അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഡെൻമാർക്ക് ഭരണകൂടവും ഗ്രീൻലാൻഡിലെ പ്രാദേശിക സർക്കാരും തമ്മിൽ ചരിത്രപരമായ ഒരു സുരക്ഷാ കരാറിൽ എത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങളായ റോയിട്ടേഴ്സ്, സി.എൻ.എൻ തുടങ്ങിയ പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ കരാർ പ്രകാരം ഗ്രീൻലാൻഡിന്റെ സുരക്ഷാ മേഖലയിൽ അമേരിക്കയ്ക്ക് ശാശ്വതമായ നിയന്ത്രണം ലഭിക്കുമെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. ആർട്ടിക് മേഖലയിലെ അമേരിക്കൻ പ്രതിരോധ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി ഗ്രീൻലാൻഡിൽ അമേരിക്കൻ സൈനിക സാന്നിധ്യം വിപുലീകരിക്കാൻ ഈ കരാർ വഴി തുറക്കുന്നു. വരും ആഴ്ചകളിൽ ന്യൂയോർക്കിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭ സമ്മേളനത്തിനിടയിൽ കരാറിൽ മൂന്ന് രാജ്യങ്ങളും ഔദ്യോഗികമായി ഒപ്പുവെക്കുമെന്നാണ് പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അമേരിക്കക്ക് അധികാരം കൂടും
ഈ പുതിയ സുരക്ഷാ ഉടമ്പടിയുടെ പ്രധാന ലക്ഷ്യം ആർട്ടിക് പ്രദേശത്ത് റഷ്യ, ചൈന തുടങ്ങിയ വിദേശ ശക്തികളുടെ സ്വാധീനം പൂർണ്ണമായും തടയുക എന്നതാണ്. കരാർ അനുസരിച്ച് അമേരിക്കയുടെ മുൻകൂട്ടിയുള്ള എഴുതിത്തയ്യാറാക്കിയ അനുമതിയില്ലാതെ ചൈനയ്ക്കോ റഷ്യയ്ക്കോ മറ്റ് ശത്രുരാജ്യങ്ങൾക്കോ ഗ്രീൻലാൻഡിൽ സൈനിക താവളങ്ങൾ നിർമ്മിക്കാനോ, സൈനികരെ നിർത്താനോ, പ്രയോജനപ്രദമായ സുപ്രധാന മേഖലകളിൽ തന്ത്രപ്രധാനമായ നിക്ഷേപങ്ങൾ നടത്താനോ കഴിയില്ല. നേരത്തെ തങ്ങൾക്കുണ്ടായിരുന്ന പിറ്റുഫിക് സ്പേസ് ബേസിന് പുറമെ, ദക്ഷിണ ഗ്രീൻലാൻഡിൽ കൂടുതൽ സൈനിക താവളങ്ങളോ പ്രതിരോധ സംവിധാനങ്ങളോ വികസിപ്പിക്കാനും പുതിയ വ്യവസ്ഥകൾ വഴി അമേരിക്കയ്ക്ക് അധികാരം ലഭിക്കുന്നു.
പരമാധികാരം ഡെന്മാർക്കിന് തന്നെ
മുൻപ് ഗ്രീൻലാൻഡ് വിലയ്ക്കു വാങ്ങാൻ ഡൊണാൾഡ് ട്രംപ് താല്പര്യം പ്രകടിപ്പിച്ചത് വലിയ നയതന്ത്ര തർക്കങ്ങൾക്ക് വഴിവെച്ചിരുന്നെങ്കിലും, പുതിയ കരാർ നിലവിൽ വന്നതോടെ ഗ്രീൻലാൻഡിന്റെ ഭൂമിശാസ്ത്രപരമായ പരമാധികാരം ഡെൻമാർക്കിൽ തന്നെ നിലനിൽക്കും. ഗ്രീൻലാൻഡിന്റെയും ഡെൻമാർക്കിന്റെയും പരമാധികാരവും ജനങ്ങളുടെ സ്വയം നിർണ്ണയാവകാശവും പൂർണ്ണമായും മാനിച്ചുകൊണ്ടാണ് ഈ ധാരണയിലെത്തിയതെന്ന് ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സണും ഗ്രീൻലാൻഡ് പ്രധാനമന്ത്രി ജെൻസ്-ഫ്രെഡറിക് നീൽസണും വ്യക്തമാക്കി. ഈ കരാർ നാറ്റോയുടെയും യൂറോപ്പിന്റെയും വടക്കൻ അത്ലാന്റിക് മേഖലയിലെ സുരക്ഷ വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അമേരിക്ക, ഡെൻമാർക്ക്, ഗ്രീൻലാൻഡ് എന്നിവർ തമ്മിൽ ഒപ്പുവെച്ച പുതിയ സുരക്ഷാ കരാർ ആർട്ടിക് മേഖലയിലെയും ആഗോള രാഷ്ട്രീയത്തിലെയും ശക്തിസമവാക്യങ്ങളെ കാര്യമായി സ്വാധീനിക്കുന്ന ഒന്നാണ്. ചൈന, റഷ്യ എന്നീ രാജ്യങ്ങളെയും ആഗോള രാഷ്ട്രീയത്തെയും ഇത് എങ്ങനെ ബാധിക്കുമെന്നു നോക്കാം.
ചൈനയ്ക്കുണ്ടാകുന്ന പ്രത്യാഘാതങ്ങൾ
വടക്കൻ ധ്രുവത്തിലൂടെയുള്ള മഞ്ഞുരുകുന്ന പുതിയ കപ്പൽ പാതകളെ ബന്ധിപ്പിച്ച് പോളാർ സിൽക്ക് റോഡ് വികസിപ്പിക്കാനുള്ള ചൈനയുടെ നീക്കങ്ങൾക്ക് ഈ കരാർ വലിയ തിരിച്ചടിയാണ്.ഗ്രീൻലാൻഡിലെ അപൂർവ്വ ധാതുക്കൾ , അടിസ്ഥാന സൗകര്യങ്ങൾ, തുറമുഖങ്ങൾ എന്നിവയിലെ ചൈനീസ് കമ്പനികളുടെ നിക്ഷേപങ്ങൾക്ക് കരാറിലെ പുതിയ നിബന്ധനകൾ വഴി പൂർണ്ണ വിലക്ക് വരും. ആർട്ടിക് പ്രദേശത്ത് തങ്ങളുടെ സങ്കേതങ്ങളോ ഗവേഷണ കേന്ദ്രങ്ങളോ നിർമ്മിച്ച് സൈനിക,തന്ത്രപ്രധാന സാന്നിധ്യം കൂട്ടാനുള്ള ചൈനയുടെ ശ്രമങ്ങളെ അമേരിക്ക വരും ദിവസങ്ങളിൽ പൂർണ്ണമായും തടയും.
റഷ്യയുടെ ആർട്ടിക് മേധാവിത്വത്തിന് വെല്ലുവിളി
ആർട്ടിക് മേഖലയിൽ വലിയ രീതിയിൽ സൈനിക താവളങ്ങളും മിസൈൽ പ്രതിരോധ സംവിധാനങ്ങളും നിർമ്മിച്ചിട്ടുള്ള റഷ്യയ്ക്ക്, തൊട്ടടുത്ത് അമേരിക്കൻ സൈനിക സാന്നിധ്യം വർദ്ധിക്കുന്നത് വലിയ സുരക്ഷാ ഭീഷണിയാകും. വടക്കൻ ധ്രുവ പ്രദേശത്ത് തങ്ങൾക്കുള്ള ആധിപത്യത്തെ അമേരിക്കൻ വ്യോമ-നാവിക താവളങ്ങൾ നേരിട്ട് ചോദ്യം ചെയ്യുന്ന സാഹചര്യം ഉണ്ടാകും. അമേരിക്കയുടെ ഗോൾഡൻ ഡോം പോലുള്ള ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനങ്ങളുടെയും റഡാറുകളുടെയും പ്രവർത്തനം ഗ്രീൻലാൻഡിൽ ശക്തമാക്കുന്നതോടെ റഷ്യയുടെ തന്ത്രപ്രധാന നീക്കങ്ങൾ അമേരിക്കയുടെ തത്സമയ നിരീക്ഷണത്തിലാകും.
കാലാവസ്ഥാ വ്യതിയാനം കാരണം മഞ്ഞുരുകി പുതിയ കടൽപ്പാതകളും ധാതുസമ്പത്തും തുറക്കപ്പെടുന്നതോടെ, ആർട്ടിക് പ്രദേശം വൻശക്തികൾ തമ്മിലുള്ള മത്സരത്തിന്റെ പ്രധാന കേന്ദ്രമായി മാറും.
ഗ്രീൻലാൻഡിന് മേൽ അമേരിക്കയ്ക്ക് സ്ഥിരമായ സുരക്ഷാ അവകാശം ലഭിച്ചതോടെ ആർട്ടിക് മേഖലയിലെ നാറ്റോയുടെ പ്രതിരോധ ശേഷി കൂടുതൽ ശക്തമാകും. വടക്കൻ ധ്രുവത്തിൽ അമേരിക്കയുടെ സ്വാധീനം പൂർണ്ണമായും ഉറപ്പിക്കപ്പെടുന്നത് തടയാൻ ചൈനയും റഷ്യയും തമ്മിലുള്ള സൈനിക-സാമ്പത്തിക സഹകരണം കൂടുതൽ ദൃഢമാകാൻ ഇത് കാരണമാകും.




