ഏഴ് വര്‍ഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തന്ത്രപ്രധാനമായ ചൈന സന്ദര്‍ശനം ആരംഭിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പിഴച്ചുങ്കത്തിനെതിരെ യോജിച്ചു നിലകൊള്ളാമെന്ന ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗിന്റെ ആഹ്വാനത്തിന്റെ പിന്നാലെയാണ് മോദി ചൈനയിലെത്തിയിരിക്കുന്നത്. റഷ്യന്‍ പ്രസിഡന്റ് പുടിന് കൂടി അടുത്ത ദിവസം ചൈനയിലേക്കെത്തുന്നുണ്ട്. ഓഗസ്റ്റ് 31 നും സെപ്റ്റംബര്‍ 1 നും നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്സിഒ) വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് നേതാക്കളുടെ സന്ദര്‍ശനം.
ഷിയുമായി ഞായറാഴ്ചച്ചര്ച്ച
ട്രംപ് അഴിച്ചുവിട്ടിരിക്കുന്ന താരിഫ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ലോകത്തിന്റെ ശ്രദ്ധയാകെ ചൈനയിലേക്കാണ്. ഞായറാഴ്ചയാണ് മോദി-ഷി ഉഭയകക്ഷി കൂടിക്കാഴ്ച. ഇരു നേതാക്കളും ഇന്ത്യ-ചൈന സാമ്പത്തിക ബന്ധങ്ങള്‍ വിലയിരുത്തുകയും കിഴക്കന്‍ ലഡാക്ക് അതിര്‍ത്തി തര്‍ക്കത്തെത്തുടര്‍ന്ന് കടുത്ത സമ്മര്‍ദ്ദത്തിലായ ബന്ധങ്ങള്‍ കൂടുതല്‍ സാധാരണ നിലയിലാക്കുന്നതിനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യുകയും ചെയ്യും.
പുടിനുമായി കൂടിക്കാഴ്ച
റഷ്യന്‍ പ്രസിഡന്റ് പുടിനുമായും വരും ദിവസങ്ങളില്‍ മോദി ഉഭയകക്ഷി ചര്‍ച്ച നടത്തും. റഷ്യന്‍ എണ്ണ വാങ്ങുന്നെന്ന മുട്ടാപ്പോക്ക് ന്യായം പറഞ്ഞാണ് ട്രംപ് ഇന്ത്യക്കു മേല്‍ പിഴച്ചുങ്കം അടിച്ചേല്‍പ്പിച്ചിരിക്കുന്നത്. ഈ പശ്ചാത്തലത്തിലാവും പുടിന്-മോദി കൂടിക്കാഴ്ച. മിഡില്‍ ഈസ്റ്റില്‍ നിന്നും ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള പ്രധാന നേതാക്കളും എസ്സിഒ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ചൈനീസ് തുറമുഖ പട്ടണമായ ടിയാന്‍ജിനില്‍ എത്തുന്നുണ്ട്. യുഎസിലേക്കുള്ള കയറ്റുമതി പ്രതിസന്ധിയിലായതിനാല്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ബദല്‍ വിപണികള്‍ കണ്ടെത്താനുള്ള ശ്രമത്തില്‍ പ്രധാനമന്ത്രി ഈ നേതാക്കളോട് സംസാരിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
ആഗോള സ്ഥിരതക്കായി ഒരുമിക്കാം
ജപ്പാനില്‍ നിന്നാണ് പ്രധാനമന്ത്രി മോദി ചൈനയിലേക്കെത്തിയിരിക്കുന്നത്. യാത്രയ്ക്ക് മുമ്പ്, ലോക സാമ്പത്തിക ക്രമത്തില്‍ സ്ഥിരത കൈവരിക്കുന്നതിന് ഇന്ത്യയും ചൈനയും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടത് പ്രധാനമാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു. ഇന്ത്യയും ചൈനയും തമ്മിലുള്ള സുസ്ഥിരവും പ്രവചനാതീതവും സൗഹാര്‍ദ്ദപരവുമായ ഉഭയകക്ഷി ബന്ധം പ്രാദേശിക, ആഗോള സമാധാനത്തെയും സമൃദ്ധിയെയും പോസിറ്റീവായി സ്വാധീനിക്കുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.
‘ലോക സമ്പദ്വ്യവസ്ഥയിലെ നിലവിലെ അസ്ഥിരത കണക്കിലെടുക്കുമ്പോള്‍, രണ്ട് പ്രധാന സമ്പദ്വ്യവസ്ഥകളായ ഇന്ത്യയും ചൈനയും ലോക സാമ്പത്തിക ക്രമത്തില്‍ സ്ഥിരത കൈവരിക്കുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടത് പ്രധാനമാണ്,’ പ്രധാനമന്ത്രി മോദി വ്യക്തമാക്കി.
ബന്ധം വീണ്ടും ട്രാക്കില്‍
തര്‍ക്കമുള്ള അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്തുക, അതിര്‍ത്തി വ്യാപാരം വീണ്ടും ആരംഭിക്കുക, നേരിട്ടുള്ള വിമാന സര്‍വീസുകള്‍ എത്രയും വേഗം പുനരാരംഭിക്കുക എന്നീ നടപടികളിലൂന്നി ഇന്ത്യ-ചൈന ചര്‍ച്ചകള്‍ ഏതാനും മാസങ്ങളായി ട്രാക്കിലാണ്. ട്രംപിന്റെ കടന്നാക്രമണം ഈ ചര്‍ച്ചകള്‍ക്ക് കൂടുതല്‍ ഊഷ്മളത പകര്‍ന്നിട്ടുണ്ട്. കഴിഞ്ഞമാസം ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യി ഡെല്‍ഹിയിലെത്തി ഉന്നത നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. 2020 ജൂണില്‍ ഗാല്‍വാന്‍ താഴ്വരയില് ഇന്ത്യ-ചൈന സൈനികര്‍ തമ്മിലുണ്ടായ മാരകമായ ഏറ്റുമുട്ടലുകളെത്തുടര്‍ന്നാണ് ഉഭയകക്ഷി ബന്ധം മോശം സ്ഥിതിയിലെത്തിയിരുന്നത്.