റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ചൈനക്കെതിരെ അധിക താരിഫുകള്‍ പ്രഖ്യാപിക്കാത്തതിന് ന്യായീകരണവുമായി യുഎസ്. റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ചൈനക്കെതിരെ ദ്വിതീയ താരിഫുകള്‍ പ്രഖ്യാപിച്ചാല്‍ അന്ത്രാരാഷ്ട്ര വിപണിയില്‍ എണ്ണവില ഉയരുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു.
ചൈനയില്‍ നിന്ന് ശുദ്ധീകരിച്ച എണ്ണ വാങ്ങുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ ചില ആശങ്കകള്‍ ഉയര്‍ത്തിയിട്ടുണ്ടെന്നും അത് പരിഗണിച്ചാണ് ചൈനക്കെതിരെ നടപടി എടുക്കാത്തതെന്നും റൂബിയോ പറഞ്ഞു. റഷ്യയുടെ എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്ക്ക് മേല്‍ 25% അധിക ചുങ്കം ചുമത്തിയെങ്കിലും കൂടുതല്‍ എണ്ണ വാങ്ങുന്ന ചൈനയ്ക്കെതിരെ സമാനമായ നടപടിയൊന്നും എടുക്കാത്തതിനെക്കുറിച്ച് ചോദ്യങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് വിശദീകരണം.
‘നിങ്ങള്‍ ഒരു രാജ്യത്തിന് മേല്‍ ദ്വിതീയ ഉപരോധം ഏര്‍പ്പെടുത്തുകയാണെങ്കില്‍, ഉദാഹരണത്തിന് റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ചൈനക്കെതിരെ നടപടിയെടുക്കുകയാണെന്ന് കരുതട്ടെ. ചൈന ആ എണ്ണ ശുദ്ധീകരിക്കുകയാണ് ചെയ്യുന്നത്. ആ എണ്ണ പിന്നീട് ആഗോള വിപണിയില്‍ വില്‍ക്കുന്നു. ആ എണ്ണ വാങ്ങുന്ന ഏതൊരു രാജ്യവും അതിന് കൂടുതല്‍ പണം നല്‍കേണ്ടി വരും. ആ എണ്ണ ഇല്ലെങ്കില്‍ ബദല്‍ ഉറവിടം കണ്ടെത്തേണ്ടതുണ്ട്.’ ഫോക്സ് ന്യൂസിന് നല്കിയ അഭിമുഖത്തില്‍ റൂബിയോ പറഞ്ഞു.
റഷ്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്ന രാജ്യമാണ് ചൈന. പ്രതിദിനം ഏകദേശം 2 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയിലാണ് ചൈന റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യയും തുര്‍ക്കിയുമാണ് തൊട്ടുപിന്നില്‍.
ലക്ഷ്യം റഷ്യ
റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിനുമായി യുഎസ് പ്രസിഡന്റ് ട്രംപ് അലാസ്കയില്‍ നടത്തിയ ചര്‍ച്ചയുടെ പശ്ചാത്തലത്തിലാണ് ഉപരോധ ചര്‍ച്ച വീണ്ടും സജീവമാകുന്നത്. ഉക്രെയ്നില് വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടാക്കുന്നതില്‍ ഉച്ചകോടി പരാജയപ്പെട്ടു. എങ്കിലും ഇന്ത്യക്കു മേല്‍ പ്രഖ്യാപിച്ച ദ്വിതീയ താരിഫുകളാണ് പുടിനെ അലാസ്കയിലെത്തിച്ചതെന്ന് ട്രംപ് അവകാശപ്പെടുന്നു. രണ്ടാമത്തെ വലിയ എണ്ണ ഉപഭോക്താവിനെ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാനാണ് പുടിന് ശ്രമിച്ചതെന്നും ട്രംപ് കരുതുന്നു.
പിന്നോട്ടില്ലെന്ന് ഇന്ത്യ
ചൈനക്ക് മേല്‍ അധിക താരിഫ് ഏര്‍പ്പെടുത്താത്ത യുഎസിന്റെ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടിക്കൊണ്ടു തന്നെ റഷ്യന്‍ എണ്ണ തുടര്‍ന്നും വാങ്ങാനാണ് ഇന്ത്യയുടെ തീരുമാനം. റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങല്‍ നിര്‍ത്തിയിട്ടില്ലെന്നും സാമ്പത്തിക പരിഗണനകള്‍ മാത്രം അടിസ്ഥാനമാക്കിയാണ് വാങ്ങുന്നത് തുടരുന്നതെന്നും ഇന്ത്യ കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. എണ്ണ വാങ്ങല്‍ കുറയ്ക്കാനോ കൂട്ടാനോ സര്‍ക്കാര്‍ നിര്‍ദേശമൊന്നും നല്‍കിയിട്ടില്ലെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ (ഐഒസി) ചെയര്മാന് എ എസ് സാഹ്നിയും വ്യക്തമാക്കി.