ബ്രിക്സ് അഥവാ ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക രാഷ്ട്രങ്ങളുടെ സാമ്പത്തിക സഖ്യത്തിലേക്ക് 6 രാജ്യങ്ങളെ കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനമായി. സൗദി അറേബ്യ, ഇറാന്, എത്യോപ്യ, ഈജിപ്റ്റ്, അര്‍ജന്റീന, യുഎഇ എന്നീ രാജ്യങ്ങളെ ഗ്രൂപ്പില്‍ ചേരാന്‍ ബ്രിക്സ് രാജ്യങ്ങള്‍ ക്ഷണിച്ചു. 2024 ജനുവരി ഒന്നിനാകും ഈ രാഷ്ട്രങ്ങളെ കൂട്ടായ്മയുടെ ഭാഗമാക്കുക. വികസ്വര രാഷ്ട്രങ്ങളുടെ ഈ കൂട്ടായ്മയില്‍ അംഗത്വം നേടാന്‍ 40 രാഷ്ട്രങ്ങളാണ് താല്‍പ്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്.
22 രാഷ്ട്രങ്ങള്‍ ഔദ്യോഗികമായി അംഗത്വത്തിന് അപേക്ഷിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിലെ സാന്‍ഡണ്‍ കണ്‍വെന്‍ഷനില്‍ ചേരുന്ന ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂടുതല്‍ അംഗരാഷ്ട്രങ്ങളെ ഉള്‍ക്കൊള്ളിക്കാനുള്ള പരിപാടിയോട് അനുകൂലമായാണ് പ്രതികരിച്ചത്.
ബഹുധ്രുവ ലോകക്രമത്തില്‍ വിശ്വസിക്കാന്‍ നിരവധി രാഷ്ട്രങ്ങള്‍ക്ക് ബ്രിക്സ് വികസനം ആത്മവിശ്വാസം പകരുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഡോളറിന് പകരം പ്രാദേശിക കറന്‍സികളില്‍ ഉഭയകക്ഷി വ്യാപാരം നടത്തുന്നതും ബ്രിക്സിന്റെ സജീവ പരിഗണനയിലുള്ള വിഷയമാണ്.