ചെലവ് ചുരുക്കണമെങ്കില്‍ ആദ്യം ആ ചെലവ് ആവശ്യമോ അനാവശ്യമോ എന്ന് മനസിലാക്കണം. വരുമാനം എത്ര വര്‍ധിച്ചാലും ചെലവ് ഒരു നിശ്ചിത പരിധിയില്‍ ഒതുങ്ങണം എന്നുറപ്പിക്കുക. ഇതില്‍ ഉല്‍പ്പാദനച്ചെലവ്, ശമ്പളം, ബോണസ് തുടങ്ങിയ എല്ലാ കാര്യങ്ങളും ഉള്‍പ്പെടുത്തണം. ചെലവ് ചുരുക്കല്‍ രണ്ട് രീതിയിലുണ്ട്. വളരെ പ്രകടമായ അമിതച്ചെലവുകള്‍ ഒഴിവാക്കിയും തുകയുടെ ഭൂരിഭാഗവും വിനിയോഗിക്കേണ്ടി വരുന്ന ചെലവുകള്‍ നിയന്ത്രിച്ചും ചെലവ് കുറയ്ക്കാം.
സ്ഥാപനം ചെറുതോ വലുതോ ആവട്ടെ, വിജയിക്കുന്നതിനായി ഒരു കട്ട് ഓഫ് പിരീഡ് നിര്‍ബന്ധമാണ്. അത് തുടക്കം മുതല്‍ക്ക് ഉറപ്പിക്കുക. കൃത്യമായ കാലങ്ങളില്‍ ബിസിനസിന്റെ വളര്‍ച്ചയുമായി ബന്ധപ്പെടുത്തിയ പഠനം നടത്തി അനിവാര്യമായ മാറ്റങ്ങള്‍ വരുത്തുക. ബിസിനസ് വളര്‍ച്ചയെ പിന്നോട്ട് വലിക്കുന്ന സന്ദര്‍ഭങ്ങളെ വിലയിരുത്തുക. തുടര്‍ന്നുള്ള വളര്‍ച്ചയ്ക്ക് ഇത്തരം സാഹചര്യങ്ങളെ എങ്ങനെ അതിജീവിക്കണം എന്നുറപ്പിക്കുക.
മള്‍ട്ടി ടാസ്കിംഗ് സ്കില്ലുള്ള തൊഴിലാളികളെയാണ് ഇന്ന് സ്ഥാപനങ്ങള്‍ ആഗ്രഹിക്കുന്നതും. സമയലാഭം, ശമ്പളലാഭം, ഇന്ധനലാഭം തുടങ്ങി നിരവധി നേട്ടങ്ങളാണ് ഇതുമൂലം ഉണ്ടാകുന്നത്. മാനുഫാക്ച്ചറിംഗ് സ്ഥാപനങ്ങളുടെ കാര്യമെടുത്താല്‍ ഒരേ സമയം ഒരു പാട് ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതും ലാഭകരമാണ്. പല ഉല്‍പ്പന്നങ്ങള്‍ ഒരേസമയം നിര്‍മിക്കുമ്പോള്‍ ആവറേജ് കോസ്റ്റില്‍ ചെലവുചുരുക്കല്‍ സാധ്യമാകുന്നു.
സ്ഥാപനത്തിനകത്ത് ഓര്‍ഡര്‍ നടപ്പിലാക്കാനുള്ള കാലതാമസം കുറയ്ക്കുക. ഇന്‍വോയ്സുകള്‍ വേഗത്തില്‍ നല്‍കുക. നിങ്ങളുടെ ബിസിനസ് കണ്‍സ്ട്രക്ഷന്‍ മേഖലയോ ഹോട്ടലോ ഏതുമാകട്ടെ ഓര്‍ഡറുകള്‍ കൃത്യമായി നടപ്പാക്കുന്നത് അമിതചെലവ് കുറയ്ക്കും.