പങ്കാളിത്തത്തിലെ മാറ്റം
ഒറ്റനോട്ടത്തില്‍ ഇന്ത്യയ്ക്കും ഒമാനുമിടയിലെ നിലവിലെ ബന്ധം യാതൊരു മറയുമില്ലാത്ത, ലളിതമായ ഒന്നാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള, സമുദ്ര വ്യാപാരത്തില്‍ അധിഷ്ഠിതമായ ആഴത്തിലുള്ള ബന്ധമാണത്. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ നയതന്ത്രബന്ധത്തിന് 75 വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഏറെക്കാലം ഒമാന്‍ ഭരിച്ച, ഖാബൂസ് സുല്‍ത്താന്‍ ഇന്ത്യയിലാണ് പഠിച്ചത്. മുന്‍ രാഷ്ട്രപതിയായ ശങ്കര്‍ ദയാല്‍ ശര്‍മ്മയുടെ ശിഷ്യനായിരുന്നു അദ്ദേഹം. അങ്ങോട്ടുമിങ്ങോട്ടും തട്ടും മുട്ടും ഇല്ലാത്ത ഒരു ബന്ധത്തില്‍ പോകുമ്പോഴും ഈ പങ്കാളിത്തത്തിന്റെ പൂര്‍ണ്ണ സാധ്യതകള്‍ തിരിച്ചറിയാന്‍ ഇന്ത്യയ്ക്കോ ഒമാനോ സാധിച്ചില്ലെന്നത് സത്യമാണ്.
വലിയ സാധ്യതകള്‍ ഉള്ള ഉഭയകക്ഷി ബന്ധം അടുത്ത തലത്തിലേക്ക് വളര്‍ത്താന്‍ ഭരണകൂടങ്ങള്‍ക്ക് സാധിച്ചില്ല. 2008നും 2018നും ഇടയില്‍ ഈ വിടവ് വളരെ ദൃശ്യമായിരുന്നു. ഈ പത്തുവര്‍ഷക്കാലയളവില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിമാരൊന്നും ഒമാന്‍ സന്ദര്‍ശിച്ചിട്ടില്ല, തിരിച്ച് ഒമാന്‍ ഭരണാധികാരികള്‍ ഇന്ത്യയിലേക്കും എത്തിയിട്ടില്ല. അതേസമയം യുഎഇയും സൗദി അറേബ്യയും ഉള്‍പ്പടെയുള്ള ഗള്‍ഫ് മേഖലയിലെ ശക്തികളുമായി ഇന്ത്യ ഏറെ അടുക്കുകയും ചെയ്തു.
അതുകൊണ്ടുതന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ഒമാന്‍ ഭരണാധികാരി ഹൈതം ബിന്‍ താരിഖിന്റെയും സാന്നിധ്യത്തില്‍ ഇരുരാജ്യങ്ങളിലെയും വാണിജ്യമന്ത്രിമാര്‍ ഒപ്പുവെച്ച സിഇപിഎ ഒരു സാമ്പത്തിക രേഖ എന്നതിലുപരിയായി, ഏറെ കണക്കുകൂട്ടി, സസൂക്ഷ്മം തയ്യാറാക്കിയ, തന്ത്രപ്രധാന രേഖയാണ്. ഒഴിച്ചുകൂടാനാകാത്ത ഒരു പങ്കാളിത്തത്തെ സുശക്തമാക്കുകയാണ് അതിന്റെ ലക്ഷ്യം.
ഒമാന്റെ തന്ത്രപ്രധാന സ്ഥാനം
ആധുനിക ഭൗമരാഷ്ട്രീയ ഭൂപടത്തില്‍ ഒമാന്റെ ഏറ്റവും വലിയ നേട്ടം ഭൂമിശാസ്ത്രപരമായുള്ള അവരുടെ സ്ഥാനമാണ്. 1,200 കിലോമീറ്റര്‍ നീണ്ടുകിടക്കുന്ന തീരദേശം, അസ്ഥിരമായ ഹോര്‍മുസ് കടലിടുക്കിന് പുറത്ത് സ്ഥിതിചെയ്യുന്ന സുപ്രധാന തുറമുഖങ്ങള്‍ എന്നിവയെല്ലാം ഭൂമിശാസ്ത്രപരമായി ഒമാന്‍ ലഭിച്ച ഭാഗ്യങ്ങളാണ്. ഒമാന്റെ ഈ പ്രത്യേകതകള്‍ നേരത്തെ തിരിച്ചറിഞ്ഞ്, അവരുമായുള്ള ബന്ധം വേണ്ടവിധം ഉപയോഗപ്പെടുത്തിയ ഒരു രാജ്യമാണ് ചൈന. ചൈനയുടെ പ്രധാന ഊര്‍ജപങ്കാളിയാണ് ഒമാന്‍.
വൈകിയാണെങ്കിലും ഇപ്പോള്‍ ഇന്ത്യയും പ്രാദേശികമായുള്ള ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ ഒമാനുമായുള്ള ബന്ധം വേണ്ടവിധം ഉപയോഗപ്പെടുത്താന്‍ പോകുകയാണ്. സിഇപിഎ അതിന്റെ തുടക്കമാണ്. ഗള്‍ഫിലെ മറ്റ് മേഖലകളിലേക്കും ആഫ്രിക്കയിലേക്കുമുള്ള ഇന്ത്യയുടെ പ്രവേശന കവാടമായി ഒമാന്‍ മാറാനുള്ള സാധ്യതയാണ് ഈ കരാര്‍ മുന്നോട്ടുവെക്കുന്നത്. മാത്രമല്ല, ഇന്ത്യ സ്വപ്നം കാണുന്ന ഇന്ത്യ-പശ്ചിമേഷ്യ-.യൂറോപ്പ് സാമ്പത്തിക ഇടനാഴി യാഥാര്‍ത്ഥ്യമാക്കാനുള്ള വഴി കൂടിയാണ് ഒമാന്‍.
ചരിത്രപരമായ കരാര്‍
ഈ കരാര്‍ ചരിത്രപരമാണെന്ന് പറയാന്‍ പല കാരണങ്ങളുണ്ട്.രണ്ട് പതിറ്റാണ്ടിനിടെ മറ്റൊരു രാജ്യവുമായി ഒമാന്‍ ഒപ്പുവെക്കുന്ന ആദ്യത്തെ സ്വതന്ത്ര വ്യാപാര കരാര്‍
ഇതിന് മുമ്പ് 2006-ല്‍ അമേരിക്കയുമായാണ് ഒമാന്‍ ഉഭയകകഷി വ്യാപാര കരാറില്‍ ഒപ്പുവെച്ചത് യുഎഇക്ക് ശേഷം ഒരു ഗള്‍ഫ് രാജ്യവുമായുള്ള ഇന്ത്യയുടെ രണ്ടാമത്തെ വ്യാപാര കരാറാണിത്.
പാരമ്പര്യ വൈദ്യശാസ്ത്രത്തില്‍ (ആയുഷ്) മറ്റൊരു രാജ്യവും ഇതുവരെയും നല്‍കാത്ത സമഗ്രമായ ഉടമ്പടികള്‍ ഈ കരാറില്‍ ഉള്‍ക്കൊള്ളുന്നു. വാണിജ്യതലത്തിലുള്ള വിജയം മാത്രമല്ല അത്, സാംസ്കാരികമായും രാഷ്ട്രീയപരമായും ഇരുരാജ്യങ്ങള്‍ക്കിടയിലുള്ള വിശ്വാസത്തിന് തെളിവ് കൂടിയാണ്
ഇതാദ്യമായി, ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് രാജ്യത്തേക്കുള്ള പ്രവേശന, താമസ നിബന്ധനകളില്‍ ഉദാര സമീപനങ്ങള്‍ സ്വീകരിച്ചിരിക്കുന്ന കരാര്‍ കൂടിയാണിത്. ഒമാന്റെ സാമ്പത്തിക ഭാവിയില്‍ ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് നല്കാന് കഴിയുന്ന സംഭാവനകള്‍ കൂടി കണക്കിലെടുത്താകണം ഒമാന്‍ ഇക്കാര്യത്തില്‍ ഉദാരനയങ്ങള്‍ സ്വീകരിച്ചത്.
വ്യാപാരം മാത്രമല്ല, നേട്ടം
രണ്ടുരാജ്യങ്ങള്‍ക്കിടയില്‍ വ്യാപാര കരാറുകള്‍ ഉണ്ടാകുമ്പോള്‍ പ്രധാനമായും ചരക്കുവ്യാപാരത്തിലുണ്ടാകാന് പോകുന്ന കുതിപ്പിനെ കുറിച്ചാണ് കൂടുതല്‍ ചര്‍ച്ചകളും നടക്കുക. ഇവിടെ ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്യുന്ന 99.38 ശതമാനം ഉല്‍പ്പന്നങ്ങള്‍ക്കും ഒമാന്‍ പൂര്‍ണ്ണമായും തീരുവ ഒഴിവാക്കിയിട്ടുണ്ട്. പക്ഷേ, അതുപോലെ തന്നെ പ്രധാനമാണ് സേവന കയറ്റുമതിയിലും പ്രൊഫഷണലുകള്‍ക്കുള്ള പ്രവേശനത്തിലും ഒമാന്‍ സ്വീകരിച്ചിരിക്കുന്ന ഉദാര സമീപനങ്ങള്‍. ഉല്‍പ്പന്ന കയറ്റുമതി പോലെ തന്നെ അവയും ഇന്ത്യയ്ക്ക് നേട്ടമാകും.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് നിര്‍ണ്ണായക സംഭാവനകളേകുന്ന സേവന മേഖലയ്ക്കും ഈ കരാര്‍ ഗുണം ചെയ്യും. ഏതാണ്ട് 12.52 ബില്യണ്‍ ഡോളറിന്റെ ആഗോള സേവനങ്ങളാണ് ഒമാന്‍ ഇറക്കുമതി ചെയ്യുന്നത്. ഇതില്‍ 5.3 ശതമാനമാണ് ഇന്ത്യയുടെ പങ്കാളിത്തം. പുതിയ വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമാകുമ്പോള്‍ ഈ മേഖലയിലെ സാധ്യതകള്‍ കൂടുതല്‍ ഉപയോഗപ്പെടുത്താനും സേവനക്കയറ്റുമതി വര്‍ധിപ്പിക്കാനും ഇന്ത്യന്‍ കമ്പനികള്‍ക്ക് സാധിക്കും.127-ഓളം മേഖലകള്‍ ഒമാന്‍ ഇന്ത്യയ്ക്ക് തുറന്നുകൊടുത്തിട്ടുണ്ട്. കംപ്യൂട്ടര്‍ സംബന്ധിയായ സേവനങ്ങള്‍, റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ്, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി ഉന്നതമൂല്യം കല്‍പ്പിക്കപ്പെടുന്ന മേഖലകളും അതില്‍ ഉള്‍പ്പെടുന്നു. ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക്, ഒട്ടും വൈകാതെ തന്നെ അതുകൊണ്ടുള്ള നേട്ടങ്ങള്‍ ലഭ്യമാകും. കരാര്‍ അടിസ്ഥാനത്തില്‍ സേവനങ്ങള്‍ നല്‍കുന്നവര്‍ക്ക് നിലവില്‍ ഒമാനില്‍ 90 ദിവസമാണ് താമസിക്കാന്‍ സാധിക്കുക. ഇത് രണ്ട് വര്‍ഷം വരെയാക്കി ദീര്‍ഘിപ്പിച്ചു. വേണമെങ്കില്‍ വീണ്ടും രണ്ട് വര്‍ഷത്തേക്ക് നീട്ടാനുള്ള അവസരമുണ്ട്.
മാത്രമല്ല, ഇന്ത്യയിലെ എംഎസ്എംഇ മേഖലയ്ക്കും ഫാം ഉല്‍പ്പാദകര്‍ക്കും അന്താരാഷ്ട്ര വിപണിയിലേക്ക് പ്രവേശിക്കാനുള്ള അവസരം കൂടി ഒമാനുമായുള്ള സിഇപിഎ മുന്നോട്ടുവെക്കുന്നുണ്ട്. ഡ്യൂട്ടിഫ്രീയായി ഒമാനിലേക്ക് ഉല്‍പ്പന്നങ്ങള്‍ എത്തിക്കാന്‍ സാധിക്കുന്നതിലൂടെ ചരക്കുനീക്കത്തിനുള്ള ചിലവ് കുറയും. കൂടുതല്‍ വിപണികള്‍ അവര്‍ക്ക് മുമ്പില്‍ തുറക്കും. അത് പ്രാദേശികമായ ഉല്‍പ്പാദനം ശക്തിപ്പെടുത്താനും സഹായിക്കും.
താരിഫ് നേട്ടത്തിനും പുതിയ വിപണികളിലേക്കുള്ള പ്രവേശത്തിനും അപ്പുറം അടിസ്ഥാനസൗകര്യം, നിര്‍മ്മാണം, ലോജിസ്റ്റിക്സ്, ടെക്നോളജി, ഭക്ഷ്യസുരക്ഷ, ഹോസ്പിറ്റാലിറ്റി എന്നീ മേഖലകളിലെ നിക്ഷേപസാധ്യതകള്‍ ഉപയോഗപ്പെടുത്തുമെന്നും ഇരുരാജ്യങ്ങളും സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ ഊര്‍ജമേഖലയിലെ സഹകരണം പരമ്പരാഗത എണ്ണ, വാതക ഉല്‍പ്പന്നങ്ങള്‍ക്ക് പുറമേ ഹരിത ഹൈഡ്രജന്‍, ഹരിത അമോണിയ, പുനരുപയോജ ഊര്‍ജം എന്നിവയിലേക്ക് വ്യാപിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
പുതിയ അധ്യായം
ആത്യന്തികമായി പറഞ്ഞാല്‍, ഇന്ത്യ-ഒമാന്‍ വ്യാപാര കരാര്‍ വെറുമൊരു വ്യാപാര കരാര്‍ എന്നതിലുപരിയായി ഭൗമരാഷ്ട്രീയ രൂപരേഖയാണ്. ഒമാന്റെ തനതായ ഭൂമിശാസ്ത്ര സാധ്യതകളെയും ഇന്ത്യയുടെ ചടുലമായ സമ്പദ് വ്യവസ്ഥയെയും കൂട്ടിയിണക്കിക്കൊണ്ട് പുതിയൊരു, ശക്തമായ വ്യാപാര ഇടനാഴി സ്ഥാപിക്കാനുള്ള ശ്രമമായി അതിനെ കാണാം. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ചരിത്രപരമായ ബന്ധത്തെ കൂടുതല്‍ ആഴത്തിലാക്കി ഇരുരാജ്യങ്ങള്‍ക്കും നേട്ടമാക്കി മാറ്റുകയെന്നതാണ് ഈ ഐതിഹാസിക ഉടമ്പടിയുടെ ലക്ഷ്യം. ഒമാനെയും യുഎഇയെയും കൂട്ടിയിണക്കുന്ന ഹഫീത് റെയില്‍ പ്രോജക്ട് പോലുള്ള പദ്ധതികള്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ പശ്ചിമേഷ്യയിലും അതിനുപുറത്തും ഇന്ത്യയ്ക്കുള്ള സാമ്പത്തിക മോഹങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഒമാനുമായുള്ള പുതിയ സഹകരണം ഇന്ത്യയ്ക്ക് നേട്ടമായേക്കും.
ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ത്യയുടെ മൂന്നാമത്തെ വലിയ കയറ്റുമതി ലക്ഷ്യസ്ഥാനമാണ് ഒമാന്‍. 2024-25 വര്‍ഷത്തില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ 10.6 ബില്യണ്‍ ഡോളറിന്റെ വ്യാപാരമാണ് നടന്നിട്ടുള്ളത്. ഇതില്‍ ഇന്ത്യയുടെ കയറ്റുമതി 4.0 ബില്യണ്‍ ഡോളറും ഇറക്കുമതി 6.5 ബില്യണ്‍ ഡോളറുമാണ്. താരതമ്യേന കുറഞ്ഞ ഉഭയകക്ഷി വ്യാപാരമാണ് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നിലവിലുള്ളതെങ്കിലും ഇന്ത്യയുടെ ഗള്‍ഫ് നയങ്ങള്‍ വിശാലമാക്കാനും വ്യാപാരം വൈവിധ്യവല്‍ക്കരിക്കാനും ഊര്‍ജ സുരക്ഷ ഉറപ്പാക്കാനും ഗള്‍ഫ് മേഖലയിലെ സാമ്പത്തിക, ഭൗമരാഷ്ട്രീയ സാന്നിധ്യം ശക്തിപ്പെടുത്താനും ഈ കരാര്‍ സഹായകമാകുമെന്നതില്‍ സംശയമില്ല.




