ഒരു രാജ്യം നിര്‍മ്മാണ മേഖലയെയാണ് കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതെന്ന സ്ട്രൈപ്പ് സിഇഒ പാട്രിക് കോളിസണിന്റെ വാക്കുകളെ പിന്തുണച്ച് സോഹോ സഹസ്ഥാപകനും മുഖ്യ ശാസ്ത്രജ്ഞനുമായ ശ്രീധന്‍ വെമ്പു. പരമാധികാരവും നിര്‍ണ്ണായക മേഖലകളില്‍ നേതൃസ്ഥാനവും നിലനിര്‍ത്തണമെങ്കില്‍ ഒരു രാജ്യം മറ്റേത് മേഖലകളേക്കാള്‍ നിര്‍മ്മാണ മേഖലയ്ക്ക് ഊന്നല്‍ നല്‍കണമെന്നായിരുന്നു കോളിസണിന്റെ പ്രസ്താവന. അമേരിക്കയിലെ നിലവിലെ സാഹചര്യമാണ് കോളിസണിന്റെ പ്രസ്താവനയ്ക്ക് പിന്നിലെങ്കില്‍ നിര്‍മ്മാണ മേഖലയുടെ പ്രാധാന്യത്തെ വിലകുറച്ചുകണ്ട സാമ്പത്തിക വിദഗ്ധര്‍ക്ക് നേരെയായിരുന്നു ശ്രീധന്‍ വെമ്പുവിന്റെ ഒളിയമ്പ്. ഇത്തരം കാര്യങ്ങളില്‍ അക്കാദമിക സാമ്പത്തിക വിദഗ്ധര്‍ക്ക് ചെവി കൊടുക്കുന്നത് രാജ്യത്തിന്റെ സമ്പത്തിനും ക്ഷേമത്തിനും അപകടകരമാണെന്ന് വെമ്പു പറഞ്ഞു.
അമേരിക്കന്‍ നിര്‍മ്മാണമേഖലയെ നശിപ്പിച്ചുകൊണ്ടാണ് അമേരിക്ക എല്ലാ സാമ്പത്തിക നോബലുകളും നേടിയത്, ഇന്ത്യക്കാര്‍ എന്തിനാണ് അവര്‍ പറയുന്നത് കേള്‍ക്കുന്നതെന്ന് വെമ്പു ചോദിച്ചു. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക താരിഫ് കുത്തനെ ഉയര്‍ത്തുകയും ചൈനയില്‍ നിന്നുള്ള റെയര്‍ എര്‍ത്ത് മെറ്റല്‍സ് വിതരണത്തില്‍ തടസ്സമുണ്ടാകുകയും ഒടുവിലായി H-1B വിസ ഫീസ് അമേരിക്ക കുത്തനെ ഉയര്‍ത്തുകയും ചെയ്ത സാഹചര്യത്തിലാണ് വെമ്പുവിന്റെ വാക്കുകള്‍ പ്രസക്തമാകുന്നത്. H-1B വിസ ഫീസ് 100,000 ഡോളറാക്കി ഉയര്‍ത്തിയ അമേരിക്കന്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. വിദേശികളെ ജോലിക്കെടുക്കാന്‍ അമേരിക്കന്‍ കമ്പനികളെ അനുവദിക്കുന്ന വിസയാണ് H-1B വിസ.
കോളിസണിന്റെ വിമര്‍ശനം
‘നിര്‍മ്മാണം കാലഹരണപ്പെട്ടുവെന്നാണ് നിരവധി സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. ഫാക്ടറികളില്‍ നിന്നുമുള്ള അമേരിക്കയുടെ വ്യതിചലനത്തെ അവര്‍ സാധാരണവും നേട്ടമുള്ളതായുമാണ് അവര്‍ കാണുന്നത്. അത്ര സുഖകരമല്ലാത്ത ഫാക്ടറി ജോലികള്‍ മറ്റ് രാജ്യങ്ങള്‍ക്കാണ് നല്ലതെന്നാണ് അവര്‍ പറയുന്നത്. അമേരിക്ക സാങ്കേതികവിദ്യ, സാമ്പത്തികം, സേവനം തുടങ്ങിയ മേഖലകളുടെ സാധ്യതകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അവര്‍ പറയുന്നു. പക്ഷേ ഡ്രോണുകള്‍, റോബോട്ടിക്സ്, സോളാര്‍, ബാറ്ററികള്‍, ഫാര്‍മ തുടങ്ങി ഏതൊരു മേഖലയിലും അമേരിക്ക പരമാധികാരമോ പ്രാധാന്യമോ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നിര്‍മ്മാണ മേഖലയില്‍ വിജയമുണ്ടാക്കണം’- എന്നതായിരുന്നു കോളിസണിന്റെ ട്വീറ്റ്.
വെമ്പുവിന്റെ പിന്തുണ
കോളിസണിന്റെ വാദത്തെ പുകഴ്ത്തിയ ശ്രീധന്‍ വെമ്പു ഇന്ത്യയിലെ സ്ഥിതിയുമായും അതിനെ ബന്ധപ്പെടുത്തി. നമ്മുടെ രാജ്യത്തിന്റെ പരമാധികാരവും ദേശീയ സുരക്ഷയും വിശാലവും ആഴത്തിലുള്ളതുമായ നിര്‍മ്മാണ പരിതസ്ഥിതികളെ ആശ്രയിച്ചിരിക്കുന്നുവെന്ന് വെമ്പു പറഞ്ഞു. ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും എല്ലാ മേഖലകളെയും ആധുനിക നിര്‍മ്മാണം സ്പര്‍ശിക്കുന്നുവെന്നും വെമ്പു പറഞ്ഞു.
ഇന്ത്യയിലെ ജനസംഖ്യ യാഥാര്‍ത്ഥ്യം പ്രത്യേകിച്ച് നിര്‍മ്മാണത്തിന്റെ പ്രാധാന്യം അടിവരയിടുന്നുവെന്നും വെമ്പു പറഞ്ഞുപ്രതിവര്ഷം ചൈനയില്‍ 9 ദശലരക്ഷം കുഞ്ഞുങ്ങളും അമേരിക്കയില്‍ 3.6 ദശലക്ഷം കുഞ്ഞുങ്ങളും ജനിക്കുമ്പോള്‍ 23 ദശലക്ഷം കുഞ്ഞുങ്ങള്‍ ജനിക്കുന്ന ഇന്ത്യയില്‍ എല്ലാ ആളുകള്‍ക്കും മികച്ചൊരു ജീവിതം വേണമെങ്കില്‍ ഓരോ മേഖലയിലും നിക്ഷേപം ഉണ്ടാകേണ്ടത് വളരെ അത്യാവശ്യമാണെന്ന് വെമ്പു പറഞ്ഞു.
ചെറുരാജ്യങ്ങള്‍ക്ക് വളര്‍ച്ചയ്ക്കായി വ്യാപാരത്തെ ആശ്രയിച്ചാല്‍ മതിയാകുമെങ്കിലും ഇന്ത്യയിലെ സ്ഥിതി നമ്മള് കണ്ടുപിടിത്തവും നിര്‍മ്മാണവും നടത്തേണ്ടതിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും വെമ്പു പറഞ്ഞു.
പ്രധാനമന്ത്രി പറയുന്നതും അതുതന്നെ
അമേരിക്ക നിര്‍മ്മാണ മേഖലയുടെ പ്രാധാന്യം കുറച്ചാണ് കാണുന്നതെങ്കില്‍ ഇന്ത്യയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസങ്ങളിലെല്ലാം വ്യത്യസ്ത മേഖലകകളില്‍ മെയ്ക്ക് ഇന്‍ ഇന്ത്യ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചാണ് സംസാരിച്ചത്. ജനങ്ങള്‍ സ്വദേശി ഉല്‍പ്പന്നങ്ങളിലേക്ക് മാറണമെന്നും നിര്‍മ്മാണമേഖലയെ ശക്തിപ്പെടുത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരുകളും നിര്‍മ്മാണമേഖലയെ ശക്തിപ്പെടുത്താന്‍ ശ്രമിക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.