വളര്‍ച്ചയുടെ പാതയിലാണ് ഇന്ത്യ. സാമ്പത്തിക രംഗത്തെ ആ കുതിപ്പ് തുടര്‍ന്നാല്‍ മൂന്നു വര്‍ഷത്തിനകം ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുമെന്ന് ധനമന്ത്രാലയത്തിന്റെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്.
നിലവിലെ വളര്‍ച്ച നിരക്ക് കണക്കാക്കി പറഞ്ഞാല്‍, 5 ലക്ഷം കോടി ഡോളര്‍ മൂല്യമുള്ള സമ്പദ്വ്യവസ്ഥയായിരിക്കും അന്നുണ്ടാവുക. 2030ല്‍ ഇത് 7 ലക്ഷം കോടി ഡോളറായി ഉയരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയില്‍ നിലവില്‍ അഞ്ചാമതാണ് ഇന്ത്യയുടെ സ്ഥാനം.
യുഎസ്, ചൈന, ജര്‍മനി, ജപ്പാന് എന്നിവയാണ് സമ്പദ്വ്യവസ്ഥയില് മുന്നിലുള്ള രാജ്യങ്ങള്‍. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തികവര്‍ഷം രാജ്യത്തിന്റെ ജിഡിപി 272.41 ലക്ഷം കോടി രൂപയാണെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇത് വരുന്ന മാര്‍ച്ചില്‍ 301.75 ലക്ഷം കോടി രൂപയാകുമെന്നാണ് ബജറ്റ് വിലയിരുത്തല്‍. ഈ തുക ഡോളറില്‍ കണക്കാക്കിയാല്‍ 3.65 ട്രില്യന്‍.