/05/2023 ല്‍ പുറത്തിറങ്ങി. നിര്‍മ്മാണ സ്ഥാപനങ്ങള്‍ക്കും സേവന സ്ഥാപനങ്ങള്‍ക്കും ഇത് പ്രകാരമുള്ള ആനുകൂല്യം ലഭിക്കും.

മൂന്ന് ഘട്ടമായി ആനുകൂല്യങ്ങള്‍
- പ്രോജക്ട് റിപ്പോര്‍ട്ടിന് ധനസഹായം
ഉല്‍പ്പാദന ശേഷി ഉയര്‍ത്തുന്നതിന് വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത് ഒരു ലക്ഷം രൂപ വരെയാണ് പരമാവധി സബ്സിഡി ലഭിക്കുക. വ്യവസായ വകുപ്പിന്റെ അംഗീകൃത കണ്‍സള്‍ട്ടന്റുമാര്‍ ഉണ്ടാക്കിയ പ്രോജക്ട് റിപ്പോര്‍ട്ടുകള്‍ക്കാണ് ഇപ്രകാരം ആനുകൂല്യം കിട്ടുക.
- സ്ഥിരനിക്ഷേപത്തിന് സബ്സിഡി
സ്കെയില്‍ അപ് ചെയ്യുന്നതിന് വേണ്ടി വരുന്ന സ്ഥിര നിക്ഷേപത്തിന് 40% വരെ സര്‍ക്കാര്‍ സബ്സിഡി ലഭിക്കും. അധികമായ ഭൂമി, കെട്ടിടം, മെഷിനറികള്‍, മറ്റ് സ്ഥിര നിക്ഷേപങ്ങള്‍ എന്നിവ ഇതിന് പരിഗണിക്കും. ഇത്തരത്തില്‍ നിക്ഷേപം പൂര്‍ത്തിയാക്കി ഒരു വര്‍ഷത്തിനുള്ളില്‍ അപേക്ഷിക്കണം. വൈകി ലഭിക്കുന്ന അപേക്ഷകളും മതിയായ കാരണങ്ങളുണ്ടെങ്കില്‍ മാപ്പ് ആക്കി പരിഗണിക്കും. ഒരു സംരംഭത്തിന് പരമാവധി ലഭിക്കുന്ന സബ്സിഡി 2 കോടി രൂപ വരെയാണ്. പല ഘട്ടങ്ങളിലായി ഇപ്രകാരം സബ്സിഡി വാങ്ങുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കും.
- പ്രവര്‍ത്തന മൂലധന വായ്പക്ക് പലിശ സബ്സിഡി
ഉല്‍പ്പാദനശേഷി ഉയര്‍ത്തല്‍ പദ്ധതിയുടെ ഭാഗമായി വാങ്ങുന്ന പ്രവര്‍ത്തന മൂലധന വായ്പയിന്മേലുള്ള പലിശയുടെ 50 ശതമാനമാണ് സബ്സിഡിയായി ലഭിക്കുക. പലിശ അടച്ചശേഷം അത് തിരിച്ചു നല്കുന്ന രീതിയില്‍ ആയിരിക്കും പദ്ധതി. ആറുമാസത്തിലൊരിക്കലോ ഒരു വര്‍ഷത്തിലൊരിക്കലോ നാലുവര്‍ഷം കൂടുമ്പോഴോ ഇപ്രകാരം ആനുകൂല്യത്തിന് അപേക്ഷിക്കാവുന്നതാണ്. 50 ലക്ഷം രൂപ വരെയാണ് പരമാവധി പലിശ സബ്സിഡിയായി ലഭിക്കുക. നാലുവര്‍ഷവും തുടര്‍ച്ചയായി ലഭിക്കും എന്ന നേട്ടമുണ്ട്. പ്രവര്‍ത്തന മൂലധനത്തിന് അധിക വായ്പയും പുതിയ വായ്പയും എടുക്കുമ്പോള്‍ ഈ ആനുകൂല്യം കിട്ടും എന്നാല്‍ പുതുക്കുന്നതിന് ലഭിക്കില്ല.

ജില്ലാ സംസ്ഥാന തല സമിതികള്‍
നടത്തിപ്പിന് ജില്ലാതലത്തിലും സംസ്ഥാനതലത്തിലും പ്രത്യേക സമിതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. ജില്ലാ കളക്ടര്‍ ചെയര്‍മാനും ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ മെമ്പര്‍ സെക്രട്ടറിയും, എല്‍ഡിഎം, ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്റ്, കെഎഫ്സി, കെഎസ്എസ്ഐഎ തുടങ്ങിയവര്‍ അംഗങ്ങളായി ജില്ലാതലത്തിലും, ഡയറക്ടറുടെ മേല്‍നോട്ടത്തില്‍ സംസ്ഥാനതലത്തിലും കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. ഈ കമ്മിറ്റികളുടെ അംഗീകാരത്തിന് വിധേയമായിട്ടാണ് ആനുകൂല്യങ്ങള്‍ ലഭിക്കുക.
അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- മുന്‍കൂട്ടി പ്രോജക്ട് അംഗീകരിച്ച് വാങ്ങണം. ഇതിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടത് വ്യവസായ വകുപ്പിന്റെ ഓണ്‍ലൈന്‍ സൈറ്റ് വഴിയാണ്.
- താലൂക്ക് വ്യവസായ ഓഫീസുകളിലാണ് ക്ലെയിമിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. 30 ദിവസത്തിനുള്ളില്‍ അപേക്ഷയില്‍ ശുപാര്‍ശ ചെയ്തു ജില്ലാ കമ്മിറ്റിക്ക് സമര്‍പ്പിക്കണം.
- മുന്‍കൂര്‍ അംഗീകാരം കിട്ടിയതിനുശേഷം വേണം ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷ സമര്‍പ്പിക്കാന്‍
- ഉല്‍പ്പാദന തോത് ഉയര്‍ത്തല്‍ പ്രക്രിയ പൂര്‍ത്തിയാക്കി ഒരു വര്‍ഷത്തിനുള്ളില്‍ സ്ഥിര നിക്ഷേപ സബ്സിഡിക്കുള്ള അപേക്ഷ സമര്‍പ്പിക്കണം. എന്നാല്‍ മതിയായ കാരണങ്ങളുണ്ടെങ്കില്‍ മൂന്ന് വര്‍ഷം വരെ ഇളവ് ലഭിക്കുന്നതിനും വ്യവസ്ഥയുണ്ട്.
- പ്രവര്‍ത്തന മൂലധന വായ്പ കൈപ്പറ്റി ആറുമാസത്തിനുള്ളിലോ ഒരു വര്‍ഷത്തിനുള്ളിലോ നാലുവര്‍ഷത്തിനു ശേഷമോ പലിശ സബ്സിഡി ക്ലെയിം ചെയ്യാവുന്നതാണ്. നാലുവര്‍ഷത്തിനുശേഷം ക്ലെയിംചെയ്യുമ്പോള് മൂന്നുമാസത്തിനുള്ളില്‍ അപേക്ഷ സമര്‍പ്പിക്കണം.
- ശേഷി ഉയര്‍ത്തുന്ന നടപടി പൂര്‍ത്തിയാക്കിയ ശേഷം അഞ്ചുവര്‍ഷം തുടര്‍ച്ചയായി പ്രവര്‍ത്തിച്ചു കൊള്ളാം എന്ന് സംരംഭകര്‍ അണ്ടര്‍ടേക്കിങ് നല്‍കണം.
- അപേക്ഷയില്‍ നടപടി എടുക്കുവാന്‍ കൃത്യമായ സമയക്രമവും (30 ദിവസം) ഉത്തരവില്‍ പറയുന്നുണ്ട്.
- അപേക്ഷയില്‍ കാലതാമസം വരുത്തുന്ന ഉദ്യോഗസ്ഥര്‍ പ്രതിദിനം 500 രൂപ നഷ്ടപരിഹാരം, പരമാവധി 10000 രൂപ വരെ നല്‍കണമെന്നും, അത് ശമ്പളത്തില്‍ നിന്ന് പിടിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
- ചെറിയ തോതിലുള്ള ഫീസും അപേക്ഷയോടൊപ്പം നല്‍കണം. സിപിആര്‍ സബ്സിഡിക്ക് ആയിരം രൂപയും സ്ഥിരനിക്ഷേപ സബ്സിഡിക്ക് 0.1% വും (5000 മുതല്‍10000 വരെ) പ്രവര്‍ത്തന മൂലധന പലിശ സബ്സിഡിക്ക് 0.1 % വും (1000മുതല്‍ 5000 വരെ) ഫീസ് നല്‍കണം.

സൂക്ഷ്മ സംരംഭങ്ങളെ ചെറുകിട സംരംഭങ്ങള്‍ ആയി ഉയര്‍ത്തുന്നതിനും ചെറുകിട സംരംഭങ്ങളെ ഇടത്തരം സംരംഭങ്ങളായി വളര്‍ത്തുന്നതിനും ലക്ഷ്യം വച്ചുകൊണ്ടാണ് ഇത്തരത്തിലുള്ള ഒരു പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുന്നത്.
(സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്ടറാണ് ലേഖകന്‍.)