2025 ഓടെ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയാകാനുള്ള തയാറെടുപ്പിലാണ് ഇന്ത്യ. 2022-23 സാമ്പത്തിക വര്‍ഷം 7.2 ശതമാനമെന്ന മികച്ച ജിഡിപി വളര്‍ച്ച കൈവരിക്കാനായത് ഈ ലക്ഷ്യം അധികം താമസിയാതെ പൂര്‍ത്തിയാക്കാനാവുമെന്ന ശുഭപ്രതീക്ഷ നല്കുന്നു. ഏറ്റവും പുതിയ വിവരമനുസരിച്ച് 3.17 ട്രില്യണ്‍ ഡോളറാണ് ഇന്ത്യയുടെ ജിഡിപി. 2030 ഓടെ 10 ട്രില്യണ്‍ ജിഡിപി വളര്‍ച്ചയും ഇന്ത്യ ലക്ഷ്യമിടുന്നുണ്ട്.
അമിതാഭ് കാന്ത് പറയുന്നു- ദക്ഷിണേന്ത്യയുടെ കരുത്ത് | |
---|---|
തമിഴ്നാട് : മാനുഫാക്ചറിംഗ് | |
തെലങ്കാന : ഫാര്‍മ മേഖല | |
കേരളം : ട്രാവല്‍ & ടൂറിസം | |
ആന്ധ്രപ്രദേശ് : മാനുഫാക്ചറിംഗ് & ഫാര്‍മ | |
കര്‍ണാടക: സേവന മേഖല |
ഇന്ത്യയുടെ കുതിപ്പിന് കര്‍ണാടകയും തമിഴ്നാടുമടക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഊര്‍ജം പകരുമെന്ന് നിതി ആയോഗ് സിഇഒയും ജി20 യിലെ ഇന്ത്യയുടെ ഷേര്‍പ്പയുമായ അമിതാഭ് കാന്ത് ചൂണ്ടിക്കാട്ടുന്നു. അടുത്ത രണ്ട് വര്‍ഷത്തിനിടെ തമിഴ്നാടും കര്‍ണാടകയും ഒരു ട്രില്യണ്‍ സമ്പദ് വ്യവസ്ഥയായി വളരുമെന്ന് അദ്ദേഹം പ്രവചിക്കുന്നു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ 30% ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ സംഭവനയാണെന്ന് കാന്ത് ചൂണ്ടിക്കാട്ടുന്നു.
ഈ ദശകം ഇന്ത്യയുടേതാണെന്ന് ഐഎംഎഫും ലോകബാങ്കും പ്രമുഖ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികളും ചൂണ്ടിക്കാട്ടുന്നു. ആഗോള സമ്പദ് വ്യവസ്ഥ ചുരുങ്ങുമ്പോഴും മികച്ച വളര്‍ച്ചയാണ് ഇന്ത്യ കൈവരിക്കുന്നത്. റഷ്യ-ഉക്രെയ്ന് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഉടലെടുത്ത ആഗോള സാമ്പത്തിക പ്രതിസന്ധി ഇന്ത്യയെ കാര്യമായി ബാധിച്ചിട്ടില്ല. മാത്രമല്ല റഷ്യയില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് ക്രൂഡ് ലഭിക്കുന്നത് അപ്രതീക്ഷിത നേട്ടമായിട്ടുണ്ടുതാനും.