കൊറോണക്കാലത്തിന് മുന്‍പ് തുടങ്ങിയതാണ് ബോളിവുഡിന്റെ ശനിദശ. പടങ്ങള്‍ ഒന്നിനു പുറകെ ഒന്നായി തിയേറ്ററില്‍ പൊട്ടുന്നു. തരക്കേടില്ലാത്ത ചിത്രങ്ങള്‍ കാണാന്‍പോലും തിയേറ്റില്‍ ആളില്ല. ഇതിനിടെ ബോയ്കോട്ട് ബോളിവുഡ് പ്രചാരണം മൂലമുള്ള തിരിച്ചടി വേറെ. ഏതായാലും 2023 നെ ഏറെ പ്രതീക്ഷയോടെയാണ് ബോളിവുഡ് കാണുന്നത്.
ആദ്യ പാദം അത്ര മോശമായിട്ടുമില്ല. തിയേറ്ററിലേക്ക് പതിയെ ആളെത്താന്‍ തുടങ്ങിയിരിക്കുന്നു. 2023 ന്റെ തുടക്കത്തില്‍ തിയേറ്ററില്‍ ഹിറ്റായ ടോപ് ഫൈവ് സിനിമകളാണ് നമ്മള് പരിശോധിക്കുന്നത്. ഇതില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തിയ ഷാരൂഖ് ഖാന്റെ പത്താനും ദ കേരള സ്റ്റോറിക്കും വിവാദങ്ങളുടെ തുണ കരുത്ത് പകര്ന്നെന്നതാണ് വാസ്തവം.
2023 ആദ്യ പാദത്തിലെ ടോപ് 5 ബോളിവുഡ് ഹിറ്റുകള്‍ ഇവയാണ്…
മുന്നില്‍ കിംഗ് ഖാന്റെ പത്താന്
ദീപിക പദുക്കോണിന്റെ ബിക്കിനി മുതല്‍ വിവാദം കത്തിയ കിംഗ് ഖാന്റെ പത്താനാണ് കാശ് വാരിയ പടം. ഇന്ത്യയില്‍ നിന്ന് 600 കോടി രൂപയും വിദേശത്തു നിന്ന് 400 കോടിയും പത്താന് കൊയ്തെടുത്തു. ഹിന്ദി സിനിമയുടെ ചരിത്രത്തിലെ രണ്ടാമത്തെ വലിയ കളക്ഷന്‍ റെക്കോഡും പത്താന് എത്തിപ്പിടിച്ചു.
ആളെക്കൂട്ടി കേരള സ്റ്റോറി
ടീസറും ട്രെയ്ലറും പുറത്തു വന്നപ്പോള്‍ തുടങ്ങിയതാണ് കേരള സ്റ്റോറിയെ ചൊല്ലിയുള്ള വിവാദം. പിന്നീട് നിരോധനം, എതിര്‍പ്പ്, കോടതി. പടത്തിന്റെ പ്രൊമോഷന് പരമ്പരാഗത രീതികളൊന്നും നിര്‍മാതാവിന് ഉപയോഗിക്കേണ്ടി വന്നില്ല. മൂന്നാഴ്ച കഴിയുമ്പോള്‍ 200 കോടി ക്ലബ്ബില്‍ കയറി സര്‍വകാല ബ്ലോക്ക്ബസ്റ്റര്‍ ചാര്‍ട്ടില്‍ ഇടം നേടിയിരിക്കുകയാണ് കേരളത്തില്‍ നിന്നുള്ള ഐഎസ് റിക്രൂട്ടിംഗിന്റെ കഥ പറയുന്ന സിനിമ. 203 കോടി രൂപയാണ് ഇന്ത്യയില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത്.
രണ്‍ബീറിന്റെ ടിജെഎംഎം
ലവ് രഞ്ജന്‍ സംവിധാനം ചെയ്ത് രണ്‍ബീര്‍ കപൂറും ശ്രദ്ധ കപൂറും വേഷമിട്ട തൂ ഛൂട്ടീ മേം മക്കാന് (ടിജെഎംഎം) ആണ് 2013 ലെ മൂന്നാമത്തെ മികച്ച കളക്ഷന്‍ റെക്കോഡ് നേടിയ ചിത്രം. 149.05 കോടി രൂപയാണ് ചിത്രം ബോക്സ് ഓഫീസില്‍ നിന്ന് ഇതുവരെ നേടിയത്. ചിത്രം വളരെ വേഗം ഒടിടി പ്ലാറ്റ്ഫോമിലെത്തി.
സല്ലു ഭായിയുടെ കിസി കാ ഭായ് കിസി കാ ജാന്‍
സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സല്മാന് ഖാന് ചിത്രമായ ‘കിസി കാ ഭായ് കിസി കാ ജാന്‍’ തിയേറ്ററില്‍ ഫ്ളോപ്പായി. 300 കോടി രൂപ കളക്ഷനാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും 130 കോടി രൂപ മാത്രമാണ് നേടാനായത്.
അഞ്ചാമനായി അജയ് ദേവ്ഗണ്
ആക്ഷന്‍ ഹീറോ അജയ് ദേവ്ഗണ് സംവിധാനം ചെയ്ത് അഭിനയിച്ച ഭോല പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി. 2023 ലെ മൂന്നാമത്തെ മികച്ച ഓപ്പണറായ ചിത്രം 111.64 കോടി രൂപയുടെ കളക്ഷനാണ് നേടിയത്. ആക്ഷന്‍ സീക്വന്‍സുകളിലൂടെ പ്രേക്ഷകരെ കൈയിലെടുക്കാന്‍ ദേവ്ഗണിനായി.