ചരക്ക് സേവന നികുതി വ്യവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ക്ക് തുടക്കമിടുന്ന ജിഎസ് ടി ഭേദഗതികള്‍ക്ക് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ നേതൃത്വത്തിലുള്ള ജിഎസ് ടി കൗണ്‍സില്‍ അംഗീകാരം നല്കി. സെപ്റ്റംബര്‍ 3-ന് ചേര്‍ന്ന ജിഎസ് ടി കൗണ്‍സിലിന്റെ 56-മത് യോഗത്തില്‍ തീരുമാനിച്ചത് പോലെ സെപ്റ്റംബര്‍ 22 മുതല്‍ക്ക് പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും.
ജിഎസ് ടി 2.0 എന്നറിയപ്പെടുന്ന പുതിയ വ്യവസ്ഥ രണ്ട് തട്ടുകളിലുള്ള ജിഎസ് ടി ഘടനയാണ് മുന്നോട്ടുവെക്കുന്നത്. ഓരോ ഉല്‍പ്പന്നത്തിനും നികുതി കണക്കാക്കുന്ന രീതികളില്‍ വലിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. വ്യക്തിഗത ആരോഗ്യ, ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളെ ജിഎസ് ടിയില്‍ നിന്നും ഒഴിവാക്കിയെന്നുള്ളതാണ് ഏറ്റവും എടുത്തുപറയേണ്ട നേട്ടം. ഇതിലൂടെ ഏറ്റവും അത്യാവശ്യമായ ആരോഗ്യ പരിരക്ഷ പൊതുജനത്തിന് താങ്ങാവുന്ന അവസ്ഥയിലേക്ക് എത്തും.
ജിഎസ് ടി സ്ലാബുകള്‍ 5 ശതമാനം, 18 ശതമാനം എന്നിങ്ങനെ ആക്കാനാണ് കൗണ്‍സില്‍ ശുപാര്‍ശ ചെയ്തിട്ടുള്ളത്. ഈ ഭേദഗതി നിലവില്‍ വന്നാല്‍ പല നിത്യോപയോഗ, അവശ്യ ഉല്‍പ്പന്നങ്ങളുടെ വിലകളില്‍ സാരമായ മാറ്റമുണ്ടാകും. ദീപാവലി സമ്മാനമെന്ന രീതിയിലാണ് പുതിയ ജിഎസ് ടി വ്യവസ്ഥയെ കേന്ദ്രം അവതരിപ്പിച്ചിരിക്കുന്നത്. പൊതുജനങ്ങള്‍ക്ക് നേരിട്ട് ഗുണം ലഭിക്കുന്ന രീതിയില്‍ പല മേഖലകളിലായി ജിഎസ് ടി പരിഷ്കാരങ്ങള്‍ പ്രതിഫലിക്കും.
പുതിയ വ്യവസ്ഥയ്ക്ക് കീഴില്‍ നിരവധി ഭക്ഷ്യോല്‍പ്പന്നങ്ങളെ ജിഎസ് ടിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ചില വിഭാഗങ്ങളില്‍ പെട്ട പാല്, പനീര്‍, പിസ ബ്രെഡ്, റൊട്ടി, പൊറോട്ട എന്നിവയെല്ലാം നികുതിയില്‍ നിന്നും ഒഴിവാക്കപ്പെട്ടവയാണ്. അതുകൂടാതെ 38 ഓളം ജീവന്‍രക്ഷ മരുന്നുകളെയും ജിഎസ് ടിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പുതിയ ജിഎസ് ടി സംവിധാനത്തില്‍ പ്രത്യേക അനൂകൂല്യങ്ങള്‍ നല്‍കിയിട്ടുണ്ട്. മായ്ക്കുന്ന റബ്ബര്‍, പെന്‍സില്‍, കട്ടര്‍, ക്രയോണുകള്‍, ചോക്ക്, നോട്ടുബുക്കുകള്‍ എന്നിവയെ ജിഎസ് ടിയില്‍ നിന്നും ഒഴിവാക്കി. കൂടാതെ അച്ചടിച്ച ഭൂപടങ്ങള്‍, അറ്റ്ലസ്, ചുവരില്‍ തൂക്കുന്ന ഭൂപടങ്ങള്‍, ഗ്ലോബ് എന്നിവയെയും നികുതിരഹിതമാക്കി.
ബിസിനസുകള്‍ക്കും ഉപഭോക്താക്കള്‍ ലളിതമായ രീതിയില്‍ ജിഎസ് ടിയില്‍ ഘടനാപരമായ പരിഷ്കാരങ്ങള്‍ വരുത്തിയിട്ടുള്ളതായി കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന് അറിയിച്ചു. പുതിയ നികുതി വ്യവസ്ഥ സംബന്ധിച്ച ജിഎസ് ടി കൗണ്‍സിലിന്റെ എല്ലാ തീരുമാനങ്ങളും ഏകപക്ഷീയമായി എടുത്തതതാണെന്നും ഒരു സംസ്ഥാനവും എതിര്‍പ്പ് ഉന്നയിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. നികുതി കുറയ്ക്കല്‍ എന്നതിലുപരിയായി, ഘടനപരമായ പരിഷ്കാരങ്ങളും ജീവിക്കാനുള്ള സുഖവും പുതിയ നികുതി വ്യവസ്ഥയ്ക്ക് പിന്നിലുണ്ട്.നികുതി സംവിധാനത്തില്‍ മുമ്പുണ്ടായിരുന്ന പല പ്രശ്നങ്ങളും പരിഹരിച്ചു- മന്ത്രി പറഞ്ഞു.