രാജ്യത്തെ ഏറ്റവും വലിയ ഉല്‍സവ സീസണേതാണെന്ന് ചോദിച്ചാല്‍ നിസംശയം പറയാം അത് ദിവാലി സീസണാണെന്ന്. അതിനുള്ള പ്രധാന കാരണം ദിവാലി സമ്പത്തുമായി സമ്പദ് ഘടനയുമായും ബന്ധപ്പെട്ടിരിക്കുന്നു എന്നതുകൊണ്ടു തന്നെയാണ്. കേവലം മതപരമോ സാംസ്കാരികപരമോ ആയ ഉല്‍സവം മാത്രമല്ല അത്. നമ്മുടെ സമ്പദ് വ്യവസ്ഥയില്‍ വലിയ സ്വാധീനം ചെലുത്തുന്ന ഉല്‍സവക്കാലമാണിത്.
ഏത് പ്രതികൂല സാമ്പത്തിക സാഹചര്യങ്ങളും വിലക്കയറ്റവും സൃഷ്ടിക്കുന്ന നെഗറ്റീവ് വികാരത്തെ അപ്പാടെ മാറ്റിമറിച്ച് പോസിറ്റീവാക്കാന്‍ ഉല്‍സവ സീസണുകള്‍ക്ക് സാധിക്കും. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് ദിവാലി. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ദീപങ്ങള്‍ തെളിയുന്ന, ഇന്ത്യയൊന്നാകെ ആഘോഷിക്കുന്ന ഈ ഉല്‍സവം സമ്പദ് വ്യവസ്ഥയെയയാകെ ഉണര്‍ത്തുന്നത് സ്വാഭാവികമാണ്. ലക്ഷ്മിയാണ് ദിവാലിയുടെ അധിദേവത. സമ്പത്തിന്റെ ദേവത ഏവരെയും ആവോളം അനുഗ്രഹിക്കുന്ന കാലമെന്നതാണ് ദിവാലിയുടെ മാര്‍ക്കറ്റിംഗ് മന്ത്രം.
ദിവാലിക്ക് മുന്‍പ് നവരാത്രിക്കാലം എത്തുമ്പോഴേ രാജ്യം ഒരു ഉല്‍സവാന്തരീക്ഷത്തിലേക്ക് കടക്കും. ആളുകള്‍ കൈവശമുള്ള പണം ചെലവാക്കി പുതിയതെന്തെങ്കിലും വാങ്ങുന്ന കാലമാണ് ദിവാലി സീസണ്. സ്വര്‍ണവും പാത്രങ്ങളും വീട്ടുസാധനങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും വസ്ത്രങ്ങളും വാഹനങ്ങളും മുതല്‍ ഓഹരി വിപണിയില്‍ നിന്ന് ഓഹരികള്‍ വരെ അക്കൂട്ടത്തില്‍ പെടും. ദിവാലിക്കാലത്ത് വാങ്ങുന്നതെല്ലാം ശുഭകരമാവും എന്ന ചിന്തയാണ് വ്യാപാരത്തിന്റെ ആണിക്കല്ല്. ദിവാലി ദിവസം ഓഹരി വിപണികള്‍ സംഘടിപ്പിക്കുന്നു മുഹൂര്‍ത്ത വ്യാപാരത്തില്‍ വന്‍തോതിലാണ് ഷെയറുകള്‍ ക്രയവിക്രയം ചെയ്യപ്പെടുന്നത്.
കമ്പനികളുടെയും കച്ചവടക്കാരുടെയും സര്‍ക്കാരിന്റെയുമെല്ലാം വരുമാനം വര്‍ധിക്കുന്ന, പണത്തിന്റെ ക്രയവിക്രയം ഏറ്റവുമധികം നടക്കുന്ന കാലമാണിത്. സകല മേഖലകളിലും ഒരു ഉണര്‍വ്, ഒരു അനക്കം ഇക്കാലത്തുണ്ടാവും. സമ്പദ് വ്യവസ്ഥ ആകെയൊന്നുഷാറാകും. സാമ്പത്തിക വര്‍ഷത്തിന്റെ ശേഷിക്കുന്ന മാസങ്ങളില്‍ വിപണിയുടെ വികാരത്തെ സ്വാധീനിക്കുകയും ചെയ്യുന്നു ദിവാലിക്കാലം.
ധന്തേരാസിലാരംഭിച്ച് അഞ്ചുദിവസമാണ് ദിവാലി ഉല്‍സവം നീണ്ടുനില്‍ക്കുന്നത്. ധന്തേരാസില് എന്തെങ്കിലും പുതിയ സാധനങ്ങള്‍ വാങ്ങിക്കണമെന്നത് സംസ്കാരത്തിന്റെ ഭാഗമായിത്തന്നെ ഉത്തരേന്ത്യക്കാര്‍ കാണുന്നു. സ്വര്‍ണവും വെള്ളിയുമാണ് ഏറ്റവുമധികം വാങ്ങപ്പെടുക ഇത്തവണ ധന്തേരാസ് പകുതി സമയം എത്തിയപ്പോള്‍ തന്നെ 27000 കോടി രൂപയുടെ സ്വര്‍ണവ്യാപാരമാണ് രാജ്യത്ത് നടന്നതെന്ന് വ്യാപാരി സംഘടനയായ കോണ്‍ഫെഡേഷന്‍ ഓഫ് ഓള് ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി) വ്യക്തമാക്കുന്നു.
3000 കോടി രൂപയുടെ വെള്ളി ആഭരണങ്ങളും ആളുകള്‍ വാങ്ങി. 41 ടണ്‍ സ്വര്‍ണവും 400 ടണ്‍ വെള്ളിയുമാണ് പുറത്തുവന്ന കണക്കുകളനുസരിച്ച് ഇന്ത്യക്കാര്‍ വാങ്ങിക്കൂട്ടിയത്. കഴിഞ്ഞ വര്‍ഷം ദിവാലിക്കാലത്തെ ബിസിനസ് 1.5 ലക്ഷം കോടി രൂപ കടന്നിരുന്നു. ഇത്തവണ 2 ലക്ഷം കോടി രൂപയ്ക്ക് മുകളിലുള്ള വ്യാപാരമാണ് വ്യാപാരികള്‍ പ്രതീക്ഷിക്കുന്നത്. ഇത്തവണ ആദ്യ ദിനം തന്നെ വ്യാപാരം 50000 കോടി രൂപയ്ക്ക് മുകളിലാണെന്ന് സിഎഐടി പറയുന്നു.
ദിവാലിക്ക് സമ്പദ് ഘടനയെ ഉണര്‍ത്താന്‍ മാത്രമല്ല നിരാശപ്പെടുത്താനുമാകും. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെയല്ലെന്ന് മാത്രം. ഇത്തവണ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ട് രംഗത്തിറങ്ങി വോക്കല്‍ ഫോര്‍ ലോക്കല്‍ അഥവാ ഇന്ത്യന്‍ നിര്‍മിത സാധനങ്ങള്‍ക്കായി വാദിക്കുകയാണ്. ഇത്തവണ ദിവാലി 140 കോടി ഇന്ത്യക്കാരുടെ കഠിനാധ്വാനത്തിന് സമര്‍പ്പിക്കാനാണ് അദ്ദേഹത്തിന്റെ ആഹ്വാനം. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ദിവാലിക്കാലത്ത് ഇന്ത്യന്‍ വിപണി കൈയടക്കുന്നത് തടയലാണ് ലക്ഷ്യം. ഫലം ഒരു ലക്ഷം കോടി രൂപയുടെ വ്യാപാര നഷ്ടമാണ് ചൈന ഇത്തവണ പ്രതീക്ഷിക്കുന്നത്.