[:en]ഏറെ കാത്തിരുന്ന ഡോണാള്‍ഡ് ട്രംപ് വ്ളാദിമര്‍ പുടിന് ചര്‍ച്ചയില്‍ സുപ്രധാന തീരുമാനങ്ങളോ ഉടമ്പടികളോ ഉണ്ടായില്ല. യുക്രൈയ്നിലെ റഷ്യന്‍ അധിനിവേശം അവസാനിക്കുന്നതിനുള്ള സമാധാന ഉടമ്പടിയില്‍ തീരുമാനമുണ്ടാക്കുക എന്നതായിരുന്നു ചര്‍ച്ചയുടെ പ്രധാനലക്ഷ്യമെങ്കില്‍ അക്കാര്യത്തില്‍ കാര്യമായ പുരോഗതിയുണ്ടാക്കാന്‍ ട്രംപിന് കഴിഞ്ഞിട്ടില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്ന് ട്രംപും പുടിനും അവകാശപ്പെട്ടെങ്കിലും കൂടുതല്‍ വിശദീകരണങ്ങള്‍ക്ക് ഇരുനേതാക്കളും തയ്യാറായിട്ടില്ല.
മൂന്നുമണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കൊടുവില്‍ ഇരുനേതാക്കളും മാധ്യമങ്ങളെ കണ്ടെങ്കിലും മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയോ ഏതെല്ലാം വിഷയങ്ങളിലാണ് പുരോഗതിയുണ്ടായതെന്ന് വ്യക്തമാക്കുകയോ ചെയ്തില്ല. അതിനാല്‍ തന്നെ യൂറോപ്പില്‍ വര്‍ഷങ്ങളായി തുടരുന്ന രക്തച്ചൊരിച്ചല്‍ ഇല്ലാതാക്കുന്ന ഉടമ്പടിയില്‍ ഏതെങ്കിലും രീതിയിലുള്ള പുരോഗതി ഉണ്ടാക്കാന്‍ ട്രംപിന് സാധിച്ചില്ലെന്ന് വേണം കരുതാന്‍. അതേസമയം ട്രംപുമായി മുഖാമുഖ ചര്‍ച്ച സാധിച്ചുവെന്നത് പുടിന്റെ വിജയമായും കരുതാം.
ചൈനയ്ക്ക് നേട്ടം
യുക്രൈന് പ്രശ്നത്തില്‍ തീരുമാനമുണ്ടാക്കാന്‍ സാധിച്ചില്ലെങ്കിലും പുടിനുമായുള്ള ചര്‍ച്ചയുടെ ഫലമായി റഷ്യന്‍ എണ്ണ വാങ്ങുന്നതിന് ചൈനയ്ക്ക് അധിക താരിഫ് ഏര്‍പ്പെടുത്താനുള്ള തീരുമാനം നീട്ടിവെച്ചതായി ട്രംപ് വ്യക്തമാക്കി. ഇന്ന് സംഭവിച്ചതിന്റെ കാരണത്താല്‍ അതെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കേണ്ടതില്ല. രണ്ടോ മൂന്നോ ആഴ്ചകള്‍ക്ക് ശേഷം അതെക്കുറിച്ച് ചിന്തിച്ചാല്‍ മതി. ചൈനീസ് താരിഫ് സംബന്ധിച്ച് ട്രംപ് പറഞ്ഞു. അതേസമയം റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഇറക്കുമതിക്ക് ഇന്ത്യയ്ക്ക് ഏര്‍പ്പെടുത്തിയ അധികച്ചുങ്കത്തില് മാറ്റമില്ല.
ഉപരോധ ഭീഷണി വീണ്ടും
അതേസമയം യുക്രൈന് യുദ്ധത്തെ ചൊല്ലി അലാസ്ക ചര്‍ച്ചയിലും ട്രംപ് റഷ്യക്കെതിരെ ഉപരോധ ഭീഷണി മുഴക്കിയെന്നാണ് സൂചന. എന്നാല്‍ അക്കാര്യത്തില്‍ ധീരമായ നിലപാടെടുക്കാനും ട്രംപിന് സാധിച്ചിട്ടില്ല. ഈ മാസം ആദ്യത്തോടെ ട്രംപ് മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ അവധി പുടിന് ഇതുവരെ ഗൗരവത്തിലെടുത്തിട്ടില്ല എന്നതും അമേരിക്കയുടെ ഉപരോധനീക്കത്തെ റഷ്യ പേടിക്കുന്നില്ല എന്നതിന്റെ സൂചനയാണ്.
പുടിനും സെലന്‍സ്കിയും കാര്യങ്ങള്‍ തീരുമാനിക്കണം
പുടിനുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം ഫോക്സ് ന്യൂസിന് നല്കിയ അഭിമുഖത്തില്‍ പുടിനും യുക്രൈന് പ്രസിഡന്റ് വ്ളാദിമര്‍ സെലന്‍സ്കിയും തമ്മിലുള്ള ചര്‍ച്ച വേണമെന്ന നിര്‍ദ്ദേശമാണ് ട്രംപ് മുന്നോട്ടുവെച്ചത്. എന്നാല്‍ ആരാണ് ചര്‍ച്ചയ്ക്ക് മുന്‍കൈ എടുക്കുന്നതെന്നോ ആരെല്ലാം പങ്കെടുക്കുമെന്നോ ട്രംപ് വിശദീകരിച്ചില്ല. എന്നാല്‍ സെലന്‍സ്കിയുമായി ചര്‍ച്ച നടത്തുന്നതിനെ കുറിച്ച് പുടിന് ഒരക്ഷരം സംസാരിച്ചിട്ടില്ല. എന്നാല്‍ അമേരിക്ക-റഷ്യ സമാധാന ചര്‍ച്ചകളുടെ തീരുമാനങ്ങള്‍ യുക്രൈനും യൂറോപ്യന്‍ സഖ്യകക്ഷികളും അംഗീകരിക്കുമെന്നും നിലവിലെ പുരോഗതിയെ ഇല്ലാതാക്കില്ലെന്നുമാണ് താന്‍ കരുതുന്നതെന്ന് പുടിന് പറഞ്ഞു. പ്രശ്നത്തില്‍ ദീര്‍ഘകാല സമാധാനം കൈവരിക്കണമെങ്കില്‍ പ്രശ്നത്തിന്റെ മൂലകാരണങ്ങള്‍ ഇല്ലാതാക്കണമെന്ന റഷ്യയുടെ നിലപാടില്‍ മാറ്റമില്ലെന്ന സൂചനയാണ് പുടിന് നല്‍കിയത്.[:]