സംരംഭകത്വ മികവിന് എന്നും ഉദാഹരണമായ ഇലോണ്‍ മസ്ക് നിരവധി കമ്പനികള്‍ സ്ഥാപിച്ചിട്ടുണ്ട്. സപേസ് എക്സിന്റെ സ്ഥാപകനും സിഇഒയുമാണ് മസ്ക്. കൂടാതെ, ടെസ്ലയും നേരത്തെ ട്വിറ്റര്‍ എന്നറിയപ്പെട്ടിരുന്ന എക്സ് പ്ലാറ്റ്ഫോമിും ഇപ്പോള്‍ മസ്ക്കിന് സ്വന്തമാണ്. എന്നാല്‍ ഇന്ത്യയിലെ ഇലോണ്‍ മസ്ക് എന്നറിയപ്പെടുന്ന ഒരു സംരംഭകനുണ്ട്. സുപം മഹേശ്വരി. ഗ്ലോബല്‍ ബീസ് ബ്രാന്റ്സ് ലിമിറ്റഡ്, എക്സ്പ്രസ്സ് ബീസ്, ഫസ്റ്റ് ക്രൈ തുടങ്ങിയ കമ്പനികളുടെ സഹസ്ഥാപകനാണ് മഹേശ്വരി.
ബ്രെയിന്വിസ ടെക്നോളജീസിന്റെ സഹസ്ഥാപകരാണ് സുപം മഹേശ്വരിയും അമിതാവ് സാഹയും. അതിന് ശേഷം മഹേശ്വരി ഫസ്റ്റ് ക്രൈ എന്ന സ്ഥാപനം തുടങ്ങി. ലോജിസ്റ്റിക്സ് സര്‍വീസസ് സ്റ്റാര്‍ട്ട് അപ്പായ എക്സ്പ്രസ്സ് ബീസിന്റെ സ്ഥാപകരില്‍ ഒരാളുമായിരുന്നു മഹേശ്വരി.
ഡല്‍ഹിയിലെ എപിജെ സ്കൂളില്‍ നിന്നാണ് അദ്ദേഹം വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഡല്‍ഹി കോളേജ് ഓഫ് എന്‍ജിനിയറിംഗില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനിയറിംഗില്‍ ബിരുദമെടുത്തതിന് ശേഷം ഐഐഎം അഹമ്മദാബാദില്‍ നിന്ന് പിജിഡിഎം കരസ്ഥമാക്കി.
2000 ത്തിലാണ് സുപം മഹേശ്വരിയും അമിതാവ് സാഹയും ചേര്‍ന്ന് ബ്രെയിന്വിസാ ടെക്നോളജീസ് സ്ഥാപിച്ചത്. പിന്നീട് അത് ഇന്ത്യയുടെ ഏറ്റവും വലിയ ഇ-ലേണിംഗ് കമ്പനികളില്‍ ഒന്നായി മാറി. 2007 ല്‍ യുഎസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇന്‍ഡികോം ഗ്ലോബല്‍ 25 മില്യണ്‍ ഡോളറിന് ബ്രെയിന്വിസാ ടെക്നോളജീസിനെ ഏറ്റെടുത്തു.
സുപം മഹേശ്വരിയുടെ സ്വന്തം കുഞ്ഞിന് ഉയര്‍ന്ന നിലവാരമുള്ള ബേബി കെയര്‍ ഉത്പന്നങ്ങള്‍ അന്വേഷിച്ചുള്ള യാത്രയ്ക്കൊടുവിലാണ് ഫസ്റ്റ് ക്രൈ എന്ന ബേബി കെയര്‍ സംരംഭം സ്ഥാപിതമായത്. കുട്ടികള്‍ക്കായുള്ള ഉത്പന്നങ്ങളില്‍ ഗുണമേന്മയുടെ കുറവുള്ളതായി അദ്ദേഹം നിരീക്ഷിച്ചു. അമിതാവ് സാഹയും സുപം മഹേശ്വരിയും ഒരുമിച്ച് 2010 ല്‍ ബ്രെയിന്‍ബീസ് സൊല്യൂഷന്‍സ് തുടങ്ങുകയായിരുന്നു. ഈ കമ്പനിയുടെ പതാകവാഹക ബ്രാന്‍ഡാണ് ഫസ്റ്റ് ക്രൈ. തുടക്കത്തില്‍ കമ്പനി ബേബി കെയര്‍ ഉത്പന്നങ്ങള്‍ ഓണ്‍ലൈനായി വില്‍ക്കുകയായിരുന്നു. പിന്നീട് രാജ്യത്തുടനീളം ഓഫ്ലൈന് സ്റ്റോറുകളും പ്രവര്‍ത്തനമാരംഭിച്ചു.
2022 സാമ്പത്തിക വര്‍ഷത്തില്‍ ഫസ്റ്റ് ക്രൈയുടെ പ്രവര്‍ത്തന വരുമാനം 2,400 കോടി രൂപക്ക് മുകളിലായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് നിലവിലെ സാമ്പത്തിക വര്‍ഷം വരുമാനം വര്‍ധിക്കുകയാണ് ചെയ്തിരിക്കുന്നത്. നിലവില്‍ 22,000 കോടി രൂപയാണ് ഫസ്റ്റ്ക്രൈയുടെ മൂല്യമായി കണക്കാക്കപ്പെടുന്നത്.
പൂനെയില്‍ താമസമാക്കിയ സുപം മഹേശ്വരിയുടെ ആസ്തി 1579 കോടി രൂപയാണ്.