ഭൗമ രാഷ്ട്രീയത്തിന്റെ സാധ്യതകള്‍ അതിവിശാലമാണ്. അതിന്റെ ഗതിവിഗതികള്‍ മനസിലാക്കാന്‍ പലപ്പോഴും പ്രയാസവുമാണ്. 2022 ല്‍ ഉക്രെയ്ന് യുദ്ധം ആരംഭിച്ചതിനു ശേഷം ഇന്ത്യ പതിയെ റഷ്യയുടെ രണ്ടാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരായി മാറി. ഡിസ്കൗണ്ട് റേറ്റില്‍ ക്രൂഡ് ഓയില്‍ ലഭിച്ചതോടെയാണ് ഇന്ത്യ റഷ്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് പ്രാധാന്യം കൊടുത്തത്. എന്നാല്‍ ഇതോടൊപ്പം മറ്റൊരു കാര്യം കൂടി സംഭവിച്ചു. ഉക്രെയ്ന്റെ ഏറ്റവും വലിയ ഡീസല്‍ വിതരണക്കാരായും ഇന്ത്യ മാറി.
ഉക്രെയ്നിന്റെ എണ്ണ വിപണി വിശകലന സ്ഥാപനമായ നാഫ്റ്റോറിനോക്കിന്റെ കണക്കനുസരിച്ച് 2025 ജൂലൈയില്‍ രാജ്യത്തിന്റെ മൊത്തം ഡീസല്‍ ഇറക്കുമതിയുടെ 15.5 ശതമാനം ഇന്ത്യയാണ് നല്‍കിയത്. ഇത് മറ്റേതൊരു രാജ്യത്തേക്കാളും കൂടുതലാണ്. പ്രതിദിനം ശരാശരി 2,700 ടണ്‍ ഡീസലാണ് ഇന്ത്യന്‍ കമ്പനികള്‍ ഉക്രെയ്ന് നല്‍കിയത്.
വ്യാപാര തന്ത്രം
2025 ജനുവരി മുതല്‍ ജൂലൈ വരെ ഉക്രെയ്നിന്റെ ഡീസല്‍ വിതരണത്തില്‍ ഇന്ത്യയുടെ പങ്ക് 10.2 ശതമാനമായി കുത്തനെ ഉയര്‍ന്നു. 2024 ലെ ഇതേ കാലയളവില്‍ ഇത് വെറും 1.9 ശതമാനമായിരുന്നു. അഞ്ചിരട്ടിയിലറെയാണ് വര്‍ധന. ഇതില്‍ നല്ലൊരു പങ്കും റഷ്യയില്‍ നിന്ന് വാങ്ങിയ ക്രൂഡ് ഓയില്‍ സംസ്കരിച്ചതാണെന്നാണ് വിലയിരുത്തല്‍. ഫലത്തില്‍ യുദ്ധത്തിന്റെ നടുക്കു നില്ക്കുന്ന രണ്ട് രാജ്യങ്ങള്‍ക്കിടയില്‍ അവര്‍ അറിയാതെ ഒരു ഇന്ധന വ്യാപാരം സാധ്യമാക്കിയിരിക്കുകയാണ് ഇന്ത്യ. ഇത്തരത്തിലൊരു വ്യാപാര തന്ത്രം ഏതെങ്കിലും രാജ്യം പയറ്റുന്നത് ചരിത്രത്തില്‍ തന്നെ അപൂര്‍വമാണ്.
റൊമാനിയയില്‍ നിന്ന് ഡാന്യൂബ് നദി വഴിയുള്ള ടാങ്കര്‍ ഷിപ്പ്മെന്റുകള്‍ വഴിയും തുര്‍ക്കിയിലെ ഒപെറ്റ് ടെര്‍മിനല്‍ വഴിയുമാണ് ഇന്ത്യയില്‍ നിന്നുള്ള ഇന്ധനത്തിന്റെ ഭൂരിഭാഗവും ഉക്രെയ്നിലെത്തിയത്. ജൂലൈയില്‍ സ്ലൊവാക്യ (15 ശതമാനം), ഗ്രീസ് (13.5 ശതമാനം), തുര്‍ക്കി (12.4 ശതമാനം), ലിത്വാനിയ (11.4 ശതമാനം) എന്നീ രാജ്യങ്ങളും ഉക്രെയ്ന് ഇന്ധനം നല്‍കിയെങ്കിലും ഇന്ത്യയെക്കാള്‍ പിന്നിലാണ് ഇവ.
പിണങ്ങാന്‍ ട്രംപിന് പല കാരണങ്ങള്‍
റഷ്യന്‍ എണ്ണ വാങ്ങുന്നെന്ന ആരോപണമുന്നയിച്ചാണ് ഇന്ത്യക്ക് മേല്‍ 25% പിഴച്ചുങ്കം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചുമത്തിയത്. ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ചത് താനാണെന്നുള്ള അവകാശവാദം ഇന്ത്യ അംഗീകരിക്കാത്തതും ഇത്തരത്തിലൊരു നിര്‍ണായക ഇടപെടല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തള്ളിയതുമാണ് ട്രംപിന്റെ പ്രശ്നമെന്നും റഷ്യയുമായുള്ള വ്യാപാരമല്ലെന്നും കഴിഞ്ഞ ദിവസം ആഗോള ധനകാര്യ സ്ഥാപനമായ ജെഫറീസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സമാധാന നൊബേല്‍ പുരസ്കാരത്തിലായിരുന്നു ട്രംപിന്റെ കണ്ണ്. അമേരിക്കക്ക് അനുകൂലമായതും ഇന്ത്യന്‍ കാര്‍ഷിക രംഗം തുറന്നുകൊടുക്കുന്നതുമായ ഒരു വ്യാപാര കരാറിനില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയതും ട്രംപിനെ ചൊടിപ്പിച്ചിട്ടുണ്ട്.
താരിഫുകളെ ‘അന്യായവും നീതീകരിക്കാനാവാത്തതും യുക്തിരഹിതവും’ എന്ന് വിശേഷിപ്പിച്ച ഇന്ത്യ യുഎസും യൂറോപ്പുമടക്കം ഉക്രെയ്നിന്റെ സഖ്യകക്ഷികള്‍ റഷ്യയുമായി വ്യാപാരം തുടരുന്നതിന്റെ ഇരട്ടത്താപ്പും ചൂണ്ടിക്കാട്ടി. ഇതിന് ട്രംപിന്റെ പക്കല്‍ മറുപടിയുണ്ടായിരുന്നില്ല. പരിശോധിക്കട്ടെ എന്നു പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞു. വാസ്തവത്തില്‍ ലോകത്തെ ഏറ്റവും വലിയ ഉല്‍പ്പാദക രാഷ്ട്രങ്ങളിലൊന്നായ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങി ശുദ്ധീകരിച്ച് വിപണിയിലെത്തിക്കുന്നതിലൂടെ ഒരു ആഗോള ഊര്‍ജ പ്രതിസന്ധിയും വിലക്കയറ്റവും ഒഴിവാക്കുകയാണ് ഇന്ത്യ ചെയ്തത്. റഷ്യയില്‍ നിന്ന് നേരിട്ട് എണ്ണ വാങ്ങാന്‍ മടിയുള്ള അവരുടെ പഴയ ഉപഭോക്താക്കളായ യൂറോപ്യന്‍ രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്ന് ഈ ഇന്ധനം വാങ്ങി. ഉക്രെയ്നിലെ ഇന്ധന പ്രതിസന്ധിയും ഇത്തരത്തില്‍ ഒഴിവാക്കിയത് ഇന്ത്യയാണ്.