ഓഡിയോ സ്ട്രീമിംഗ് ഭീമന് സ്പോട്ടിഫൈ, ഇന്ത്യയില്‍, സ്പോട്ടിഫൈ ഓഡിയന്‍സ് നെറ്റ്വര്‍ക്ക് ആരംഭിച്ചു. പോഡ്കാസ്റ്റ് മോണിറ്റൈസേഷന് അവസരം നല്‍കാനാണ് ഇന്ത്യയില്‍ ഓഡിയന്‍സ് നെറ്റ്വര്‍ക്ക് ആരംഭിച്ചത്.
ഓഡിയോ കേന്ദ്രീകൃതമായ അഡ്വര്‍ട്ടൈസിംഗ് പ്ലാറ്റ്ഫോം, ഇന്ത്യയിലെ ബ്രാന്റുകള്‍ക്കും ഒരുപാട് സാധ്യതകള്‍ നല്‍കുന്നുണ്ട്. ബ്രാന്റുകള്‍ക്ക് ഓഡിയന്‍സ് ടാര്‍ഗറ്റഡ് പോഡ്കാസ്റ്റ് അഡ്വര്ട്ടൈസിംഗിനുള്ള സാധ്യതയാണ് ഇതിലൂടെ തുറന്നു കൊടുക്കുന്നത്. ഇതിന് പുറമെ, ഇത്തരം വിപണികളിലെ പോഡ്കാസ്റ്റ് ക്രിയേറ്റര്‍മാര്‍ക്ക് അവരുടെ ശബ്ദ ഉള്ളടക്കത്തില്‍ നിന്ന് പണമുണ്ടാക്കാനുള്ള അവസരമാണ് നല്‍കുന്നത്.
2021 ലാണ് സ്പോട്ടിഫൈ ഓഡിയന്‍സ് നെറ്റ്വര്‍ക്ക് യു എസില്‍ തുടങ്ങിയത്. 12 ലധികം ആഗോള വിപണികളില്‍ സ്പോട്ടിഫൈ ഓഡിയന്‍സ് നെറ്റ്വര്‍ക്ക് ഇന്ന് ലഭ്യമാണ്. ഇന്ത്യക്ക് പുറമെ, സ്വീഡന്, ബ്രസീല്‍, മെക്സിക്കോ, ജപ്പാന് തുടങ്ങിയ 4 രാജ്യങ്ങളിലും സ്പോട്ടിഫൈ, ഓഡിയന്‍സ് നെറ്റ്വര്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട് ഇപ്പോള്‍.
മൂന്നാം പാദത്തില്‍ തങ്ങളുടെ ആഗോള അഡ്വര്‍ട്ടൈസിംഗ് വരുമാനത്തില്‍ 16 ശതമാനത്തിന്റെ വാര്‍ഷിക വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത് എന്നും പോഡ്കാസ്റ്റ് വ്യവസായം ഇന്ത്യയില്‍ നല്ല വളര്‍ച്ചയാണ് കാഴ്ചവെക്കുന്നതെന്നും കമ്പനി പറഞ്ഞു. ഇത് പ്രാദേശിക അഡ്വര്ട്ടൈസര്മാര്ക്കും പബ്ലിഷര്‍മാര്‍ക്കും ഉപകാരപ്രദമാക്കാനാണ് ശ്രമിക്കുന്നതെന്നും സ്പോട്ടിഫൈ ഇന്ത്യ ഹെഡ് ഓഫ് സേല്സ് അര്ജുന് കോലാടി പറഞ്ഞു. ഇന്ത്യയിലെ സബ്സ്ക്രിപ്ഷന് ബിസിനസ്സ് വളര്‍ത്തുന്നതിനുള്ള ശ്രമങ്ങളും സ്പോട്ടിഫൈ നടത്തുന്നുണ്ട്.