ആഗോളതലത്തില്‍ തടസ്സങ്ങളും അനിശ്ചിതത്വങ്ങളും ഉണ്ടെങ്കിലും ഇന്ത്യയുടെ വളര്‍ച്ച ആകര്‍ഷകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ പോലെയുള്ള ഒരു രാജ്യത്തിന് ഇനി പരാശ്രയത്വം സ്വീകാര്യമല്ലെന്ന് ലക്നൗവില്‍ യുപി അന്താരാഷ്ട്ര വ്യാപാര പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത ശേഷം പ്രധാനമന്ത്രി പറഞ്ഞു,
‘ഈ തടസ്സങ്ങള്‍ക്കിടയിലും, ഇന്ത്യ വരും ദശകങ്ങളിലേക്ക് അടിത്തറ ശക്തിപ്പെടുത്തുകയാണ്. നമ്മുടെ ദൃഢനിശ്ചയവും മന്ത്രവും ആത്മനിര്‍ഭര്‍ ഭാരത് എന്നതാണ്. മറ്റുള്ളവരെ ആശ്രയിക്കുന്നതിനേക്കാള്‍ നിസ്സഹായതയൊന്നുമില്ല. ഒരു രാജ്യം മറ്റുള്ളവരെ എത്രത്തോളം ആശ്രയിക്കുന്നുവോ അത്രത്തോളം അതിന്റെ വളര്‍ച്ച വിട്ടുവീഴ്ച ചെയ്യപ്പെടും…’ മോദി പറഞ്ഞു. ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ കഴിയുന്ന എല്ലാ ഉല്‍പ്പന്നങ്ങളും ഇന്ത്യയില്‍ നിര്‍മ്മിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ജിഎസ്ടി പരിഷ്കാരങ്ങള്‍ തുടരും
ജിഎസ്ടിയിലെ സമീപകാല പരിഷ്കാരങ്ങള്‍ ഇന്ത്യയുടെ വളര്‍ച്ചാ കഥയ്ക്ക് പുതിയ ചിറകുകള് നല്‍കുമെന്നും ജനങ്ങളെ കൂടുതല്‍ സമ്പാദ്യത്തിലേക്ക് നയിക്കുമെന്നും മോദി പറഞ്ഞു. ജിഎസ്ടി പരിഷ്കാരങ്ങള്‍ തുടരുമെന്നും മോദി വ്യക്തമാക്കി. ‘ഞങ്ങള്‍ ഇവിടെ നിര്‍ത്താന്‍ പോകുന്നില്ല… സമ്പദ്വ്യവസ്ഥ കൂടുതല്‍ ശക്തിപ്പെടുമ്പോള്‍, നികുതി ഭാരം കുറഞ്ഞുകൊണ്ടിരിക്കും… നാട്ടുകാരുടെ അനുഗ്രഹത്തോടെ, ജിഎസ്ടിയിലെ പരിഷ്കാരങ്ങള്‍ തുടരും,’ പ്രധാനമന്ത്രി പറഞ്ഞു.
‘2014 ന് മുമ്പ്, നികുതികളുടെ ബാഹുല്യം ബിസിനസ് ചെലവുകളും കുടുംബ ബജറ്റുകളും കൈകാര്യം ചെയ്യുന്നതിനെ ബുദ്ധിമുട്ടിലാക്കിയിരുന്നു. 1,000 രൂപ വിലയുള്ള ഒരു ഷര്‍ട്ടിന് 2014 ന് മുമ്പ് ഏകദേശം 170 രൂപ നികുതി ഉണ്ടായിരുന്നു. 2017 ല്‍ ജിഎസ്ടി നിലവില്‍ വന്നതിനുശേഷം ഇത് 50 രൂപയായി കുറഞ്ഞു. സെപ്റ്റംബര്‍ 22 മുതല്‍ പ്രാബല്യത്തില്‍ വന്ന പുതുക്കിയ നിരക്കുകള്‍ പ്രകാരം, അതേ 1,000 രൂപ ഷര്‍ട്ടിന് ഇപ്പോള്‍ 35 രൂപ മാത്രമേ നികുതിയുള്ളൂ.’ മോദി പറഞ്ഞു.
പ്രതിവര്‍ഷം 12 ലക്ഷം രൂപ വരെ വരുമാനമുള്ള വ്യക്തികളെ ആദായനികുതിയില്‍ നിന്ന് ഒഴിവാക്കിയതും ജിഎസ്ടി 2.0 പരിഷ്കാരങ്ങളുമടക്കമുള്ള നടപടികള്‍ ജനങ്ങളുടെ കൈവശം കൂടുതല്‍ പണം എത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിരോധം ശക്തം
പ്രതിരോധ മേഖലയില്‍ എല്ലാ ഘടകങ്ങളും അഭിമാനത്തോടെ ‘മെയ്ഡ് ഇന്‍ ഇന്ത്യ’ ലേബല്‍ വഹിക്കുന്ന ഒരു ആവാസവ്യവസ്ഥയാണ് ഇന്ത്യ കെട്ടിപ്പടുക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. റഷ്യയുമായി സഹകരിച്ച് ഉത്തര്‍പ്രദേശില്‍ സ്ഥാപിച്ച ഫാക്ടറിയില്‍ എകെ203 റൈഫിളുകളുടെ ഉത്പാദനം ഉടന്‍ ആരംഭിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.