ഇന്ത്യന്‍ കയറ്റുമതി ഉല്‍പ്പന്നങ്ങള്‍ക്ക് 25% പിഴച്ചുങ്കം അടക്കം 50 ശതമാനം തീരുവ ഏര്‍പ്പെടുത്താനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം നിലവില്‍ വന്നതിന് പിന്നാലെ അമേരിക്കന്‍ നേതൃത്വം മയപ്പെടുന്നെന്ന് സൂചന. അമേരിക്കയും ഇന്ത്യയും ഒടുവില്‍ പൊതുനില കണ്ടെത്തുമെന്നും വീണ്ടും ഒരുമിക്കുമെന്നും യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് പറഞ്ഞു.
കുത്തനെയുള്ള താരിഫ് വര്‍ദ്ധനവ് ഉണ്ടായിട്ടും, വ്യാപാര ബന്ധങ്ങള്‍ വിച്ഛേദിക്കാന്‍ അനുവദിക്കാനാവാത്ത സാഹചര്യത്തിലാണ് ഇരുപക്ഷവും എന്ന് ബെസെന്റ് പറഞ്ഞു. ‘ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്ന് ഞാന്‍ കരുതുന്നു, യുഎസ് ലോകത്തിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയാണ്. അവസാനം നമ്മള് ഒന്നിച്ചുചേരുമെന്ന് ഞാന്‍ കരുതുന്നു,’ അദ്ദേഹം പറഞ്ഞു.
എണ്ണയിലൊതുങ്ങുന്നതല്ല വിഷയം
ഇന്ത്യ, റഷ്യന്‍ എണ്ണ വാങ്ങുന്ന വിഷത്തില്‍ മാത്രം ഒതുങ്ങുന്നതല്ല വ്യാപാര സംഘര്‍ഷങ്ങളെന്നും അദ്ദേഹം പറഞ്ഞു. ‘ഇതൊരു സങ്കീര്‍ണ്ണമായ ബന്ധമാണ്. പ്രസിഡന്റ് ട്രംപും പ്രധാനമന്ത്രി മോദിയും ആ തലത്തില്‍ വളരെ നല്ല ബന്ധമാണ് പുലര്‍ത്തുന്നത്,’ ബെസെന്റ് പറഞ്ഞു. ഇന്ത്യയുമായുള്ള വ്യാപാര കരാര്‍ ചര്‍ച്ചകള്‍ ഏറെ നേരത്തെ തുടങ്ങിയതാണെന്നും മെയ് മാസത്തിലോ ജൂണിലോ കരാര്‍ യാഥാര്‍ഥ്യമാകുമെന്ന് താന്‍ കരുതിയെന്നും ബെസെന്റ് പറഞ്ഞു. എന്നാല്‍ ചര്‍ച്ചകളില്‍ നിന്നും ഇന്ത്യ പിന്മാറി. ഇന്ത്യ റഷ്യന്‍ ക്രൂഡ് വാങ്ങി ലാഭമുണ്ടാക്കിയെന്നും ഈ വിഷയങ്ങളെല്ലാം ഉയര്‍ന്ന താരിഫുകളിലേക്ക് നയിച്ചെന്നും ബെസെന്റ് പറഞ്ഞു.
ഇന്ത്യ-യുഎസ് വ്യാപാരത്തില്‍ യുഎസാണ് വ്യാപാര കമ്മിയിലുള്ളതെന്നും വ്യാപാര ബന്ധങ്ങളില്‍ ഭിന്നത ഉണ്ടാകുമ്പോള്‍, കമ്മിയുള്ള രാജ്യത്തിനാണ് മുന്‍തൂക്കമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇന്ത്യക്ക് വളരെ ഉയര്‍ന്ന താരിഫുകളാണെന്നും അദ്ദേഹം പറഞ്ഞു.
രൂപ ഭീഷണിയല്ല
ബ്രിക്സ് ബ്ലോക്കിനുള്ളില്‍ രൂപയില്‍ വ്യാപാരം ചെയ്യുമെന്ന് ഇന്ത്യ സൂചന നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ കറന്‍സിക്ക് ആഗോളതലത്തില്‍ കൂടുതല്‍ സ്വാധീനം ലഭിക്കാനുള്ള സാധ്യതയില്ലെന്ന് ബെസെന്റ് പറഞ്ഞു. യുഎസ് ഡോളറുമായി താരതമ്യപ്പെടുത്തുമ്പോള്‍ രൂപ എക്കാലത്തെയും താഴ്ന്ന നിലയിലാണെന്നും ബെസെന്റ് പറഞ്ഞു.
പ്രതിരോധം തീര്‍ത്ത് ഇന്ത്യ
ട്രംപ് ഉയര്‍ത്തിയ ഭീഷണിക്ക് മുന്നില്‍ കുലുങ്ങാതെ നില്‍ക്കുകയാണ് ഇന്ത്യ. കാര്‍ഷകരുടെയും ചെറുകിട സംരംഭകരുടെയും താല്‍പ്പര്യങ്ങള്‍ ബലികഴിച്ച് യുഎസുമായി ഒരു കരാറിനുമില്ലെന്ന് പ്രധാനമന്ത്രി മോദി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഏറ്റവും വില കുറച്ച് എവിടെ നിന്ന് എണ്ണ ലഭിക്കുന്നോ അവിടെ നിന്നുതന്നെ വാങ്ങുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭീഷണിക്ക് വഴങ്ങില്ലെന്ന ഇന്ത്യയുടെ നിലപാട് യുഎസിനെ കുറച്ചൊക്കെ അങ്കലാപ്പിലാക്കിയിട്ടുണ്ടെന്നതാണ് വാസ്തവം. അടുത്ത സുഹൃത്തായ ഇന്ത്യ നേരെ മറുചേരിയിലേക്ക് നീങ്ങുമോയെന്ന് ട്രംപ് ഭരണകൂടത്തിനുള്ളില്‍ തന്നെ ആശങ്കയുണ്ട്. ബെസെന്റിന്റെ വാക്കുകളഅ# ഇത് വ്യക്തമാക്കുന്നതാണ്. ഇന്ത്യ വേഗം സമ്മര്‍ദ്ദത്തിന് വഴങ്ങുമെന്നാണ് ട്രംപ് കണക്കുകൂട്ടിയിരുന്നത്. എന്നാല്‍ ഈ വിലയിരുത്തല്‍ പാളിപ്പോയി.
യുഎസിലേക്കുള്ള നാല് ലക്ഷം കോടി രൂപയുടെ കയറ്റുമതിയെയാണ് പ്രധാനമായും താരിഫുകള്‍ ബാധിക്കുക. അമേരിക്കയിലേക്കുള്ള ഇന്ത്യയടെ ആകെ കയറ്റുമതിയായ 7.54 ലക്ഷം കോടി രൂപയുടെ പാതിയിലേറെ വരുമിത്. ഗാര്‍മെന്റ്സ്, വജ്രം, ആഭരണങ്ങള്‍, ചെമ്മീന്‍, തുകല്‍, എന്നീ മേഖലകളിലാണ് കൂടുതല്‍ ആഘാതം. ഈ മേഖലകള്‍ക്ക് ആവശ്യമായാല്‍ കൂടുതല്‍ പിന്തുണ നല്‍കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. 25000 കോടി രൂപയുടെ കയറ്റുമതി പ്രോല്‍സാഹന പാക്കേജ് കേന്ദ്ര വാണിജ്യ മന്ത്രാലയം തയാറാക്കി വരികയാണ്. യൂറോപ്പ്, ആഫ്രിക്കന്‍ രാജ്യങ്ങളുമായി വ്യാപാര കരാറുകളിലേര്‍പ്പെട്ടും പ്രത്യേക സാമ്പത്തിക മേഖല (സെസ്) പദ്ധതികള്‍ കൊണ്ടുവന്നും തിരിച്ചടി തടയാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്.