നമ്മുടെ രാജ്യം എല്ലാ തരത്തിലും ലോകത്ത് ഒന്നാമതെത്തണമെന്നതാണ് ഇന്ത്യക്കാരെന്ന നിലയില്‍ നമ്മുടെയെല്ലാവരുടെയും ആഗ്രഹം. അല്ലേ? മികച്ച മുന്നേറ്റമാണ് രാജ്യം പല മേഖലകളിലും നടത്തുന്നത്. ഈ സ്വാതന്ത്ര്യ ദിനത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് നില്ക്കുന്ന ചില വ്യത്യസ്തമായ മേഖലകള്‍ നോക്കാം……
ലോകത്ത്ഏറ്റവും കൂടുതല്‍ വായനാശീലമുള്ളത് ഇന്ത്യക്കാര്‍ക്കാണ്. സര്‍വേ അനുസരിച്ച് എല്ലാ ആഴ്ചയും ഇന്ത്യക്കാര്‍ 10.7 മണിക്കൂര്‍ വായനക്കായി മാറ്റിവെക്കുന്നുണ്ട്. സ്മാര്‍ട്ട് ഫോണുകള്‍ വ്യാപകമായി മാറിയിരിക്കുന്ന ഈ കാലത്തും വായിച്ചു വളരുകയാണ് ഇന്ത്യ.
കൃഷിയില്‍ എക്കാലവും മുന്നില്‍ തന്നെയാണ് നമ്മള് ഇന്ത്യക്കാര്‍. മില്ലെറ്റുകള്‍, കോട്ടണ്‍, ചിക്ക് പീസ്, പയര്‍-പരിപ്പ് വര്‍ഗങ്ങള്‍, മാങ്ങ, പപ്പായ, കുരുമുളക്, ജീരകം, മഞ്ഞള്‍ തുടങ്ങിയവയുടെ ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാം സ്ഥാനത്താണ് നാം.
ഇ-മെയ്ലും മറ്റും ലോകം കീഴടക്കിയെങ്കിലും ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസിന്റെ പ്രാധാന്യം ഒട്ടും കുറഞ്ഞിട്ടില്ല. ഇന്ത്യയില്‍ ഇപ്പോഴും 1,54,919 പോസ്റ്റ് ഓഫീസുകളുണ്ട്. ലോകത്ത് ഒന്നാം സ്ഥാനം.
ഏഷ്യയിലെ ആദ്യത്തെ സ്റ്റോക്ക് എക്സ്ചേഞ്ചും ലോകത്തിലെ ഏറ്റവും വേഗതയുള്ള സ്റ്റോക്ക് എക്സ്ചേഞ്ചും ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചാണെന്നറിയാമോ? 6 മൈക്രോ സെക്കന്‍ഡാണ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ മീഡിയം ട്രോഡ് സ്പീഡ്. 137 കൊല്ലം പഴക്കമുള്ള ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ 5500 ത്തിലേറെ കമ്പനികളാണ് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്.
ഇന്ത്യയുടെ അഭിമാനമാണ് ഐഎസ്ആര്‍ഒ എന്ന ബഹിരാകാശ ഏജന്‍സി. ലോകത്ത്, ആദ്യത്തെ ഉദ്യമത്തില്‍ തന്നെ ചൊവ്വയിലെക്ക് വിജയകരമായി ഒരു പേടകം വിക്ഷേപിച്ചത് ഐഎസ്ആര്‍ഒയാണ്. അതെ, നമ്മുടെ സ്വന്തം മംഗള്യാന് തന്നെ.
മുന്നറിയിപ്പ് ലേബലുകള്‍ക്കായി ഇന്ത്യ നല്കുന്ന പ്രാധാന്യം എടുത്തുപറയേണ്ടതാണ്. എല്ലാ പുകയില ഉത്പന്നങ്ങളുടെയും കവറിന്റെ 85% സ്ഥലത്ത് മുന്നറിയിപ്പ് സന്ദേശം വേണമെന്നാണ് ഇന്ത്യയിലെ നിയമം. വാണിംഗ് ലേബലുകള്‍ക്ക് നല്കുന്ന സ്പേസിന്റെ കാര്യത്തില്‍ ലോകത്ത് ഒന്നാം സ്ഥാനത്തുണ്ട് ഇന്ത്യ..
ഇനി ഇന്ത്യ ഒന്നാമത് നില്ക്കുന്ന മറ്റൊരു മേഖലയാണ് സിനിമ. 103 വര്‍ഷത്തിന്റെ പഴക്കമുണ്ട് ഇന്ത്യന്‍ സിനിമാ ഇന്‍ഡസ്ട്രിക്ക്. 20 ഓളം ഭാഷകളില്‍ 1,600 സിനിമകളാണ് എല്ലാ വര്‍ഷവും ഇറങ്ങുന്നത്. ഹോളിവുഡ് പോലും ഒരു ചുവട് പിന്നിലെന്ന് സാരം.