2024 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദന (ജിഡിപി) വളര്‍ച്ചാ പ്രവചനം നേരത്തെയുള്ള 6 ശതമാനത്തില്‍ നിന്ന് 6.4 ശതമാനമായി ഉയര്‍ത്തി ആഗോള റേറ്റിംഗ് ഏജന്‍സിയായ എസ് ആന്റ് പി ഗ്ലോബല്‍ റേറ്റിംഗ്സ്. ആഗോള മാന്ദ്യം കയറ്റുമതിയെ പിന്നോട്ടടിക്കുന്നതും ഉയര്‍ന്ന പണപ്പെരുപ്പവും പോലെ പ്രതികൂല ഘടകങ്ങളുണ്ടെങ്കിലും ആഭ്യന്തര ഡിമാന്‍ഡ് ഉയര്‍ന്നു നില്‍ക്കുന്നത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് നേട്ടമാണെന്ന് എസ് ആന്‍ഡ് പി ഗ്ലോബല്‍ ചൂണ്ടിക്കാട്ടുന്നു.
എന്നിരുന്നാലും, 2025 സാമ്പത്തിക വര്‍ഷത്തേക്കുള്ള രാജ്യത്തിന്റെ ജിഡിപി വളര്‍ച്ചാ പ്രവചനം മുമ്പത്തെ 6.9 ശതമാനത്തില്‍ നിന്ന് 6.4 ശതമാനമായി റേറ്റിംഗ് ഏജന്‍സി കുറച്ചിട്ടുണ്ട്. മന്ദഗതിയിലുള്ള ആഗോള വളര്‍ച്ച, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നുള്ള പലിശ നിരക്ക് വര്‍ദ്ധനയുടെ സ്വാധീനം എന്നിവ മൂലം വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ വളര്‍ച്ച കുറയുമെന്ന പ്രതീക്ഷയുടെ പശ്ചാത്തലത്തിലാണ് നടപടി. ആര്‍ബിഐ 2025 സാമ്പത്തിക വര്‍ഷം 6.6 ശതമാനം ജിഡിപി വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്.
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഇന്ത്യയില്‍ ജിഡിപി 2019 ലെ നിലവാരത്തേക്കാള്‍ 15.5 ശതമാനം ഉയര്‍ന്നതായും ഏജന്‍സി അഭിപ്രായപ്പെട്ടു. പണപ്പെരുപ്പം ഇപ്പോഴും ആര്‍ബിഐയുടെ ലക്ഷ്യമായ 4 ശതമാനത്തിന് മുകളിലായി തുടരുന്നതിനാല്‍ ഇന്ത്യയുടെ പലിശ നിരക്കുകള്‍ താഴാന്‍ കുറച്ച് സമയമെടുക്കുമെന്ന് എസ് ആന്റ് പി വിശ്വസിക്കുന്നു. 2024 മാര്‍ച്ചോടെ പലിശ നിരക്ക് 100 ബേസിസ് പോയിന്റ് കുറയുമെന്നാണ് ഏന്‍സിയുടെ വിലയിരുത്തല്‍.