ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന 2024 മാര്‍ച്ചില്‍, 1 ലക്ഷം കോടി രൂപയുടെ ഐഫോണുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാനുള്ള ഒരുക്കത്തിലാണ് ആപ്പിള്‍. ആദ്യത്തെ 7 മാസം ആപ്പിളിന് 60,000 കോടി രൂപയുടെ ഐഫോണുകള്‍ നിര്‍മിക്കാന്‍ സാധിച്ചിട്ടുണ്ട്.
ക്യുപര്ട്ടിനോ ആസ്ഥാനമായ ടെക് ഭീമന് ആപ്പിളിന് ഈ സാമ്പത്തിക വര്‍ഷം 1 ലക്ഷം കോടി രൂപയുടെ ഐഫോണുകള്‍ നിര്‍മ്മിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍, 2025 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ അതിന് കഴിയുമെന്നാണ് കരുതുന്നത്.

ഇന്ത്യയില്‍ നിര്‍മ്മിച്ച 70 ശതമാനം ഐഫോണുകള്‍ കയറ്റുമതി ചെയ്തു കഴിഞ്ഞു. ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെ ആപ്പിള്‍ കയറ്റിയയച്ചത് 40,000 കോടി രൂപയുടെ ഐഫോണുകള്‍ ആണ്.
2023 സാമ്പത്തിക വര്‍ഷത്തില്‍ ഐഫോണ്‍ കയറ്റുമതി 5 ബില്യണ്‍ ഡോളര്‍ കടന്നിരുന്നു. ഈ വര്‍ഷം ആദ്യത്തെ 7 മാസം കയറ്റുമതിയില്‍ ആപ്പിള്‍ 185 ശതമാനത്തിന്റെ വാര്‍ഷിക വളര്‍ച്ച കൈവരിച്ചു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെ ആപ്പിള്‍ കയറ്റുമതി ചെയ്തത് 14,000 കോടി രൂപയുടെ ഐഫോണുകള്‍ ആണ്.
ഇന്ത്യയില്‍ ആപ്പിള്‍ ഐഫോണുകള്‍ നിര്‍മ്മിക്കുന്നത് തായ്വാന് കമ്പനികളായ ഫോക്സ്കോണും, പെഗാട്രണും, ഇപ്പോള്‍ ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുളള വിസ്ട്രോണും ആണ്.